സ്റ്റാർട്ടപ്പുകൾക്ക് വൻ നിക്ഷേപവുമായി ഖത്തർ
text_fieldsദോഹ: മിഡിലീസ്റ്റിലെ ആദ്യ വെബ് സമ്മിറ്റിന് ഖത്തർ വേദിയൊരുക്കുന്നതിനിടെ സ്റ്റാർട്ടപ്പുകളുടെ പ്രോത്സാഹനത്തിന് വൻ നിക്ഷേപം പ്രഖ്യാപിച്ച് ഖത്തർ. തിങ്കളാഴ്ച ആരംഭിച്ച നാലു ദിന വെബ് സമ്മിറ്റിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയാണ് പ്രാദേശിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നൂറുകോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചത്. ഖത്തറിലെയും മേഖലയിലെയും സ്റ്റാര്‍ട്ടപ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് വൻ നിക്ഷേപം.
രാജ്യത്തെ ആദ്യത്തെ സംരംഭക മൂലധനമാണ് ഇതെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഖത്തറിന്റെ സാങ്കേതികവിദ്യ രംഗത്തെ കുതിപ്പിനും, നാളത്തെ പുതുമയേറിയ കണ്ടെത്തലുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിക്ഷേപമാണിതെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതിക രംഗത്തെ പരിണാമം അടയാളപ്പെടുത്തുന്ന നാഴികക്കല്ലാണ് ഖത്തര്‍ വെബ് സമ്മിറ്റെന്ന് അദ്ദേഹം സൂചിപ്പിച്ചു. ലോകകപ്പ് ഫുട്ബാളിനും ഫോര്‍മുല വണിനും എക്സ്പോക്കും ശേഷം സാങ്കേതിക ലോകത്തെയും ഖത്തര്‍ സ്വാഗതം ചെയ്യുകയാണ്. രാജ്യത്തിന്റെ സുസ്ഥിരതയും വൈവിധ്യവത്കരിക്കപ്പെടുന്ന സമ്പദ് വ്യവസ്ഥയും വഴി ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയും ഉയർന്ന ജീവിതനിലവാരം ഉറപ്പാക്കുകയും ചെയ്യുകയെന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം നിക്ഷേപങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ വമ്പൻ സാങ്കേതികപരിപാടികൾക്ക് ഖത്തർ വേദിയാകുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സ്റ്റാർട്ടപ്പുകളും നിക്ഷേപകരും പങ്കെടുത്ത ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതിക പുരോഗതിയിൽ മാത്രമല്ല, മാനുഷിക നേട്ടങ്ങളുമായും ഖത്തർ പുതിയ യുഗത്തിന്റെ പടിവാതിൽക്കലാണെന്നും വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും വർഷങ്ങളിലായി സാങ്കേതിക മേഖലയിൽ കണ്ടെത്തലുകളിലും നിക്ഷേപങ്ങളിലുമായി അറബ് മേഖല മികച്ച മുന്നേറ്റം നടത്തുന്നതായി വെബ് സമ്മിറ്റ് സി.ഇ.ഒ കാതറിൻ മാഹിർ പറഞ്ഞു.
സാങ്കേതിക മേഖലയിലെ പ്രമുഖരും സ്റ്റാര്‍ട്ടപ്പുകളും പങ്കെടുക്കുന്ന വെബ് സമ്മിറ്റ് 29ന് സമാപിക്കും, 1000 സ്റ്റാര്‍ട്ടപ്പുകളാണ് സമ്മിറ്റിന് എത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.