മുറിവേറ്റ മനുഷ്യരെ ഹൃദയത്തോട് ചേർത്ത് ഖത്തർ
text_fieldsദോഹ: ‘അവക്കെല്ലാവർക്കുമുണ്ട് അവരുടെ കഥകൾ. വീടു നഷ്ടമായവർ, യുദ്ധത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായവർ, കൈകാലുകൾ നഷ്ടമായവർ, എല്ലാം നഷ്ടമായവർ... എന്നിട്ടും അവർ വിശ്വാസവും ക്ഷമയും കൈവിട്ടിട്ടില്ല. ഹൃദയത്തിൽ നിന്നുള്ള അവരുടെ പുഞ്ചിരിയിലുണ്ട് എല്ലാം...’ -യുദ്ധഭൂമിയിൽനിന്നു മുറിവേറ്റ ശരീരവും മനസ്സുമായി ദോഹയിൽ വിമാനമിറങ്ങിയവരെ നെഞ്ചോടുചേർത്ത് മന്ത്രി ലുൽവ അൽ ഖാതിർ സമൂഹമാധ്യമങ്ങളിൽ കുറിച്ച വരികൾ ഇങ്ങനെ.
രണ്ടു മാസത്തിലേറെയായി നീണ്ടുനിൽക്കുന്ന യുദ്ധത്തിൽ പരിക്കേറ്റവരും അനാഥരുമായ ഫലസ്തീനികളുടെ രണ്ടാമത്തെ സംഘം ദോഹയിലെത്തിയപ്പോൾ അവരെ സ്വീകരിക്കാൻ മുൻനിരയിൽതന്നെയുണ്ട് വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സഹകരണ മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ.
ഇസ്രായേൽ ആക്രമണങ്ങളിൽ പരിക്കേറ്റ 1500 പേർക്ക് ചികിത്സയും 3000ത്തോളം അനാഥകളുടെ സംരക്ഷണവും ഖത്തർ ഏറ്റെടുക്കുമെന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രത്യേക നിർദേശത്തിന്റെ തുടർച്ചയായാണ് രണ്ടാമത്തെ സംഘവും ശനിയാഴ്ച രാത്രിയോടെ ദോഹയിലെത്തിയത്.
ആദ്യ സംഘം ഏതാനും ദിവസം മുമ്പ് ഖത്തറിലെത്തിയിരുന്നു. പൂക്കൾ നൽകിയും ആശ്ലേഷിച്ചും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജഴ്സി സമ്മാനിച്ചും പരിക്കേറ്റവരെ സ്വീകരിക്കുന്ന ചിത്രങ്ങൾ അവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ലാൻഡ് ചെയ്ത വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിച്ച് ഓരോരുത്തരുടെയും അരികിലെത്തിയായിരുന്നു അവരെ ഖത്തറിന്റെ മണ്ണിലേക്ക് ഹൃദ്യമായി സ്വാഗതംചെയ്തത്. തുടർന്ന് ആംബുലൻസിൽ പ്രത്യേകം സജ്ജീകരിച്ച ആശുപത്രികളിലേക്കു മാറ്റി.
ഖത്തറിലെ ഫലസ്തീൻ അംബാസഡർ മുനീർ അബ്ദുല്ല ഗനാം, ഫലസ്തീൻ എംബസി ജീവനക്കാർ എന്നിവരും സ്വീകരിക്കാനെത്തിയിരുന്നു. ഗസ്സയിൽനിന്ന് റഫ അതിർത്തി വഴി ഈജിപ്തിലെ അൽ അരിഷിലെത്തിച്ച് ചികിത്സ നൽകിയ ശേഷമാണ് ഇവരെ ദോഹയിലെത്തിച്ചത്. ഈജിപ്ഷ്യൻ ആരോഗ്യമന്ത്രി, റെഡ് ക്രെസന്റ് തുടങ്ങിയവരുടെ സേവനങ്ങൾക്കും മന്ത്രി ലുൽവ അൽ ഖാതിർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.