ഖത്തർ സേഫാണ്
text_fieldsജീവിതനിലവാരത്തിൽ മുൻനിരയിൽ
ദോഹ: ജീവിത നിലവാര സൂചിക കണക്കാക്കുന്ന ഓൺലൈൻ ഡേറ്റബേസ് പോർട്ടലായ നംബയോ പട്ടികയിൽ മികച്ച മുന്നേറ്റവുമായി ഖത്തർ. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഒമ്പത് സ്ഥാനം മെച്ചപ്പെടുത്തി ഖത്തർ ആദ്യപത്തിൽ ഇടം പിടിച്ചു. പുതുവർഷപ്പിറവിക്കു പിറകെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആഗോള തലത്തിൽ ഒമ്പതും, ഏഷ്യയിൽ രണ്ടാം സ്ഥാനത്തുമാണ് ഖത്തർ. 2024ൽ 18ാം സ്ഥാനത്തായിരുന്നു ഖത്തർ.
ഓരോ രാജ്യത്തെയും നഗരങ്ങളിലെയും വിവിധ ജീവിത നിലവാര സൂചികകളെ അടിസ്ഥാനമാക്കിയാണ് നംബയോ പട്ടിക തയാറാക്കുന്നത്. 193.3 പോയന്റ് സ്വന്തമാക്കിയാണ് ഖത്തര്‍ മുൻവർഷത്തേക്കാൾ മികച്ച സ്ഥാനത്തേക്ക് കുതിച്ചത്. കഴിഞ്ഞ തവണ 165.9 പോയന്റായിരുന്നു സ്കോർ.
അവശ്യ വസ്തുക്കൾ വാങ്ങാനുള്ള ശേഷി, മലിനീകരണം, താമസച്ചെലവ്, ജീവിതച്ചെലവ്, സുരക്ഷ, ആരോഗ്യമേഖലയുടെ ഗുണനിലവാരം, കാലാവസ്ഥ, യാത്രാ സൗകര്യം തുടങ്ങിയവയാണ് നംബയോ ജീവിത നിലവാര സൂചികയിലെ പ്രധാന മാനദണ്ഡങ്ങളായി കണക്കാക്കുന്നത്.
ഇവയിൽ ഓരോന്നിന്റെയും പ്രകടനം കണക്കിലെടുത്ത് തയാറാക്കുന്ന സൂചികയുടെ അടിസ്ഥാനത്തിൽ റാങ്കിങ് തീരുമാനിക്കും.
ലക്സംബര്‍ഗാണ് പട്ടികയില്‍ ഒന്നാമത്. നെതര്‍ലാൻഡ്സ്, ഡെന്മാര്ക്ക് എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഏഷ്യയില്‍ ഒമാന്‍ (നാല്) മാത്രമാണ് ഖത്തറിന് മുന്നറിലുള്ളത്. സ്വിറ്റ്സർലൻഡ് (5), ഫിൻലൻഡ് (6), ഐസ്ലൻഡ് (7), നോർവേ (8) എന്നിവർ ഖത്തറിന് മുന്നിലുണ്ട്.
കഴിഞ്ഞ തവണ ആദ്യ പത്തിലുണ്ടായിരുന്ന ജപ്പാന് 17ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേ സമയം അമേരിക്ക, ബ്രിട്ടൻ, ഫ്രാന്‍സ്, കാനഡ, ഇറ്റലി, അയര്‍ലന്‍ഡ്, സ്പെയിന്, ചൈന തുടങ്ങിയ രാജ്യങ്ങളെല്ലാം പട്ടിക പ്രകാരം ജീവിത നിലവാരത്തില്‍ ഖത്തറിനേക്കാള്‍ പിന്നിലാണ്. ജി.സി.സിയില്‍ നിന്നും യു.എ,ഇ 20ാം സ്ഥാനത്തും സൗദി അറേബ്യ 21ാം സ്ഥാനത്തുമുണ്ട്.
88 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 60ാം സ്ഥാനത്താണ്. ഇന്ത്യക്ക് പിന്നില്‍ 61ാം സ്ഥാനത്താണ് ചൈന.
പ്രവാസികൾക്കും സുരക്ഷിത ഇടം
ദോഹ: മലയാളികൾ ഉൾപ്പെടെ ഏറെ അന്യദേശക്കാർ താമസിക്കുന്ന ഗൾഫ്-മിഡിലീസ്റ്റ് മേഖലകളിൽ പ്രവാസികൾക്ക് ഏറ്റവും സുരക്ഷിതമായ മണ്ണ് ഖത്തറെന്ന് റിപ്പോർട്ട്. എക്സ്പ്രാട്രിയേറ്റ് ഗ്രൂപ് എന്ന അന്താരാഷ്ട്ര പ്രശസ്തമായ വെബ്സൈറ്റിന്റെ പുതിയ റിപ്പോർട്ടിലാണ് പ്രവാസികളായ ജനങ്ങളുടെ സുരക്ഷിത നാടുകളുടെ ഗണത്തിൽ ഖത്തറിനെയും തിരഞ്ഞെടുത്തത്. ലോക പട്ടികയിൽ ഒമ്പതാം സ്ഥാനവും, മിഡിലീസ്റ്റിൽ നമ്പർ വണ്ണുമാണ് ഖത്തർ.
പ്രവാസികളുടെ ആരോഗ്യം, ഇൻഷുറൻസ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ആഗോള സ്ഥാപനമാണ് എക്സ്പാട്രിയേറ്റ് ഗ്രൂപ്. 128 രാജ്യങ്ങളിൽനിന്ന് ശേഖരിച്ച ഡേറ്റ പ്രകാരമുള്ളതാണ് പുതിയ റിപ്പോർട്ട്. സംഘർഷ സാധ്യത, രാഷ്ട്രീയ സുസ്ഥിരത, പ്രകൃതി ദുരന്തങ്ങൾ, കുറ്റകൃത്യങ്ങളുടെ തോത് തുടങ്ങിയവ മാനദണ്ഡമാക്കിയാണ് ഏറ്റവും സുരക്ഷിതമായ രാജ്യത്തെ കണ്ടെത്തിയത്.
ഓരോ വിഭാഗത്തിലും ഓരോ രാജ്യത്തിനും നിശ്ചിത സ്കോർ നൽകിയിരുന്നു. എല്ലാ വിഭാഗങ്ങളിൽ നിന്നുമായി ലഭിച്ച മൊത്തത്തിലുള്ള സ്കോർ കണക്കാക്കിയാണ് പ്രവാസികൾക്ക് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ അന്തിമ റാങ്കിങ് നിർണയിച്ചത്.
ആദ്യ പത്ത് റാങ്കിങ്ങിൽ എത്തിയ യൂറോപ്പിന് പുറത്തുള്ള രണ്ട് രാജ്യങ്ങൾ ഖത്തറും ഒന്നാം സ്ഥാനത്തുള്ള സിംഗപ്പൂരും മാത്രമാണ്. സ്വിറ്റ്സർലൻഡ് , ഡെന്മാർക് , ഐസ്ലൻഡ്, സ്ലൊവേനിയ, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ഖത്തർ, ഫിൻലൻഡ്, എസ്തോണിയ എന്നിവരാണ് ആദ്യപത്തിലുള്ളവർ. റാങ്കിങ്ങിൽ ജി.സി.സി രാജ്യങ്ങളിൽ ബഹ്റൈൻ 13ാം സ്ഥാനവും കുവൈത്ത് 15ാം സ്ഥാനത്തുമാണ്. ഒമാൻ 24, യു.എ.ഇ 30, സൗദി അറേബ്യ 54 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ റാങ്കിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.