വിവിധ രാജ്യങ്ങളുമായി വ്യോമ സർവിസ് കരാറുകളിൽ ഒപ്പുവെച്ച് ഖത്തർ
text_fieldsദോഹ: മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ എയർ സർവിസസ് നെഗോസിയേഷൻ യോഗത്തോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുമായി കരാറുകളിൽ ഒപ്പുവെച്ച് ഖത്തർ.
ക്യൂബയുമായി പ്രാരംഭ വ്യോമ സർവിസ് കരാറിൽ ഒപ്പുവെച്ച ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി, ഇരുരാജ്യങ്ങളും തമ്മിലുള്ള ഗതാഗത അവകാശങ്ങൾ വിപുലീകരിക്കുന്നതിനുള്ള ധാരണപത്രത്തിലും ഒപ്പുവെച്ചു.
ഖത്തറും മലാവിയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്കും യോഗം വേദിയായി. വ്യോമ സർവിസ് കരാറിൽ ഒപ്പുവെച്ച ഇരുരാജ്യങ്ങളും, വ്യോമ ഗതാഗത മേഖലയിൽ ഒരു ധാരണപത്രത്തിലും ഒപ്പുവെച്ചു.
തെക്കനമേരിക്കൻ രാജ്യമായ സുരിനാമുമായി വിമാന സർവിസ് കരാറിലും, കംബോഡിയ, കാനഡ, ഉഗാണ്ട എന്നിവയുമായി ധാരണപത്രങ്ങളിലും ഖത്തർ ഒപ്പുവെച്ചു. കരാറുകളിലും ധാരണപത്രങ്ങളിലും ഖത്തറിനായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി തലവൻ മുഹമ്മദ് ഫാലിഹ് അൽ ഹാജിരിയാണ് ഒപ്പുവെച്ചത്.
സിവിൽ ഏവിയേഷൻ മേഖലയിലെ സഹകരണവും വ്യോമഗതാഗത മേഖലയിലെ ബന്ധവും ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടൻ, ഹോങ്കോങ്, താൻസനിയ, മലേഷ്യ, ദക്ഷിണ കൊറിയ, നൈജീരിയ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെ സിവിൽ ഏവിയേഷൻ അതോറിറ്റികളുമായും ഖത്തർ അതോറിറ്റി ഉഭയകക്ഷി ചർച്ചകൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.