ഊർജ മേഖലയിൽ ഇന്ത്യക്ക് പിന്തുണയുമായി ഖത്തർ
text_fieldsഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ശെരീദ അൽ കഅ്ബിയും ഇന്ത്യൻ പെട്രോളിയം
പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരിയും ന്യൂഡൽഹിയിൽ
ദോഹ: ഊർജമേഖലയിലെ സഹകരണം ചർച്ചചെയ്ത് ഇന്ത്യയും ഖത്തറും.ന്യൂ ഡൽഹിയിൽ നടന്ന ഇന്ത്യ എനർജി വീക്കിന്റെ ഭാഗമായി ഖത്തർ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയുമായ സഅദ് ശെരീദ അൽ കഅ്ബിയും ഇന്ത്യൻ പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരിയും നടത്തിയ ചർച്ചയിലാണ് ഊർജ മേഖലയിലെ വിവിധ സഹകരണം സംബന്ധിച്ച് ചർച്ച നടത്തിയത്.
ഭാവിയിലെ വർധിച്ച ഊർജാവശ്യങ്ങൾ നിറവേറ്റുന്നതിലും, ഊർജ മേഖലയിലെ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിലും ഖത്തർ പിന്തുണ വാഗ്ദാനം ചെയ്തു. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഗുജറാത്ത് പെട്രോളിയം, ഗുജറാത്ത് ഗ്യാസ് ലിമിറ്റഡ്, പെട്രോനെറ്റ് തുടങ്ങിയ ഇന്ത്യൻ ഊർജ കമ്പനി മേധാവികളുമായും അൽ കഅബി കൂടിക്കാഴ്ച നടത്തി.
രാജ്യത്തിന്റെ വളർച്ചക്കും മതിയായ ഊർജ വിതരണം ആവശ്യമാണെന്നും, ഇന്ത്യയുടെ ഊർജസ്രോതസ്സുകളുടെ വൈവിധ്യവത്കരണത്തിൽ ഖത്തറിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എനർജി വീക്കിൽ പങ്കെടുത്ത മന്ത്രി ഓരോ രാജ്യത്തിന്റെയും സാമ്പത്തിക വളർച്ച പദ്ധതികൾ, ഊർജ ആവശ്യങ്ങൾ, പാരിസ്ഥിതിക ലക്ഷ്യങ്ങൾ എന്നിവ കണക്കിലെടുത്ത് സന്തുലിത ഊർജ മിശ്രിതത്തിലേക്കുള്ള മാറ്റത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി.
ലോകത്ത് ഊർജ ദാരിദ്ര്യം ഗുരുതരമായ പ്രശ്നമാണെന്നും, വർധിച്ചുവരുന്ന ജനസംഖ്യക്കനുസരിച്ച് വിതരണ സാധ്യത കുറയുമെന്നും മുന്നറിയിപ്പ് നൽകി.
ലോകത്തിലെ വർധിച്ചുവരുന്ന ഊർജ ആവശ്യകത നിറവേറ്റുന്നതിനും വിതരണ ആഘാതങ്ങൾ മൂലമുണ്ടാകുന്ന വിലയിലെ ചാഞ്ചാട്ടം ഒഴിവാക്കുന്നതിനും എണ്ണ, വാതക മേഖലയിൽ തുടർച്ചയായ നിക്ഷേപം നടത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഓർമിപ്പിച്ചു.
കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി, തൻസനിയ ഉപപ്രധാനമന്ത്രിയും ഊർജ മന്ത്രിയുമായ ഡോട്ടോ മഷാക്ക ബിറ്റെകോ, ബ്രിട്ടീഷ് ഊർജ സുരക്ഷ, നെറ്റ് സീറോ സ്റ്റേറ്റ് സെക്രട്ടറി എഡ് മിലിബാൻഡ് എന്നിവരും പ്ലീനറി സെഷനിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.