ഈ ടീം ശരിയായ ദിശയിൽ; ലക്ഷ്യം ലോകകപ്പ് യോഗ്യതയും ഏഷ്യാകപ്പും -ടിം കാഹിൽ
text_fieldsദോഹ: അമേരിക്കയിൽ നടക്കുന്ന കോൺകകാഫ് ഗോൾഡ് കപ്പ് ഫുട്ബാളിൽ ഖത്തറിന്റെ പ്രകടനത്തെ പ്രശംസിച്ച് ടീം ടെക്നിക്കൽ ഡയറക്ടറും ആസ്ട്രേലിയൻ ഇതിഹാസവുമായ ടിം കാഹിൽ. ക്വാർട്ടർ ഫൈനലിൽ പാനമക്കെതിരെ 4-0ത്തിന് ടീം തോറ്റെങ്കിലും ലോകകപ്പ് യോഗ്യതമത്സരങ്ങൾക്കും ഏഷ്യൻ കപ്പിനും ഒരുങ്ങുന്ന ഖത്തറിന് പ്രകടനം മെച്ചപ്പെടുത്താൻ ഗോൾഡ് കപ്പിലെ അവസരം വഴിയൊരുക്കിയെന്ന് അദ്ദേഹം പറഞ്ഞു. ക്വാർട്ടർ മത്സരശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കഴിഞ്ഞ ഏതാനും നാളുകളായുള്ള ടീമിന്റെ പ്രകടനം അഭിമാനം നൽകുന്നതാണ്. വിവിധ ശൈലികളിൽ കളിക്കുന്ന എതിരാളികളെ നേരിട്ടു. കോൺകകാഫിൽ ആദ്യമത്സരത്തിൽ ഹെയ്തിയും പിന്നെ ഹോണ്ടുറസും മെക്സികോയുമായിരുന്നു. ഓരോ ഘട്ടത്തിലും വെല്ലുവിളികൾ ശക്തമായിരുന്നു. മത്സരങ്ങളെല്ലാം പിന്നിടുമ്പോൾ കളിയിലും ടീം മെച്ചപ്പെട്ടു’ -ടിം കാഹിൽ പറഞ്ഞു.പാനമക്കെതിരായ ക്വാർട്ടർ ഫൈനലിൽ കോച്ച് കാർലോസ് ക്വിറോസിനെയറും സസ്പെൻഷനിലായ ആറു താരങ്ങളുടെയും അസാന്നിധ്യം പ്രധാന പോരായ്മയായതായി കാഹിൽ പറഞ്ഞു.
‘ഫുട്ബാൾ ചിലപ്പോൾ ഏറെ പ്രയാസകരമാവും. പാനമക്കെതിരെ കോച്ചും അസി. കോച്ചും സസ്പെൻഷൻ കാരണം കളത്തിനു പുറത്തായ സാഹചര്യം ടീമിന് സങ്കീർണമായിരുന്നു. അവരുടെ സാന്നിധ്യത്തിൽ ടെക്നിക്കൽ ഏരിയയിൽ കോച്ചിന്റെ സ്ഥാനം ഞാൻ ഏറ്റെടുക്കുകയായിരുന്നു. ആറു കളിക്കാരുടെ സസ്പെൻഷനും ദോഷമായി’ -കാഹിൽ വിശദീകരിച്ചു.
എങ്കിലും രണ്ടാം പകുതിയിൽ അടുത്തടുത്ത മിനിറ്റുകളിൽ മൂന്നു ഗോൾ വഴങ്ങിയതിന് ഇത് ന്യായീകരണമാവില്ല. എങ്കിലും കളിക്കാർ തങ്ങളുടെ ജോലി ഭംഗിയായി ചെയ്തുവെന്ന് പറയും. ഏറ്റവും മികച്ച പ്രകടനവുമായാണ് ടീം മടങ്ങുന്നത്’ -മുൻ ആസ്ട്രേലിയൻതാരം വിശദീകരിച്ചു.നവംബറിൽ ആരംഭിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളും ജനുവരി-ഫെബ്രുവരിയിലെ ഏഷ്യൻ കപ്പും മുന്നിൽ കണ്ട് ടീം ശരിയായ ദിശയിൽ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
ടീമിന്റെ പ്രകടനത്തിൽ അഭിമാനിക്കുന്നു -അൽ മുഇസ് അലി
ദോഹ: കോൺകകാഫ് ഗോൾഡ് കപ്പിൽ ഖത്തറിന് ക്വാർട്ടറിൽ കാലിടറിയെങ്കിലും ടീമിന്റെ പ്രകടനത്തിൽ അഭിമാനമുണ്ടെന്നും പല താരങ്ങളും ആദ്യമായാണ് ഇതുപോലൊരു വലിയ ടൂർണമെന്റിൽ പങ്കെടുക്കുന്നതെങ്കിലും അവരുടെ പ്രകടനം അത്ഭുതപ്പെടുത്തിയെന്നും സ്റ്റാർ സ്ട്രൈക്കർ അൽ മുഇസ് അലി.
