ഡിജിറ്റൽ നിക്ഷേപത്തിൽ കുതിപ്പിനൊരുങ്ങി ഖത്തർ
text_fieldsദോഹ: നിർമിതബുദ്ധി, സൈബർ സുരക്ഷ, ഇന്റർനെറ്റ് അനുബന്ധ മേഖല ഉൾപ്പെടെ 15 മുൻഗണനാ സാങ്കേതിക വിദ്യകളിൽ ഖത്തറിന്റെ ഡിജിറ്റൽ നിക്ഷേപം വരും വർഷങ്ങളിൽ കുതിച്ചുയരുമെന്ന് റിപ്പോർട്ട്. 2022ലെ 165 കോടി ഡോളറിൽ നിന്ന് 2026 ആകുമ്പോഴേക്ക് ഡിജിറ്റൽ നിക്ഷേപം 570 കോടി ഡോളറിലെത്തുമെന്ന് ഖത്തർ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ഏജൻസി പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ വെളിപ്പെടുത്തി.
ഐ.ടി, വാർത്താ വിനിമയ മന്ത്രാലയവുമായി സഹകരിച്ച് തയാറാക്കിയ പ്രമോഷൻ ഏജൻസിയുടെ റിപ്പോർട്ടിൽ സ്മാർട്ട് രാജ്യമാക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിലെ ഖത്തറിന്റെ ശ്രമങ്ങളെ പ്രത്യേകം പരാമർശിക്കുന്നു. 2030ഓടെ ഏഴ് ട്രില്യൻ ഡോളറിലേക്ക് അടുക്കുമെന്ന് പ്രവചിക്കപ്പെടുന്ന ആഗോള സ്മാർട്ട് സിറ്റി വിപണിയെ ഉപയോഗപ്പെടുത്താവുന്ന സംരംഭങ്ങൾക്ക് ഖത്തർ ഊന്നൽ നൽകുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മേഖലയിലെ ഏറ്റവും വലിയ സാങ്കേതിക വെബ് സമ്മിറ്റ് ഖത്തറിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി പുറത്തിറക്കിയ റിപ്പോർട്ടിൽ ഉയർന്നുവരുന്നതും വികസിതവുമായ സാങ്കേതികവിദ്യകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്ന ഖത്തറിന്റെ അനുകൂല പരിസ്ഥിതിയെയും ചൂണ്ടിക്കാട്ടി. സർക്കാർ നിക്ഷേപങ്ങളും, സംരംഭകരെയും ചെറുകിട, ഇടത്തരം സംരംഭകരെയും (എസ്.എം.ഇ) പിന്തുണക്കുന്നതിനായി രൂപംനൽകിയ സമഗ്രമായ ഇൻകുബേഷൻ, ആക്സിലറേഷൻ പ്രോഗ്രാമുകൾ ഈ അന്തരീക്ഷത്തെ ശക്തിപ്പെടുത്തുന്നുവെന്നും ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ഏജൻസി റിപ്പോർട്ടിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.