മുൻ മന്ത്രി ടി.പി. രാമകൃഷ്ണന് ഖത്തർ സംസ്കൃതി സ്വീകരണം നൽകി
text_fieldsദോഹ: ഹ്രസ്വസന്ദർശനാർഥം ദോഹയിൽ എത്തിയ പേരാമ്പ്ര എം.എൽ.എയും മുൻ മന്ത്രിയുമായ ടി.പി. രാമകൃഷ്ണന് സംസ്കൃതി സ്വീകരണം നൽകി. ഐ.സി.സി അശോക ഹാളിൽ നടന്ന പരിപാടിയിൽ കേരളസർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളും മുന്നോട്ടുള്ള വികസന കാഴ്ചപ്പാടുകളും അദ്ദേഹം വിശദീകരിച്ചു.
പ്രവാസികൾ കേരളത്തിന് നൽകുന്ന പിന്തുണ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കാനുതകുന്നതരത്തിൽ ചെറുകിട തൊഴിലവസരങ്ങൾ വർധിപ്പിക്കാനുള്ള ശ്രമം സംസ്ഥാന സർക്കാർ ഊർജിതമാക്കി. തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസം ശക്തിപ്പെടുത്താൻ കേരളം നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു.
കേന്ദ്ര ഗവൺമെന്റ് സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കുമ്പോഴും വികസന, ജനക്ഷേമ പദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുകയാണ്. പൊതുമേഖലയെ തകർക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. എന്നാൽ, കേന്ദ്ര ഗവൺമെന്റ് വിൽക്കാൻ വെച്ച പൊതുമേഖലാ സ്ഥാപനങ്ങൾ ഏറ്റെടുത്ത് ലാഭത്തിലാക്കിയ ചരിത്രമാണ് കേരളത്തിന്. അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു വെള്ളൂർ പേപ്പർ മിൽ എന്നും മുൻ മന്ത്രി പറഞ്ഞു.
രാജ്യത്താകമാനം മതനിരപേക്ഷത വലിയ ഭീഷണി നേരിടുന്നുണ്ട്. ആരാധനാലയത്തിനോട് എല്ലാവരും ആദരവ് കാണിക്കേണ്ടതാണ്. നിരവധി ആരാധനാലയങ്ങളിൽ അവകാശത്തർക്കം ഉയരുന്നത് രാജ്യത്തെ വിവിധ സമൂഹങ്ങൾ തമ്മിലുള്ള സാഹോദര്യബന്ധത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി അധ്യക്ഷനായി. ജനറൽ സെക്രട്ടറി എ.കെ. ജലീൽ സ്വാഗതവും മുൻ ജനറൽ സെക്രട്ടറി ഇ.എം. സുധീർ ആശംസയും നേർന്നു. മാർച്ച് 17ന് നടക്കുന്ന സംസ്കൃതി കായികദിനത്തിന്റെ ജേഴ്സി പ്രകാശനം ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. സംസ്കൃതിയുടെ 11 യൂനിറ്റുകളുടെയും പ്രതിനിധികൾ ജേഴ്സി ഏറ്റുവാങ്ങി. സംസ്കൃതി സെക്രട്ടറി സുഹാസ് പാറക്കണ്ടി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.