ഇന്ത്യൻ കാപ്സികം, ഏലം, പോത്തിറച്ചി ഇറക്കുമതി: ഗുണനിലവാര പരിശോധന കർശനമാക്കി ഖത്തർ
text_fieldsദോഹ: ഇന്ത്യയിൽ നിന്നുള്ള കാപ്സികം, ഏലം, ഒരിനം ഫ്രോസൻ പോത്തിറച്ചി എന്നിവയുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട നടപടികൾ ഖത്തർ ശക്തമാക്കി. മനുഷ്യശരീരത്തിന് ഹാനികരമായ കീടനാശിനി ഇല്ലെന്നും പോത്തിറച്ചി ബാക്ടീരിയകളിൽ നിന്ന് മുക്തമാണെന്നും ഉറപ്പുവരുത്താനാണിത്. ഇത് സംബന്ധിച്ച് പൊതുജനാരോഗ്യമന്ത്രാലയം എല്ലാ തുറമുഖങ്ങളിലേക്കും നിർദേശങ്ങൾ അയച്ചിട്ടുണ്ട്.
നിലവിൽ എത്തിയ ഇത്തരം ഉൽപന്നങ്ങൾ പുതിയ മാനദണ്ഡങ്ങൾ പ്രകാരം പരിശോധിക്കണം. രാജ്യത്ത് നിലവിലുള്ള ആരോഗ്യസംബന്ധമായ എല്ലാ മാനദണ്ഡങ്ങളും ആവശ്യമായ ചട്ടങ്ങളും ഗുണനിലവാരവും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയാൽ മാത്രമേ ഇവ വിട്ടുകൊടുക്കാൻ പാടുള്ളൂവെന്നും നിർദേശത്തിൽ പറയുന്നു. ഏപ്രിൽ ഒന്നുമുതൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാപ്സികം, ഏലം, ഒരിനം പോത്തിറച്ചി എന്നിവയുടെ കൂടെ ഐ.എസ്.ഒ 17025 അംഗീകാരമുള്ള ലബോറട്ടിയിൽ നിന്നുള്ള ഗുണനിലവാരമടക്കമുള്ള കാര്യങ്ങളെല്ലാം വിശദമാക്കുന്ന സാക്ഷ്യപത്രം ഉണ്ടായിരിക്കണം.
ഏപ്രിൽ ഒന്നുമുതൽ ഇത് നിർബന്ധമാണ്. അല്ലെങ്കിൽ ഇന്ത്യയിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള രേഖ ഉണ്ടായിരിക്കണം. ഉൽപന്നങ്ങൾ മനുഷ്യശരീരത്തിന് ഹാനികരമെല്ലന്നും സുരക്ഷിതമാണെന്നും സാക്ഷ്യപ്പെടുത്തുന്നതായിരിക്കണം ഈ രേഖ. കാപ്സികവും ഏലവും കീടനാശിനിമുക്തമാണെന്ന് ഇതിൽ രേഖപ്പെടുത്തിയിരിക്കണം. പോത്തിറച്ചി സാൽമനെല ബാക്ടീരിയ മുക്തമാണെന്നും ഈ സാക്ഷ്യപത്രത്തിലോ ബന്ധപ്പെട്ട വകുപ്പുകളിലെ രേഖയിൽ നിന്നോ തെളിഞ്ഞിരിക്കണം.
കുടല്‍ വീക്കം, ടൈഫോയ്ഡ് എന്നിവക്ക് കാരണമായതും മനുഷ്യൻെറയും മൃഗങ്ങളുടെയും കുടലില്‍ കാണപ്പെടുന്നതുമായ ബാക്ടീരിയയാണ് സാൽമനെല. ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാകുന്നതുവരെ ഇത്തരം നടപടികൾ തുടരും. ആവശ്യമെങ്കിൽ ഈ ഉൽപന്നങ്ങളുടെ ഇറക്കുമതി നിേരാധിക്കുമെന്നും ആരോഗ്യമന്ത്രാലയം തുറമുഖങ്ങൾക്കയച്ച നിർദേശങ്ങളിൽ ഉണ്ട്.
ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട നിരന്തരനടപടികളുെട ഭാഗമായാണ് ആരോഗ്യമന്ത്രാലയത്തിൻെറ കീഴിലുള്ള ഭക്ഷ്യസുരക്ഷാവകുപ്പ് പുതിയ നിർദേശങ്ങൾ പുറെപ്പടുവിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട് മനുഷ്യനുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കൽ, ഓരോ ഉൽപന്നങ്ങളുടെയും നിരീക്ഷണം, ഭക്ഷ്യവസ്തുക്കൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തൽ എന്നിവയുമായി ബന്ധപ്പെട്ട തുടർനടപടികളാണ് ഇക്കാര്യങ്ങളിൽ ഉണ്ടാകുന്നത്. ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്ന രാജ്യങ്ങൾ ഇത്തരം മാനദണ്ഡങ്ങൾ ഉറപ്പുവരുത്തണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.