ലോക റെക്കോഡിലേക്ക് ഡൈവ് ചെയ്ത് ഖത്തർ സ്കൈഡൈവ് ടീം
text_fieldsദോഹ: ഫ്രീസ്റ്റൈൽ സ്കൈഡൈവിങ്ങിൽ ഖത്തർ സ്കൈഡൈവ് ടീമിന് ലോക റെക്കോഡ്. സംയുക്ത സേനക്കു കീഴിലുള്ള ഖത്തർ എയർ സ്പോർട്സ് കമ്മിറ്റിയുടെ സ്കൈ ഡൈവ് ടീമാണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇടംനേടിയത്. ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയയുടെ രക്ഷാകർതൃത്വത്തിൽ അവാർഡ് വിതരണം ചെയ്തു. ജോയന്റ് സ്പെഷൽ ഫോഴ്സ് സ്റ്റാഫ് കമാൻഡർ ബ്രിഗേഡിയർ ജനറൽ ജാസിം ബിൻ അലി അൽ അത്തിയ, ഖത്തർ എയർ സ്പോർട്സ് കമ്മിറ്റി സെക്രട്ടറി ജനറൽ ഹസ ഹമദ് അൽ അത്തിയ, ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സ് പ്രതിനിധികളും സന്നിഹിതരായി.
യു.എസിലെ ഫ്ലോറിഡയിൽ നടന്ന പരിപാടിയിലാണ് ഖത്തറിനെ പ്രതിനിധാനംചെയ്ത് 37 പാരച്യൂട്ടിസ്റ്റുകളുമായി രാത്രിയിൽ ഏറ്റവും വലിയ പാരച്യൂട്ടിങ് കനോപി ഫോർമേഷന്റെ ലോക റെക്കോഡ് ഖത്തർ സ്കൈഡൈവ് ടീം തകർത്തത്. പരിപാടിയിൽ ഖത്തർ സ്കൈഡൈവ് ടീം മൂന്ന് ഗിന്നസ് ലോക റെക്കോഡുകൾ തകർത്തു. 2018ൽ യു.എസിലെ ഡെലാൻഡിൽ 25 പാരച്യൂട്ടിസ്റ്റുകളുമായി രാത്രിയിൽ ഏറ്റവും വലിയ പാരച്യൂട്ടിങ് കനോപി ഫോർമേഷൻ നടത്തി സ്ഥാപിച്ച ലോക റെക്കോഡ് തകർത്തതാണ് ആദ്യത്തേത്. 2020 നവംബറിൽ, പോർചുഗലിലെ ഇവോറയിൽ അഞ്ചു പേരടങ്ങുന്ന ഒരു ടീം ഒരു കനോപി ഫോർമേഷനിൽ സ്ഥാപിച്ച ഏറ്റവും കൂടുതൽ പാരച്യൂട്ടിങ് സീക്വൻസുകളുടെ ലോക റെക്കോഡ് തകർക്കാനും ഖത്തർ ടീമിന് കഴിഞ്ഞു.
2021 ജൂണിൽ ഫ്ലോറിഡയിലെ സെഫിർ ഹിൽസിൽ ഫുൾ ബ്രേക്ക് ലാർജ് ഫോർമേഷനിൽ ഏറ്റവും കൂടുതൽ കനോപി ഫോർമേഷൻ സീക്വൻസുകളുടെ റെക്കോഡ് തകർത്തതാണ് മൂന്നാമത്തേത്. ഇതോടെ, ഖത്തർ സ്കൈഡൈവ് ടീം ഇപ്പോൾ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ മൊത്തം നാലു ലോക റെക്കോഡ് സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.