ഖത്തറിലെ സർക്കാർ, സ്വകാര്യ സ്കൂളുകൾ തുറക്കുക മൂന്ന് ഘട്ടങ്ങളിലായി
text_fieldsദോഹ: 2020-21 അധ്യായന വർഷത്തിലേക്ക് രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബർ ഒന്നിന് തുറന്നുപ്രവർത്തക്കും. മൂന്ന് ഘട്ടങ്ങളിലായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുകയെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
ഒന്നാം ഘട്ടം: സ്കൂളുകൾ തുറക്കുന്ന ദിവസമായ സെപ്തംബർ 1 മുതൽ 3 വരെ സ്കൂളുകളിലെത്തുന്ന വിദ്യാർഥികളുടെ എണ്ണം മൂന്നിലൊന്ന് ആയിരിക്കണം. ഇത് സംബന്ധിച്ച് എജ്യുക്കേഷണൽ അഫേഴ്സ് ആൻഡ് സ്പെഷ്യൽ എജ്യുക്കേഷൻ വകുപ്പ് രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും കിൻറർഗാർട്ടനുകൾക്കും മാർഗനിർദേശം അയച്ചിട്ടുണ്ട്. സ്കൂളുകളിലെത്തുന്ന വിദ്യാർഥികളുടെ എണ്ണം എങ്ങനെ നിയന്ത്രിക്കാം എന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് അയച്ചിരിക്കുന്നത്.
രണ്ടാം ഘട്ടം: സെപ്റ്റംബർ 6 മുതൽ 17 വരെയുള്ള രണ്ടാഴ്ച കാലയളവിൽ സ്കൂളുകളിലെയും കിൻറർഗാർട്ടനുകളിലെയും വിദ്യാർഥികളുടെ എണ്ണം 50 ശതമാനത്തിൽ അധികമാകരുത്. ഈ കാലയളവിൽ ആദ്യത്തെ ആഴ്ച 50 ശതമാനം വിദ്യാർഥികളും രണ്ടാമത്തെ ആഴ്ച ബാക്കി വരുന്ന 50 ശതമാനം വിദ്യാർഥികളുമാണ് സ്കൂളുകളിലെത്തേണ്ടത്. സ് കൂളുകളിലെത്താൻ കഴിയാത്ത വിദ്യാർഥികൾക്ക് ഒാൺലൈൻ ക്ലാസ് ലഭ്യമാക്കും.
മൂന്നാം ഘട്ടം: സെപ്റ്റംബർ 20 മുതൽ സർക്കാർ, സ്വകാര്യ സ്കൂളുകളിലും കിൻറർഗാർട്ടനുകളിലും മുഴുവൻ വിദ്യാർഥികളും എത്തുന്ന ഘട്ടമാണിത്. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ആരോഗ്യ സുരക്ഷാ വകുപ്പിെൻറയും പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറയും നിർദേശങ്ങൾക്ക് അനുസൃതമായി എല്ലാ സുരക്ഷാ മുൻകരുതൽ നടപടികളും സ്വീകരിച്ചായിരിക്കണം വിദ്യാർഥികൾ സ്കൂളുകളിലെത്തേണ്ടത്.
വിദ്യാർഥികൾക്കിടയിലും രക്ഷിതാക്കൾ, അധ്യാപക, അഡ്മിൻ ജീവനക്കാർക്കിടയിലും നിലവിലെ സാഹചര്യം സംബന്ധിച്ച് ബോധവൽകരണം ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയത്തിലെ വിദ്യാഭ്യാസകാര്യ അസി. അണ്ടർ സെക്രട്ടറി ഫൗസിയ അൽ ഖാതിർ പറഞ്ഞു. വിദ്യാഭ്യാസ പ്രക്രിയകൾക്ക് തടസ്സം സൃഷ്ടിക്കാതെ വിദ്യാർഥികൾക്കും ജീവനക്കാർക്കും ഇടയിൽ സാമൂഹിക അകലം പാലിക്കുക, ആരോഗ്യ സുരക്ഷ ഉറപ്പാക്കുക എന്നിവ സംബന്ധിച്ചും ബോധവൽകരണം നടത്തുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.