ക്വാർട്ടർ ഫൈനലിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് അൽ അന്നാബികൾ പാനമക്കു മുന്നിൽ അടിയറവ് പറഞ്ഞത്. 2021ൽ അതിഥി ടീമായി ഗോൾഡ് കപ്പിനെത്തി നടത്തിയ പ്രകടനം ഖത്തറിന് ഇവിടെ ആവർത്തിക്കാനായില്ല. യുവതാരങ്ങളെ ഉൾപ്പെടുത്തുന്നതിനായി ഹസൻ അൽ ഹൈദൂസ്, അക്രം അഫീഫ് തുടങ്ങിയവരുൾപ്പെടുന്ന നിരവധി മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകിയാണ് പരിശീലകൻ കാർലോസ് ക്വിറോസ് ഗോൾഡ് കപ്പ് ടീമിനെ പ്രഖ്യാപിച്ചത്. ടീമിലെ പല താരങ്ങളും ആദ്യമായി ദേശീയ ടീമിനുവേണ്ടി കളിക്കുന്നവരായിരുന്നു.
എന്നാൽ, പ്രതീക്ഷകൾക്കപ്പുറത്തെ പ്രകടനമാണ് ഓരോ താരവും ടീമിനായി പുറത്തെടുത്തത്. മികച്ച പ്രതിബദ്ധതയോടെയും അർപ്പണബോധത്തോടെയുമാണ് അവർ പന്തുതട്ടിയത്. തുടക്കക്കാരെന്ന് തോന്നിപ്പിക്കാതെയുള്ള അവരുടെ പ്രകടനം എന്നെ അത്ഭുതപ്പെടുത്തി. അവരെയോർത്ത് എനിക്ക് അഭിമാനമുണ്ട് -മുഇസ് അലി പറഞ്ഞു. പരിക്കിനെ തുടർന്ന് ഗ്രൂപ് ഘട്ടം മുഴുവൻ നഷ്ടമായ മുഇസ് അലി പാനമക്കെതിരായ ക്വാർട്ടറിലാണ് കളിക്കളത്തിൽ മടങ്ങിയെത്തിയത്. 2021 ഗോൾഡ് കപ്പിൽ നാലു ഗോളുകൾ നേടി ടോപ് സ്കോറർ കൂടിയായിരുന്നു താരം.
‘ഓരോ മത്സരശേഷവും ടീം മെച്ചപ്പെട്ടു. പാനമക്കെതിരായ മത്സരത്തിൽ സാഹചര്യങ്ങൾ തിരിച്ചടിച്ചു. ഗോൾകീപ്പർ മിഷ്അൽ ബർഷം, പ്രതിരോധനിരയിലെ താരിഖ് സൽമാൻ, മധ്യനിരതാരങ്ങളായ മുഹമ്മദ് വഅദ്, അഹ്മദ് ഫാതി, സ്ട്രൈക്കർ മൻസൂർ മുഫ്ത തുടങ്ങിയവരാണ് സസ്പെൻഷൻ മൂലം പുറത്തിരുന്നത്. പരിശീലകൻ ക്വിറോസും സഹപരിശീലകനും മുൻ മത്സരത്തിൽ സസ്പെൻഷൻ ലഭിച്ചതും തിരിച്ചടിയായി’ - അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്വാർട്ടറിൽ രണ്ടാം പകുതിയിൽ ഒമ്പതു മിനിറ്റിനുള്ളിൽ മൂന്നു ഗോൾ നേടിയ ഇസ്മാഈൽ ഡിയാസാണ് ഖത്തറിന്റെ പരാജയഭാരം കൂട്ടിയത്. പാനമക്കെതിരായ മത്സരത്തിലെ ടീമിന്റെ ദയനീയ പ്രകടനവും ടീമിനെ പ്രതികൂലമായി ബാധിച്ചെന്നും അൽ മുഇസ് അലി പറഞ്ഞു. ആദ്യ പകുതിയിൽ അവസരങ്ങൾ മുതലെടുക്കുന്നതിൽ ടീം വലിയ പരാജയമായിരുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.