അന്ത്യയാത്ര കാണാന്‍ ഖത്തര്‍ ശൂറയില്‍ നിന്ന് കണ്ണീരോടെ
text_fieldsകണ്ണൂര്‍: രാഷ്ട്രീയ ജീവിതത്തില്‍ ഇ. അഹമ്മദിനോളം ആദരിക്കപ്പെടുന്ന ഇന്ത്യന്‍ നേതാവ് വേറെയില്ളെന്ന് ഖത്തര്‍ ശൂറയില്‍ (പരമോന്നത സമിതി) 28 വര്‍ഷമായി അംഗമായ ഡോ. അഹമ്മദ് മുഹമ്മദ് ഉബൈദാന്‍. പതിറ്റാണ്ടുകള്‍ നീണ്ട ആത്മബന്ധം വേരറ്റുപോകുന്നതിന്‍െറ വേദനയില്‍ അദ്ദേഹം പത്നിയോടൊപ്പം ഇന്നലെ കണ്ണൂരിലത്തെി അഹമ്മദിന്‍െറ ഭൗതികശരീരം അവസാനമായി ഒരു നോക്കുകണ്ടു.
‘‘ഇനി ഖത്തറില്‍ ഇതുപോലൊരു ഏത് ഇന്ത്യന്‍ നേതാവിനെയാണ് എനിക്ക് സ്വീകരിക്കാന്‍ കിട്ടുക’’ അനുശോചന യോഗത്തില്‍ തന്‍െറ പ്രസംഗം പരിഭാഷപ്പെടുത്തിയ സി.വി.എന്‍. വാണിമേലിനോട്, അഹമ്മദ് കെട്ടിപ്പടുത്ത സ്കൂളിന്‍െറ വാരാന്തയിലിരുന്ന് അദ്ദേഹം പരിഭവിച്ചു.
മക്കയില്‍വെച്ച് അഹമ്മദിന് ദേഹാസ്വാസ്ഥ്യമുണ്ടായപ്പോള്‍ അന്നുതന്നെ അവിടേക്ക് പോകാന്‍ നോക്കിയിരുന്നു. പക്ഷേ, സുഖമായപ്പോള്‍ ഫോണില്‍ വിളിച്ചുപറഞ്ഞു: ‘‘ഞാന്‍ സുഖമായിരിക്കുന്നു. ഇടക്കൊക്കെ ഇനി ഇങ്ങനെ ക്ഷീണമുണ്ടാവും. അത് കാര്യമാക്കണ്ട’’ ഈ വാക്ക് വിശ്വസിച്ചാണ് പാര്‍ലമെന്‍റില്‍ കുഴഞ്ഞുവീണ വിവരം അറിഞ്ഞ ഉടന്‍ ഡല്‍ഹിലേക്ക് പോകാതിരുന്നത് -അദ്ദേഹം പറഞ്ഞു.
ഇബ്നുറൂമിയുടെ കവിതയെക്കുറിച്ച് ഗവേഷണം നടത്തിയാണ് ഉബൈദാന്‍ ഡോക്ടറേറ്റ് നേടിയത്. ഖത്തര്‍ ഭരണകൂടത്തിന്‍െറ രാഷ്ട്രീയ ബുദ്ധികേന്ദ്രങ്ങളിലൊന്നായ ഇദ്ദേഹം, അഹമ്മദിന് അറബിയില്‍ പ്രസംഗിക്കാനുള്ള സാഹിത്യസമ്പുഷ്ടമായ വരികള്‍ എഴുതി അയച്ചിരുന്നു. ഇറാഖിലെ ഇന്ത്യക്കാരായ ബന്ദികളെ മോചിപ്പിക്കാന്‍ നയതന്ത്ര ചര്‍ച്ചകളുടെ വേളയില്‍ ഉബൈദാനുമായുള്ള ആശയ വിനിമയം അഹമ്മദിന് വലിയ തുണയായിരുന്നു. അറബ് സമൂഹവുമായി അഹമ്മദിനുള്ള ബന്ധത്തിന്‍െറ വലുപ്പം കേന്ദ്ര സര്‍ക്കാറിന് മനസ്സിലായ ഇടപെടലായിരുന്നു അത്.
ഖത്തര്‍ കെ.എം.സി.സി നേതാവ് അഹമ്മദ് അടിയോട്ടിലും സി.വി.എം. വാണിമേലുമാണ് കണ്ണൂരിലെ യാത്രയില്‍ ഉബൈദാനെ അനുഗമിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ അഹമ്മദ് പര്യടനം നടത്തുമ്പോഴെല്ലാം ഖത്തറില്‍ ഇദ്ദേഹത്തിന്‍െറ അതിഥിയായി എത്തുമായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ കെ.എം.സി.സി സംഘടിപ്പിച്ച വിജയമുദ്ര പരിപാടിക്ക് അഹമ്മദ്, ഹൈദരലി ശിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ ഖത്തറില്‍ ഒത്തുചേര്‍ന്നപ്പോള്‍ തന്‍െറ പുതിയ വീട്ടില്‍ വിപുലമായ സല്‍ക്കാരമാണ് ഇദ്ദേഹം ഒരുക്കിയത്. ഈ സല്‍ക്കാരത്തിലാണ് താന്‍ അഹമ്മദിനെ അവസാനമായി കണ്ടതെന്ന് ഉബൈദാന്‍ പറഞ്ഞു. അഹമ്മദുമായുള്ള സൗഹൃദം കണ്ണിമുറിയാതിരിക്കാന്‍ കണ്ണൂര്‍ ദീനുല്‍ ഇസ്ലാംസഭ സ്കൂളിന് ഉബൈദാന്‍ എന്‍ഡോവ്മെന്‍റ് നല്‍കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.