‘പ്രവാസി ഭാരതീയ ദിവസി’ൽ ശ്രദ്ധ നേടി ഖത്തർ സംഘം
text_fieldsദോഹ: പ്രവാസി ഭാരതീയ ദിവസിൽ (പി.ബി.ഡി) ഏറെ ശ്രദ്ധ നേടി ഖത്തറിൽനിന്നുള്ള സംഘം. ജനുവരി എട്ടുമുതൽ 10 വരെ മധ്യപ്രദേശിലെ ഇന്ദോറിൽ നടന്ന പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില് ജീവിക്കുന്ന പ്രവാസികളുടെ കൂട്ടായ്മക്കാണ് വേദിയൊരുക്കിയത്. ഖത്തറിൽനിന്ന് 275 പേരടങ്ങിയ സംഘമാണ് പി.ബി.ഡിയിൽ പങ്കെടുത്തത്. യു.എ.ഇയും മൊറീഷ്യസും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രവാസി പ്രതിനിധികൾ പങ്കെടുത്തത് ഖത്തറിൽനിന്നായിരുന്നു.
സമാപന സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ സമ്മാനിച്ചു. പ്രവാസി വോട്ടവകാശം, വിമാനനിരക്ക് വർധന, കേരളത്തിലെ വിവിധ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ ഗൾഫ് രാജ്യങ്ങളിൽനിന്നെത്തിയ പ്രതിനിധികൾ സമ്മേളനത്തിൽ ഉന്നയിച്ചു. ‘ഇന്ത്യൻ തൊഴിലാളികളുടെ ആഗോള സ്വീകാര്യതക്ക് പ്രവാസി സമൂഹത്തിന്റെ പങ്ക്’ വിഷയത്തിൽ നടന്ന സെഷനിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടു.
സെഷനിൽ പങ്കെടുത്ത ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പ്രവാസികളുടെ ക്ഷേമം മുൻനിർത്തി കേരള സർക്കാർ ആരംഭിച്ച നോർക്ക മാതൃകയിൽ മറ്റു സംസ്ഥാനങ്ങളും ആരംഭിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
70 രാജ്യങ്ങളിൽനിന്നായി മൊത്തം 3500ലേറെ പ്രതിനിധികളാണ് പ്രവാസി ഭാരതീയ ദിവസിനെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന സമയത്ത് സ്ഥലപരിമിതി കാരണം, ഡെലിഗേറ്റ്സുകളിൽ ഭൂരിഭാഗം പേർക്കും ഹാളിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഇത് ചില പ്രതിനിധികളുടെ പ്രതിഷേധത്തിനും ഇടയാക്കിയെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. വിദേശ രാജ്യങ്ങളിലുള്ള ഓരോ ഇന്ത്യക്കാരനും രാജ്യത്തിന്റെ അംബാസഡർമാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജ്, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഡോ. മോഹൻ ബാബുരാജ്, മുൻ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് സാബിത് സഹീർ, കൾചറൽ ഫോറം വൈസ് പ്രസിഡന്റ് ടി.കെ. മുഹമ്മദ് കുഞ്ഞി, ട്രഷറർ എ.ആർ. അബ്ദുൽ ഗഫൂർ, കെ.എം.സി.സി നേതാവ് മുഹമ്മദ് ഈസ, മഷൂദ് തിരുത്തിയാട്, ഇൻകാസ് ഖത്തർ പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബാഗ്ലു, ഐ.സി.സി മാനേജിങ് കമ്മിറ്റി മെംബർമാരായ സജീവ് സത്യശീലൻ, അഫ്സൽ, കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷാനവാസ് ബാവ, അബ്രഹാം ജോസഫ്, കെ. സബീന തുടങ്ങി നിരവധി സംഘടനാ നേതാക്കളും പ്രതിനിധികളായെത്തിയിരുന്നു. ഖത്തറിൽനിന്ന് വനിത പ്രതിനിധികളും ഇക്കുറി ഏറെയുണ്ടായിരുന്നു. ഫിഫ ലോകകപ്പ് ഗംഭീരമായി നടത്തിയ രാജ്യമെന്ന നിലയിൽ ഖത്തറിൽനിന്നുള്ള പ്രതിനിധികൾക്ക് ഏറെ സ്വീകാര്യത കിട്ടിയതായി പ്രതിനിധികളിൽ ഒരാളായ മുഹമ്മദ് കുഞ്ഞി പറഞ്ഞു.
1915 ജനുവരി ഒമ്പതിന് മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്കു തിരിച്ചെത്തിയതിന്റെ ഓർമപുതുക്കലിനായി 2003ൽ കേന്ദ്ര സർക്കാർ ആരംഭിച്ചതാണ് പ്രവാസി ഭാരതീയ ദിവസ്. ലോകമെങ്ങുമുള്ള പ്രവാസികൾക്ക് ഒത്തുചേരാനും ആശയവിനിമയത്തിനുമുള്ള വേദിയാണ് സമ്മേളനം ഒരുക്കുന്നത്. പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചചെയ്യുന്ന സമ്മേളനം, രാജ്യത്തിന്റെ വികസനത്തിൽ നിർണായക സംഭാവന നൽകുന്ന പ്രവാസികളെ ആദരിക്കുന്ന വേദികൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.