ഖത്തർ ടൂറിസം അവാർഡ് പ്രഖ്യാപനം ഒക്ടോബർ 27ന്
text_fieldsദോഹ: ഖത്തർ ടൂറിസം അവാർഡിന്റെ രണ്ടാം പതിപ്പിന്റ ഏഴംഗ വിധികർത്താക്കളെ തീരുമാനിച്ചു. ശൈഖ അലനൂദ് ബിൻത് ഹമദ് ആൽഥാനി, അലി ബിൻ ത്വവർ അൽ കുവാരി, എൻജിനീയർ അഅ്സം അബ്ദുൽ അസീസ് അൽ മന്നാഇ, മാർസൽ ലെയ്സർ, പ്രഫ. റന സുബ്ഹ്, റംസാൻ റാഷിദ് അൽ നഈമി, ഡോ. അബ്ദുല്ല ഹസ്സ അൽ മെഹ്ഷാദി എന്നിവരാണ് ജഡ്ജിങ് പാനലിലുള്ളത്.
രാജ്യത്തെ മികച്ച വിനോദസഞ്ചാര സംരംഭങ്ങൾ, സേവനങ്ങൾ, നൂതന ആശയങ്ങൾ, മികച്ച നേട്ടങ്ങൾ എന്നിവക്ക് പ്രോത്സാഹനം നൽകാനാണ് ഖത്തർ ടൂറിസം പുരസ്കാരം നൽകുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങൾക്ക് ഖത്തർ ടൂറിസം ആഗോള പ്രചാരം നൽകും. ഒക്ടോബർ 27നാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുക.
ഖത്തറിലെ ടൂറിസം മേഖലയുടെ വളർച്ചക്കും കാര്യക്ഷമതക്കും ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും കണ്ടെത്തി അംഗീകാരം നൽകുകയാണ് ഖത്തർ ടൂറിസം അവാർഡിലൂടെ ലക്ഷ്യമിടുന്നത്. ഖത്തർ ടൂറിസം പുരസ്കാരങ്ങൾ സമഗ്രത, പ്രകടനം, പുതുമ എന്നിവക്ക് ഊന്നൽ നൽകുന്നു.
സേവന മികവ്, ഗാസ്ട്രോണമിക് അനുഭവം, ഐക്കണിക് ആകർഷണം, ലോകോത്തര പരിപാടി, ഡിജിറ്റൽ കാൽപ്പാട്, സ്മാർട്ട് - സുസ്ഥിര വിനോദസഞ്ചാരം, സാമൂഹിക നേതൃത്വം എന്നിങ്ങനെ ഏഴ് പ്രധാന വിഭാഗങ്ങളായി തിരിച്ചാണ് അവാർഡുകൾ നൽകുന്നത്. വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം.
ആഗസ്റ്റ് എട്ടാണ് അവസാന തീയതി. കഴിഞ്ഞ വർഷം മുതൽക്കാണ് വേൾഡ് ടൂറിസം ഓർഗനൈസേഷനുമായി സഹകരിച്ച് ഖത്തർ ടൂറിസം അവാർഡുകൾ നൽകുന്നത്. എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിനായി വിനോദ സഞ്ചാര മേഖലക്ക് വലിയ പ്രാധാന്യമാണ് ഖത്തർ നൽകുന്നത്.
യൂറോപ്യൻ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ഖത്തർ ടൂറിസത്തിന്റെയും വിസിറ്റ് ഖത്തറിന്റെയും നേതൃത്വത്തിൽ വൻ പ്രചാരണം നടത്തുന്നു.
പ്രമുഖരെ ബ്രാൻഡ് അംബാസഡർമാരാക്കിയും യൂറോകപ്പ് ഉൾപ്പെടെ ഇവന്റുകളോടനുബന്ധിച്ച് ആക്ടിവേഷനുകൾ സംഘടിപ്പിക്കും വിവിധ രാജ്യങ്ങളിൽ പരസ്യം ചെയ്തും തീവ്ര ശ്രമത്തിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.