ഫലസ്തീൻ പ്രശ്നം പരിഹരിക്കുന്നതുവരെ ഇസ്രായേലുമായി ബന്ധമില്ലെന്ന് ഖത്തർ
text_fieldsദോഹ: ഫലസ്തീനുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ ഇസ്രായേലുമായി ബന്ധമില്ലെന്ന് ഖത്തർ. ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന അയൽരാജ്യങ്ങളുമായി ഖത്തർ ചേരില്ലെന്നും വിദേശകാര്യസഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ പറഞ്ഞു. ബ്ലൂംബർഗ് ന്യൂസുമായി സംസാരിക്കുകയായിരുന്നു അവർ.
കാര്യങ്ങൾ സാധാരണ നിലയിൽ ആവുക എന്നതല്ല ഫലസ്തീൻ പ്രശ്നപരിഹാരം. ഫലസ്തീനികൾ നിലവിൽ ഏറ്റവും മോശമായ സാഹചര്യത്തിലാണ് കഴിയുന്നത്. രാജ്യമില്ലാത്ത ജനങ്ങൾ ആണവർ. അവർ ജീവിക്കുന്നത് അധിനിവേശത്തിന് കീഴിലാണെന്നും ഇക്കാര്യങ്ങളെല്ലാം പരിഹരിക്കപ്പെടണമെന്നും അവർ പറഞ്ഞു.
ഖത്തറിനെതിരെ മൂന്നുവർഷമായി തുടരുന്ന ഉപരോധം അവസാനിക്കുന്നതിനുള്ള വഴികൾ ഉടൻ ഉണ്ടാകുമെന്നും അവർ പറഞ്ഞു. സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങളുടെ നയതന്ത്ര- വാണിജ്യ ഉപരോധത്തിന്‍റെ ഇരയാണ് കഴിഞ്ഞ മൂന്ന് വർഷമായി ഖത്തർ.
ഗൾഫ് മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള ഈ വിടവ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഭരണകൂടത്തെ നിരാശപ്പെടുത്തുകയാണ്. ഇതിനാൽ യു.എസ് മുൻകൈയിൽ രണ്ടുമാസം മുമ്പ് പുതിയ പ്രശ്നപരിഹാരചർച്ചകൾ പുരോഗമിക്കുന്നുണ്ട്. കുവൈത്തിന്‍റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങൾ അന്തിമമായ ഫലത്തിൽ എത്തിയിട്ടില്ല.
മാസങ്ങളായി ദൂതൻമാർ ഇതിനായി ഉപരോധരാജ്യങ്ങൾ സന്ദർശിക്കുകയും മടങ്ങുകയും ചെയ്തുവരികയാണ്. നിർണായകമായ ചില മുന്നേറ്റം ഇക്കാര്യത്തിൽ സംഭവിക്കാം. വരും ആഴ്ചകളിൽ പുതിയ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിഞ്ഞേക്കുമെന്നും മന്ത്രി പറഞ്ഞു.
മറ്റ് രാജ്യങ്ങൾ മുന്നോട്ടുവച്ച 1 ഇന നിബന്ധനകൾക്കപ്പുറത്തേക്ക് പ്രശ്നപരിഹാരചർച്ചകൾ മുന്നോട്ടുപോയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഇതല്ലായിരുന്നു സ്ഥിതി. ഉപാധിരഹിതമായ കൂടിയാലോചനകളിലും ചർച്ചകളിലുമാണ് ഖത്തറിന് താൽപര്യം. ചർച്ചകളിൽ എല്ലാ കക്ഷികളെയും ഉൾപ്പെടുത്തേണ്ട ആവശ്യവുമില്ല. അതേസമയം ഏത് രാജ്യവുമായാണ് ഖത്തർ ചർച്ചകൾ നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കിയില്ല. എന്നാൽ ഖത്തർ കരഅതിർത്തി പങ്കിടുന്ന ഏകരാജ്യമായ സൗദി അറേബ്യയുമായാണ് ചർച്ചകൾ നടത്തുന്നത് എന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.