കൊറിയയെ വീഴ്ത്താൻ ഖത്തർ
text_fieldsദോഹ: അഞ്ചു ദിവസം മുമ്പ് സ്വന്തം മണ്ണിൽ നാട്ടുകാരുടെ മുന്നിലേറ്റ തോൽവിയുടെ ആഘാതം തേച്ചുമായ്ക്കാൻ ഉറച്ച് ഖത്തർ ഇന്ന് രണ്ടാം അങ്കത്തിൽ ബൂട്ടണിയുന്നു. ലോകകപ്പ് ഏഷ്യൻ യോഗ്യതയുടെ മൂന്നാം റൗണ്ടിലെ നിർണായക അങ്കത്തിൽ ഉത്തര കൊറിയയാണ് എതിരാളികൾ.
കൊറിയക്കാരുടെ ഹോം ഗ്രൗണ്ടായ ലാവോസിലെ വീൻന്റിയാൻ ന്യൂ ലാവോസ് സ്റ്റേഡിയത്തിൽ ഖത്തർ സമയം വൈകുന്നേരം മൂന്നിനാണ് കിക്കോഫ്. ബെൽജിയം വംശജനായ എഡ്മിൽസൺ ജൂനിയറും, മുന്നേറ്റ നിരക്കാരൻ അഹമദ് അൽ റാവിയും ഉൾപ്പെടെ പുത്തൻ ഊർജം നിറച്ചാണ് അക്രം അഫീഫും, അൽ മുഈസ് അലിയും ഉൾപ്പെടെയുള്ള താരങ്ങളുമായി ഖത്തർ ഇറങ്ങുന്നത്.
അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ യു.എ.ഇയോട് 3-1ന് ദയനീയമായി തോറ്റത് ചില്ലറയൊന്നുമല്ല ഖത്തറിന് തിരിച്ചടിയായത്.
ആദ്യ പകുതിയിൽ ഒരു ഗോളിന് ലീഡ് നേടിയ ശേഷം, നിശ്ശേഷം തകർന്ന പ്രതിരോധ നിരയും, ആക്രമണത്തിൽ മൂർച്ച കുറഞ്ഞ മുന്നേറ്റവും തോൽവിക്ക് കാരണമായി. ഈ വീഴ്ചകൾ തിരുത്തിയാവും ഖത്തർ ഫിഫ റാങ്കിങ്ങിൽ 110ാം സ്ഥാനത്തുള്ള കൊറിയക്കെതിരെ ഇറങ്ങുന്നത്.
കഴിഞ്ഞ കളിയിലെ വീഴ്ചയെ കളിയുടെ ഭാഗമെന്ന് വിശേഷിപ്പിച്ച കോച്ച് മാർക്വേസ് ലോപസ്, അടുത്ത അങ്കം ജയിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുന്നു.
എതിരാളികളായ കൊറിയയും മികച്ച ഫുട്ബാളാണ് കളിക്കുന്നതെന്നും, അവർക്കെതിരായ മത്സരം അനായാസമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിജയിക്കാൻ ഉറച്ചാണ് നിർണായക മത്സരത്തിൽ ബൂട്ടുകെട്ടുന്നതെന്ന് ഖത്തർ താരം യൂസുഫ് അബ്ദുൽ റസാഖും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.