ഒന്നാം ഡിവിഷൻ ഫുട്ബാൾ: പന്ത് പുറത്തിറക്കി
text_fieldsദോഹ: രാജ്യത്തെ ഒന്നാം ഡിവിഷൻ ഫുട്ബാൾ ലീഗായ ഖത്തർ സ്റ്റാർസ് ലീഗ് 2024-2025 സീസണിൽ അറിയപ്പെടുക ‘ഉരീദു സ്റ്റാർസ് ലീഗ്’ എന്ന പേരിൽ. ഖത്തർ സ്റ്റാർസ് ലീഗ് ഫൗണ്ടേഷനും പ്രമുഖ ടെലികമ്യൂണിക്കേഷൻ കമ്പനിയായ ഉരീദു ഖത്തറും ഖത്തർ സ്റ്റാർസ് ലീഗ് ഫൗണ്ടേഷനും തമ്മിൽ ഒപ്പുവെച്ച കരാർ പ്രകാരമാണ് പുതിയ പേര് പ്രഖ്യാപിച്ചിരിക്കുന്നത്.
ടൂർണമെന്റിന് ഉപയോഗിക്കുന്ന പന്ത് അധികൃതർ പുറത്തിറക്കി. ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റും ഖത്തർ സ്റ്റാർസ് ലീഗ് ഫൗണ്ടേഷൻ ചെയർമാനുമായ ജാസിം ബിൻ റാഷിദ് അൽ ബുഐനൈന്റെയും ഉരീദു ഖത്തർ സി.ഇ.ഒ ശൈഖ് അലി ബിൻ ജബർ ആൽഥാനിയുടെയും സാന്നിധ്യത്തിൽ കരാർ ഒപ്പുവെച്ചു.
ആഗസ്റ്റ് ഒമ്പത് വെള്ളിയാഴ്ചയാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ആഗസ്റ്റ് 30ന് സമാപിക്കും. റയൽ മാഡ്രിഡിന്റെ സൂപ്പർതാരം ഹൊസേലു ഉൾപ്പെടെ പ്രമുഖ താരങ്ങൾ ഖത്തർ ഒന്നാം ഡിവിഷനിൽ പന്തുതട്ടും. കൂടുതൽ താരങ്ങൾ വരും ദിവസങ്ങളിൽ പ്രമുഖ ക്ലബുകളുമായി കരാറിൽ ഒപ്പിടുമെന്നാണ് പ്രതീക്ഷ. അൽ അഹ്ലി, അൽ അറബി, അൽ വക്റ, ഖത്തർ എഫ്.സി, അൽ റയ്യാൻ, അൽ സദ്ദ്, അൽ ഗറാഫ, ഉമ്മു സലാൽ, അൽ ഷമൽ, അൽ മർഖിയ, മുഐതിർ, അൽ ദുഹൈൽ എന്നീ ടീമുകളാണ് ഒന്നാം ഡിവിഷനിൽ മാറ്റുരക്കുന്നത്. കഴിഞ്ഞ സീസണിൽ അൽ സദ്ദ് ആണ് വിജയികളായത്. അൽ റയ്യാൻ രണ്ടാം സ്ഥാനവും അൽ ഗറാഫ മൂന്നാം സ്ഥാനവും സ്വന്തമാക്കി. അൽ വക്റ, അൽ അറബി, അൽ ദുഹൈൽ, ഖത്തർ എഫ്.സി, അൽ ഷമൽ, അൽ അഹ്ലി, അൽ മർഖിയ, മുഐതിർ എന്നിവയായിരുന്നു യഥാക്രമം അടുത്ത സ്ഥാനങ്ങളിൽ. 26 ഗോൾ നേടി അൽ സദ്ദിന്റെ അക്റം ആതിഫ് ടോപ് സ്കോററായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.