സർക്കാർ സ്കൂൾ പ്രവേശന രജിസ്ട്രേഷൻ ഞായറാഴ്ച മുതൽ
text_fieldsദോഹ: രാജ്യത്തെ സർക്കാർ സ്കൂളുകളിലെ പുതു അധ്യയന വർഷത്തേക്കുള്ള വിദ്യാർഥികളുടെ രജിസ്ട്രേഷനും ട്രാൻസ്ഫറും ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ പൊതുസേവന പോർട്ടൽ വഴി നടക്കുന്ന നടപടികൾ ജൂൺ ഒമ്പതുവരെ നീണ്ടുനിൽക്കും. ഇപ്പോൾ അവസാനിക്കുന്ന 2021-22 അധ്യയന വർഷത്തിൽ 1,29,248 വിദ്യാർഥികളാണ് പൊതു സ്കൂളുകളിൽ പഠിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്കൂൾ വിഭാഗം ഡയറക്ടർ അലി ജാസിം അൽ കുവാരി പറഞ്ഞു.
14,766 വിദ്യാർഥികളാണ് അക്കാദമിക വർഷത്തിൽ പുതുതായി പ്രവേശനം നേടിയത്. മുൻവർഷത്തേക്കാൾ 2.63 ശതമാനം വർധനയാണിത്. സ്വകാര്യമേഖലയിൽനിന്ന് 5833 വിദ്യാർഥികൾ സർക്കാർ സ്കൂളുകളിലേക്ക് മാറിയതായും അദ്ദേഹം വിശദീകരിച്ചു.
എല്ലാ സര്‍ക്കാര്‍ സ്കൂളുകള്‍ക്കും കിൻഡര്‍ഗാര്‍ട്ടനുകള്‍ക്കും അടുത്തയാഴ്ച മുതല്‍ രജിസ്ട്രേഷന് തുടങ്ങാനുള്ള സര്‍ക്കുലര്‍ മന്ത്രാലയം പുറപ്പെടുവിച്ചു. ആദ്യത്തെ രജിസ്ട്രേഷന് നടപടികൾ ഓണലൈൻ വഴിയായിരിക്കും. ഇത് പൂർത്തിയാക്കിയശേഷം, രക്ഷിതാക്കൾക്ക് എസ്.എം.എസ് വഴി വിവരം അറിയിക്കും.
രണ്ടു ഘട്ടങ്ങളിലായാണ് ആദ്യ രജിസ്ട്രേഷൻ പ്രക്രിയ ക്രമീകരിച്ചത്. ഏപ്രിൽ 24 മുതൽ ജൂൺ ഒമ്പതുവരെ ഖത്തരി പൗരന്മാരുടെ കുട്ടികൾക്കും ജി.സി.സി പൗരന്മാരുടെ കുട്ടികൾക്കുമായിരിക്കും രജിസ്ട്രേഷന് അവസരം. മേയ് 15 മുതൽ 26വരെയുള്ള രണ്ടാം ഘട്ടത്തിലാണ് മറ്റ് രാജ്യക്കാരായ പ്രവസികളുടെ മക്കൾക്ക് പ്രവേശനം നേടാനുള്ള സമയം.
2013ലെ സ്കൂൾ പ്രവേശനം സംബന്ധിച്ച നിയമപ്രകാരം ഖത്തരി പൗരന്മാരുടെ മക്കൾ, ജി.സി.സി പൗരന്മാരുടെ മക്കൾ, സർക്കാർ സർവിസിലും ഏജൻസികളിലും സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന വിദേശികളുടെ മക്കൾ എന്നിവർക്കാണ് പൊതു സ്കൂളുകളിൽ പ്രവേശനം അനുവദിക്കുന്നത്. സ്വകാര്യ ചാരിറ്റബിൾ അസോസിയേഷനിലും സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന വിദേശികളുടെ മക്കൾക്കും പ്രവേശനം നൽകും.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പൊതുസേവന പോർട്ടലായ https://eduservices.edu.gov.qa വഴി രക്ഷിതാക്കൾക്ക് കുട്ടികളുടെ പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാം.
പുതിയ രജിസ്ട്രേഷനും സ്വകാര്യ സ്കൂളിൽനിന്നുള്ള ട്രാൻസ്ഫറിനുമായി വെബ്സൈറ്റിലെ 'ഇലക്ട്രോണിക് രജിസ്ട്രേഷൻ ഇൻ പബ്ലിക് സ്കൂൾ' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് നടപടികൾ ആരംഭിക്കാം. നിലവിലെ സർക്കാർ സ്കൂളിൽനിന്നും മറ്റൊരും സർക്കാർ സ്കൂളുകളിലേക്കും ട്രാൻസ്ഫറിന് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.