വെസ്റ്റ്ബാങ്കിലെ ഫലസ്തീനികൾക്ക് സഹായവുമായി ഖത്തർ
text_fieldsദോഹ: പതിനൊന്നാം മാസം പിന്നിട്ട ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിനിടെ ഫലസ്തീനികൾക്ക് വീണ്ടും ധനസഹായവുമായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്. അധിനിവേശ വെസ്റ്റ്ബാങ്കിൽ കുടുങ്ങിയ ഫലസ്തീനികൾക്കാണ് അടിയന്തര സഹായമായി 45 ലക്ഷം ഡോളർ സഹായമെത്തിക്കുമെന്ന് ഖത്തറിനു കീഴിലെ ക്യു.എഫ്.എഫ്.ഡി പ്രഖ്യാപിച്ചത്.
മേഖലയിൽ ജീവകാരുണ്യ, രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഐക്യരാഷ്ട്ര സഭ ഏജൻസിയായ യു.എൻ റിലീഫ് ആൻഡ് വർക്സ് (യു.എ.ആർ.ഡബ്ല്യു.എ) വഴിയാണ് ഈ തുകയെത്തിക്കുന്നത്. വെസ്റ്റ്ബാങ്കിലെ ഇസ്രായേല്‍ അധിനിവേശ മേഖലയില്‍ ദുരിതമനുഭവിക്കുന്ന 4400 ഫലസ്തീന് തൊഴിലാളികള്‍ക്കും രോഗികള്‍ക്കുമാണ് സഹായം ലഭ്യമാക്കുക.
ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയും യു.എൻ ഏജൻസിയും തമ്മിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് ക്യു.എഫ്.എഫ്.ഡിയുടെ സഹായം. അടിസ്ഥാന വരുമാന മാർഗം പോലുമില്ലാതെ ഇസ്രായേൽ അധിനിവേശ സേന ആയിരക്കണക്കിന് ഫലസ്തീനികളെയാണ് വെസ്റ്റ് ബാങ്കിലേക്ക് നാടുകടത്തിയത്. യുദ്ധം കൂടി ആരംഭിച്ചതോടെ നരകതുല്യമാണ് മേഖലയിലെ ജീവിതം. നിരവധി പേരെ കാണാതായതായും വിവിധ ഏജൻസി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.