ടോക്യോയിൽ തിളങ്ങി ഖത്തർ
text_fieldsദോഹ: ടോക്യോ ഒളിമ്പിക്സിൽ ഖത്തറിെൻറ സൂപ്പർ താരങ്ങൾ ഇന്നിറങ്ങുന്നു. വെള്ളിയാഴ്ച രാത്രിയോടെ തിരിതെളിഞ്ഞ വിശ്വമേളയിൽ ഖത്തറിെൻറ പതാകവാഹകയായ തലാ അബൂജബാറയുടെ നേതൃത്വത്തിൽ ഇന്ന് വിവിധ ഇനങ്ങളിൽ താരങ്ങൾ മത്സര ട്രാക്കിലേക്ക്. ശനിയാഴ്ച വൈകി നടന്ന തുഴച്ചിൽ സിംഗ്ൾസ് റെപാഷെയിൽ മത്സരിച്ച തലാ അബൂജബാറ സെമി ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഞായറാഴ്ച പുലർച്ചയാണ് സെമി ഫൈനൽ മത്സരം. ജൂഡോയിൽ അയ്യൂബ് അൽ ഇദ്രിസിയും, ബീച്ച് വോളിബാളിൽ അഹ്മദ് തിജാൻ, ഷരീഫ് യൂനുസ് ടീമും ഇന്ന് മത്സരത്തിനിറങ്ങും.
മൂന്നു വർഷം ജപ്പാനിൽ പരിശീലിച്ച തലാ കഴിഞ്ഞ ഓരോ റൗണ്ടിലും നില മെച്ചപ്പെടുത്തിയാണ് സെമിയിൽ പ്രവേശിച്ചത്. ഹീറ്റ്സിൽ അഞ്ചാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്. പിന്നീട്, റെപാഷെ റൗണ്ടിലെ പ്രകടനത്തിെൻറ മികവിൽ സെമിയിലേക്ക് യോഗ്യത നേടുകയായിരുന്നു. തുഴച്ചിലിൽ ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ ഖത്തർ താരമെന്ന റെക്കോഡ് കുറിച്ചാണ് ഇവർ ടോക്യോയിൽ തുഴയെടുത്തത്. അത്ലറ്റിക്സ്, ബീച്ച്വോളി, ജുഡോ, തുഴച്ചിൽ, ഷൂട്ടിങ്, നീന്തൽ, വെയ്റ്റ് ലിഫ്റ്റിങ് എന്നീ ഇനങ്ങളിൽ 15 താരങ്ങളാണ് ഖത്തറിനായി ടോക്യോയിൽ മത്സരിക്കുന്നത്.
വെള്ളിയാഴ്ച നടന്ന ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിെൻറ മാർച്ച് പാസ്റ്റിൽ ടീമിലെ രണ്ടു വനിതകളിൽ ഒരാളായ തലാ അബൂജബാറയാണ് ഖത്തർ ദേശീയ പതാക വഹിച്ചത്. മാർച്ച് പാസ്റ്റിൽ ദേശീയ ടീമിലെ 12 താരങ്ങൾ പങ്കാളികളായി. പരമ്പരാഗത അറബ് വേഷമണിഞ്ഞാണ് താരങ്ങൾ അണിനിരന്നത്.
ഖത്തർ ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൊവാൻ ബിൻ ഹമദ് ആൽഥാനി, സെക്രട്ടറി ജനറൽ ജാസിം ബിൻ റാഷിദ് ബുനയ്ൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.