അപൂർവരോഗം; ലബനീസ് കുട്ടിയുടെ ചികിത്സ ഏറ്റെടുത്ത് ഖത്തർ
text_fieldsദോഹ: മസ്കുലർ ഡിസ്ട്രോഫി എന്ന അപൂർവ രോഗം ബാധിച്ച് നാലുവയസ്സുള്ള ലബനീസ് കുട്ടിയുടെ ചികിത്സ ഏറ്റെടുത്ത് ഖത്തർ. ക്രിസ് എൽകിക് എന്ന കുട്ടിയാണ് പേശികൾ ദുർബലപ്പെടുകയും ദീർഘകാലാടിസ്ഥാനത്തിൽ ചലന ശേഷിയെ ബാധിക്കുകയും ചെയ്യുന്ന രോഗത്തിന് ഇരയായത്. ലക്ഷത്തിൽ പത്തിൽ താഴെ ആളുകളിൽ മാത്രം കണ്ടുവരുന്ന ഈ രോഗം ചികിത്സിക്കാൻ 30 ലക്ഷം ഡോളർ ചെലവാകും. ഓടാനും ചാടാനും നടക്കാനുമുള്ള കഴിവിന് തടസ്സം നേരിടുന്നതാണ് ആദ്യ ലക്ഷണം. രണ്ടോ മൂന്നോ വയസ്സുള്ളപ്പോൾ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. രോഗം ക്രമേണ ശ്വാസകോശ പേശികളെ ദുർബലപ്പെടുത്തുന്നതിനാൽ രോഗികൾ സാധാരണയായി ഇരുപതുകളിൽ മരിക്കുന്നു. അഞ്ചുവയസ്സിനുള്ളിൽ കൃത്യമായ ചികിത്സ ലഭ്യമാക്കിയാൽ രക്ഷപ്പെടാനാണ് കൂടുതൽ സാധ്യത. ലബനീസ് കുട്ടി ഇപ്പോൾ ഖത്തറിലെ സിദ്റ മെഡിസിനിൽ ചികിത്സയിലുണ്ട്. മനുഷ്യത്വപരമായ സമീപനം പുലർത്തിയതിന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിക്കും ലബനാൻ സാമൂഹിക ക്ഷേമ മന്ത്രി ഹെക്ടർ ഹജ്ജാർ നന്ദി അറിയിച്ചു. കുട്ടിയുടെ ആരോഗ്യം രക്ഷിക്കാൻ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് കുടുംബം ഓൺലൈൻ കാമ്പയിൻ ആരംഭിച്ചതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെടുന്നത്. കുടുംബവും ഖത്തർ അധികൃതർക്ക് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.