ഹോട്ടൽ മേഖലയിൽ ഖത്തർ മുൻനിരയിലേക്ക്
text_fieldsദോഹ: 2023ഓടെ മേഖലയിലെ ഹോസ്പിറ്റാലിറ്റി രംഗത്ത് മുൻനിരക്കാരായി ഖത്തർ മാറുമെന്ന് കമേഴ്സ്യൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ ആഗോള ഭീമന്മാരായ കോളിയേഴ്സ്. മിന മേഖലയിലെ (മിഡിലീസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക) ഹോട്ടലുകളുമായി ബന്ധപ്പെട്ട് കോളിഴേയ്സ് പുറത്തുവിട്ട പാദവാർഷിക റിവ്യൂ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
രണ്ടുവർഷം കൊണ്ട് രാജ്യത്ത് 15,800 ഹോട്ടൽ മുറികൾ ലഭ്യമാവുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എല്ലാവിഭാഗങ്ങളിലെയും ഹോട്ടലുകളുടെ നിരക്കിൽ ഇക്കഴിഞ്ഞ ജൂലൈയിൽ വലിയ വർധനവുണ്ടായതായി പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പി.എസ്.എ) പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിൽ സന്ദർശകരുടെ എണ്ണം വർധിക്കുകയും ക്വാറൻറീന് ആവശ്യക്കാർ കൂടുകയും ചെയ്തതോടെ ത്രീ സ്റ്റാർ ഹോട്ടലുകളിലെ തിരക്ക് 89 ശതമാനത്തിലേക്കുയർന്നതായി പി.എസ്.എ ചൂണ്ടിക്കാട്ടി. ജൂണിൽ 82 ശതമാനമായിരുന്നു ഇത്. ഫോർ സ്റ്റാർ ഹോട്ടലുകളിലെ ആവശ്യക്കാരുടെ നിരക്ക് 62 ശതമാനമായി ഉയർന്നതായും ജൂണിൽ ഇത് 59 ശതമാനമായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ടു, വൺ സ്റ്റാർ ഹോട്ടലുകളിലും കാര്യമായ വർധനവുണ്ടായിട്ടുണ്ട്.
ഡീലക്സ് ഹോട്ടൽ അപ്പാർട്ട്മെൻറുകളിലെയും സ്റ്റാൻഡേർഡ് ഹോട്ടൽ അപ്പാർട്ട്മെൻറുകളിലെയും ജൂലൈയിലെ ഒക്യുപെൻസി നിരക്ക് യഥാക്രമം 60 ശതമാനവും 78 ശതമാനവുമായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിലെ മൂന്നാംഘട്ടം നടപ്പിൽവന്നതോടെ ഹോസ്പിറ്റാലിറ്റി മേഖലയുടെ വളർച്ചക്ക് ആക്കംകൂട്ടിയിട്ടുണ്ട്.
രണ്ട് ഡോസ് വാക്സിനെടുത്ത ക്ലീനിങ്, ഹോസ്പിറ്റാലിറ്റി ജീവനക്കാർക്കും തൊഴിലാളികൾക്കും തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുമതി നൽകിയത് ഈ രംഗത്തെ കമ്പനികൾക്ക് വലിയ ആശ്വാസമായിരുന്നു.
ആരോഗ്യ മന്ത്രാലയത്തിൽനിന്നുള്ള അനുമതിയോടെ ഹോട്ടലുകളിലും ഓഡിറ്റോറിയങ്ങളിലും സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, പരിപാടികൾ 50 ശതമാനം ശേഷിയോടെ സംഘടിപ്പിക്കാനും മൂന്നാംഘട്ടത്തിൽ അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.