ഫലസ്തീന് കരുതലായി ഖത്തർ; 3000 അനാഥകളുടെ സംരക്ഷണവും 1500 പേരുടെ ചികിത്സയും ഏറ്റെടുത്തു
text_fieldsദോഹ: ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിക്ക് ഇരയായ ഫലസ്തീനികൾക്ക് ഖത്തറിന്റെ കാരുണ്യഹസ്തം. യുദ്ധത്തിൽ പരിക്കേറ്റ 1500 പേരെ ദോഹയിലെത്തിച്ച് മികച്ച ചികിത്സ നൽകാനും 3000ത്തോളം അനാഥമക്കളുടെ സംരക്ഷണം ഏറ്റെടുക്കാനും നിർദേശം നൽകി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. രണ്ടു മാസത്തോളമടുക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുകയും, ഭക്ഷണവും മരുന്നുമായി മാനുഷിക സഹായങ്ങൾ ഒരുക്കുകയും ചെയ്തുകൊണ്ട് ശക്തമായ ഇടപെടൽ തുടരുന്നതിനിടെയാണ് ഗസ്സയിലേക്ക് ഖത്തറിന്റെ കരുതൽ വീണ്ടുമെത്തുന്നത്.
ഫലസ്തീന്റെ അയൽ രാജ്യമായ ഈജിപ്തുമായി സഹകരിച്ച് പരിക്കേറ്റവരെയും അവരുടെ ബന്ധുക്കളെയും ദോഹയിലെത്തിച്ചായിരിക്കും ചികിത്സ ഉറപ്പാക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണങ്ങൾക്കിരയാകുന്ന ഫലസ്തീനികളെ നിർണായക ഘട്ടത്തിൽ ചേർത്തു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തറിന്റെ ഇടപെടൽ.
ഒക്ടോബർ ഏഴിന് ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഖത്തർ ചാരിറ്റി, ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് എന്നിവരുടെ നേതൃത്വത്തിൽ ഇതിനകം 36 വിമാനങ്ങളിലായി 1203 ടൺ മാനുഷിക സഹായങ്ങൾ എത്തിച്ചിട്ടുണ്ട്. അൽ അരിഷി വിമാനത്താവളത്തിലെത്തിച്ച ശേഷം റഫ അതിർത്തി വഴിയാണ് സഹായ വസ്തുക്കൾ ഗസ്സയിലെത്തിക്കുന്നത്.
ഇതിനു പുറമെ, ഖത്തറിൽ നിന്നുള്ള മാനുഷിക സഹായം ഏകോപിപ്പിക്കാൻ ഒരാഴ്ചയിലേറെയായി വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറിന്റെ നേതൃത്വത്തിലുള്ള സംഘവും ഗസ്സയിലും ഈജിപ്തിലുമായി സജീവമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.