പ്രവാചകനിന്ദ: അപലപിച്ച് ഖത്തർ ശൂറാ കൗൺസിൽ
text_fieldsദോഹ: ഇന്ത്യയിൽ ബി.ജെ.പി വക്താവ് നടത്തിയ പ്രവാചകനിന്ദ പരാമർശത്തെ അപലപിച്ച് ഖത്തർ ശൂറാ കൗൺസിൽ. സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്‍റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗമാണ് ഇസ്ലാമിനും പ്രവാചകനുമെതിരെ ഇന്ത്യയിലെ ഭരണപക്ഷ പാർട്ടിയുടെ പ്രതിനിധി നടത്തിയ പരാമർശത്തിൽ ശക്തമായ ഭാഷയിൽ പ്രതിഷേധം രേഖപ്പെടുത്തിയത്.
പ്രവാചകനിന്ദ അപലപിച്ചുകൊണ്ട് ഖത്തർ വിദേശകാര്യമന്ത്രാലയം നടത്തിയ പ്രസ്താവന ശൂറാ കൗൺസിൽ ആവർത്തിച്ചു. ഇസ്ലാമിനും വിശ്വാസികൾക്കുമെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളുടെയും വ്യവസ്ഥാപിതമായ അതിക്രമങ്ങളുടെയും തുടർച്ചയാണ് ഇത്തരത്തിലുള്ള അവഹേളനങ്ങൾ.
ചില സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കും ഇസ്ലാമിക സ്വത്തുകളിലെ കൈയേറ്റവും വർധിച്ചുവരുന്ന അക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇത്തരം സംഭവങ്ങളും ഉയർന്നുവരുന്നത്. വിശ്വാസികൾക്കെതിരായ അതിക്രമങ്ങളും പ്രവാചകനും ഇസ്ലാമിനും എതിരായ അവഹേളനങ്ങളും അവസാനിപ്പിക്കാൻ ഇന്ത്യൻ ഭരണകൂടം ഇടപെടണമെന്നും ശൂറാ കൗൺസിൽ സ്പീക്കർ ആവശ്യപ്പെട്ടു. ഇന്ത്യയിലെ മുസ്ലിംകളുടെ സുരക്ഷയും അവകാശങ്ങളും മത-സാംസ്കാരിക വ്യക്തിത്വവും ആരധനാലയങ്ങളും സംരക്ഷിക്കപ്പെടണമെന്നും ശൂറാ കൗൺസിൽ വ്യക്തമാക്കി.
ബി.ജെ.പി ദേശീയ വക്താവായിരുന്ന നൂപുർ ശർമയും നവീൻകുമാർ ജിൻഡാലും പ്രവാചകനെ നിന്ദിച്ചുകൊണ്ട് നടത്തിയ പരാമർശങ്ങളുടെ പേരിൽ ഞായറാഴ്ച ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിനെ വിളിച്ചുവരുത്തി ഖത്തർ വിദേശകാര്യ മന്ത്രാലയം കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഇരുവരെയും സ്ഥാനങ്ങളിൽനിന്ന് പുറത്താക്കിയ നടപടിയെ സ്വാഗതംചെയ്ത ഖത്തർ, സംഭവത്തിൽ ക്ഷമാപണം നടത്തണമെന്നും നിർദേശിച്ചിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനിടയിലായിരുന്നു രാജ്യാന്തര ശ്രദ്ധനേടിയ ഈ നീക്കം.
കഴിഞ്ഞയാഴ്ച ഇന്ത്യയിൽ നടന്ന സംഭവങ്ങളുടെ പേരിൽ രാജ്യാന്തരതലത്തിലെ ആദ്യ പ്രതിഷേധമായിരുന്നു ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്‍റേത്. ഇതിനു പിന്നാലെ, കുവൈത്ത്, ഒമാൻ, സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളും മറ്റും രംഗത്തെത്തിയിരുന്നു. അതേസമയം, വ്യക്തികളുടെ മതവിദ്വേഷ പ്രസ്താവനകളും ട്വീറ്റുകളും ഇന്ത്യൻ സർക്കാറിന്‍റെ കാഴ്ചപ്പാടുകളല്ലെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.