7 മണിക്കൂർ; ഖത്തറിൽനിന്ന് ഗസ്സയിലേക്ക് ഒഴുകിയെത്തിയത് സ്നേഹകോടികൾ
text_fieldsദോഹ: ഔദ്യോഗിക ആഘോഷങ്ങളെല്ലാം മാറ്റിവെച്ച ദേശീയ ദിനത്തിൽ ഫലസ്തീനിലേക്ക് കോടികൾകൊണ്ട് കരുതലൊരുക്കി ഖത്തരി സമൂഹം. ‘ഫലസ്തീൻ ഡ്യൂട്ടി’ എന്നപേരിൽ സംഘടിപ്പിച്ച ചാരിറ്റി ഡ്രൈവിൽ ഏഴു മണിക്കൂറുകൊണ്ട് സമാഹരിച്ചത് 20 കോടി റിയാൽ (450 കോടി രൂപയിലേറെ). അതിൽ 10 കോടി റിയാൽ സംഭാവന നൽകി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഫലസ്തീനിനോടുള്ള കരുതൽ കൂടുതൽ ഹൃദ്യമാക്കി.
ദേശീയ ദിനമായ തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണി മുതൽ ഖത്തർ ടെലിവിഷൻ വഴി നടന്ന ഓൺലൈൻ ചാരിറ്റി ഡ്രൈവ് രാത്രി 12 മണിക്ക് സമാപിക്കുമ്പോൾ രാജ്യത്തിന്റെ നാനാദിക്കിൽനിന്നായി സ്വദേശികളും താമസക്കാരും ഉൾപ്പെടെയുള്ളവരുടെ സഹായപ്രവാഹമായി മാറി.
12 മണിക്ക് അവസാനിക്കുമ്പോൾ ഖത്തർ ടി.വി സ്ക്രീനിൽ തെളിഞ്ഞത് 200,048,750 റിയാൽ തുക. അമീറിന്റെ സംഭാവനക്കു പുറമെ ഖത്തർ ഇസ്ലാമിക് ബാങ്ക് 15 ലക്ഷം റിയാൽ, ബർവ റിയൽ എസ്റ്റേറ്റ് 10 ലക്ഷം റിയാൽ, മൊബൈൽ പ്രൊവൈഡറായ ഉരീദു 10ലക്ഷം റിയാൽ എന്നിങ്ങനെ സംഭാവന ചെയ്തു.
റെഗുലേറ്ററി അതോറിറ്റി ഫോർ ചാരിറ്റബ്ൾ ആക്ടിവിറ്റീസിന്റെ (ആർ.എ.സി.എ) നേതൃത്വത്തിലായിരുന്നു ഖത്തർ ടി.വി, ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസൻറ്, ഖത്തർ മീഡിയ കോർപറേഷൻ എന്നിവയുമായി സഹകരിച്ച് ‘ഫലസ്തീൻ ഡ്യൂട്ടി’ ചാരിറ്റി ഡ്രൈവ് സംഘടിപ്പിച്ചത്.
പൊതുജനങ്ങൾ, വ്യാപാര പ്രമുഖർ, പ്രമുഖ കമ്പനികൾ, സാധാരണക്കാർ, വിദ്യാർഥികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ കോണുകളിലുള്ളവർക്ക് പങ്കാളിത്തം വഹിക്കാവുന്ന നിലയിലായിരുന്നു ഡ്രൈവ് സംഘടിപ്പിച്ചത്. മുതിർന്നവർക്കുപുറമെ, കുട്ടികളും തങ്ങളുടെ സമ്പാദ്യം സമ്മാനിച്ചും മഹനീയ ദൗത്യത്തിൽ ഭാഗമായി. മുഹമ്മദ് അൽ കുവാരിയെന്ന വിദ്യാർഥിയാണ് 11,000 റിയാൽ നൽകി ആദ്യ ഭാഗമായ കുട്ടി.
ടി.വി ലൈവ് വഴിയും ഓൺലൈൻ വഴിയുമുള്ള ധനശേഖരണത്തിനു പുറമെ, കതാറ കൾചറൽ വില്ലേജ്, സൂഖ് വാഖിഫ്, ദർബ് അൽ സാഇ എന്നിവിടങ്ങളിൽ സംഭാവന സ്വീകരിക്കാനുള്ള കലക്ഷൻ പോയൻറുകൾ സ്ഥാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ അറബ് ഇതര ജനങ്ങളും കാര്യമായ പങ്കാളിത്തം വഹിച്ചതായി അധികൃതർ അറിയിച്ചു.
ഗസ്സയിലെ സഹോദരങ്ങൾക്ക് വസ്ത്രങ്ങൾ, വെള്ളം, ഭക്ഷ്യ വസ്തുക്കൾ, കമ്പിളി ഉൾപ്പെടെ അവശ്യ സാധനങ്ങളുമായി നിരവധി പേരെത്തി. 20,000 റിയാൽ സംഭാവനയോടെയായിരുന്നു അഞ്ചു മണിക്ക് ഖത്തർ ടി.വിയിൽ ഡ്രൈവിന് തുടക്കം കുറിച്ചത്. ഒരു മണിക്കൂറിൽ 28.64 ലക്ഷം റിയാലിലെത്തി.
രണ്ടാം മണിക്കൂറിൽ ഇത് 1.07 കോടി റിയാലായി. മൂന്നാം മണിക്കൂറിൽ 12 കോടി റിയാലിലേക്ക് ഉയർന്നു. പിന്നെ ഓരോ മണിക്കൂറിലും ഉയർന്ന തുക രാത്രി പത്ത് മണിയോടെ 13.77 കോടി റിയാലിലേക്കും 11 മണിയോടെ 15.38 കോടി റിയാലിലേക്കും ഉയർന്നു. രാത്രി 12 മണിക്ക് 20 കോടി കടന്നതിനു പിന്നാലെ ചാരിറ്റി ഡ്രൈവിന് സമാപനമായി.
ഗസ്സയിലേക്ക് വിവിധ തരത്തിലായി ഖത്തർ നൽകുന്ന സഹായങ്ങൾക്കു പുറമെയായിരുന്നു പൊതുജനങ്ങളിൽനിന്നുള്ള ധനശേഖരണം നടത്തിയത്. ഒക്ടോബർ ഏഴിന് ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെതന്നെ ഖത്തർ ഇതുവരെയായി 40ഓളം വിമാനങ്ങളിലായി 1464 ടണിലേറെ ദുരിതാശ്വാസ വസ്തുക്കൾ ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളം വഴി ഗസ്സയിലെത്തിച്ചിട്ടുണ്ട്.
മരുന്ന്, ആശുപത്രി സംവിധാനങ്ങൾ, താമസസൗകര്യങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ ഉൾപ്പെടെയാണ് എത്തിച്ചത്. ഇതിനുപുറമെ, പരിക്കേറ്റ 1500ഓളം പേരെ ദോഹയിലെത്തിച്ച് മികച്ച ചികിത്സ ഒരുക്കുകയും 3000ത്തോളം അനാഥരുടെ സംരക്ഷണം ഖത്തർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.