ഗസ്സ: മധ്യസ്ഥ ചർച്ചകളിൽ പ്രതിബന്ധങ്ങളെന്ന് ഖത്തർ
text_fieldsദോഹ: ഗസ്സയിലെ സമാധാന ശ്രമങ്ങളിൽ പ്രതിബന്ധങ്ങളെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി. പ്രശ്നപരിഹാരത്തിനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണ്. മേഖലയൊന്നാകെ കലുഷിതമായ സാഹചര്യത്തില്‍ സമവായ നീക്കങ്ങൾ അതിസൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിഷയമായി മാറിയിരിക്കുന്നു. ഗസ്സയിലെ പ്രശ്നം മേഖലയൊന്നാകെ പടരുമെന്ന് ഖത്തര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയതാണെന്നും ദോഹ സന്ദർശിക്കുന്ന റുമാനിയൻ പ്രധാനമന്ത്രി മാഴ്സൽ സിലാകുവിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി പറഞ്ഞു. ഒക്ടോബർ ഏഴിന് ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെ, വിഷയത്തിൽ ഇടപെടുകയും വെടിനിർത്തലും ബന്ദി മോചനവും സാധ്യമാക്കുന്നതിനുമായി മധ്യസ്ഥ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്നതുമായ രാജ്യമാണ് ഖത്തർ.
യുദ്ധം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, സാധാരണക്കാരെ കൊന്നൊടുക്കുന്നതും മാനുഷിക സഹായവും അടിസ്ഥാന ആവശ്യങ്ങളും നിഷേധിച്ച് പട്ടിണിക്കിട്ട് കൊലപ്പെടുത്തുന്നതും അപലപനീയമാണെന്നും വ്യക്തമാക്കി. ദോഹയിലും ഈജിപ്ത് തലസ്ഥാനമായ കെയ്റോയിലും ചര്‍ച്ചകള്‍ നടന്നെങ്കിലും അനുരഞ്ജനത്തിന്റെ സാധ്യതകളൊന്നും തെളിഞ്ഞിട്ടില്ല.
നിലവിലെ പ്രതിബന്ധങ്ങൾ മറികടക്കാനും മധ്യസ്ഥശ്രമങ്ങളും വെടിനിർത്തലും സാധ്യമാക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്. അന്താരാഷ്ട്ര സമൂഹം വിഷയത്തിൽ കൂടുതൽ ഉത്തരവാദിത്തം പ്രകടിപ്പിക്കണം. യുദ്ധം അവസാനിപ്പിക്കാനും മാനുഷിക സഹായങ്ങളെ രാഷ്ട്രീയ ആയുധമാക്കി ഫലസ്തീനികളെ ദുരിതത്തിലാഴ്ത്തുന്നതും തടയണം -അദ്ദേഹം വ്യക്തമാക്കി. സംഘർഷങ്ങളിലും മറ്റും അന്താരാഷ്ട്ര സമൂഹത്തിന്റെ ഭിന്നനിലപാടുകളെയും അദ്ദേഹം വിമർശിച്ചു. ചില രാജ്യങ്ങൾ സംഘർഷങ്ങളെ വ്യത്യസ്തമായ വീക്ഷണങ്ങളിലാണ് വിലയിരുത്തുന്നത്. അക്രമിയെയും ഇരയെയും നോക്കി, വിഷയങ്ങളിൽ നിലപാട് സ്വീകരിക്കുന്നത് അപലപനീയമാണെന്നും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഫലസ്തീൻ വിഷയത്തിൽ സംഘർഷങ്ങൾ അവസാനിപ്പിച്ച്, ശാശ്വത പരിഹാരത്തിന് ദിരാഷ്ട്രമെന്ന പരിഹാരമാണ് ആവശ്യമെന്നും ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.