ടൂറിസം മികവിന് ‘ഖത്തർ ടൂറിസം അവാർഡ്’
text_fieldsദോഹ: വിനോദ സഞ്ചാര വികസന പദ്ധതിയിൽ പുതിയ കാൽവെപ്പുമായി ഖത്തർ ടൂറിസം. ഖത്തറിന്റെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയിൽ സംഭാവന നൽകുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി പ്രഥമ ഖത്തർ ടൂറിസം അവാർഡ് നൽകുന്ന നടപടിക്രമങ്ങൾക്ക് ചൊവ്വാഴ്ച തുടക്കം കുറിച്ചു. വേൾഡ് ടൂറിസം ഓർഗനൈസേഷനുമായി (യു.എൻ.ഡബ്ല്യൂ.ടി.ഒ) സഹകരിച്ചാണ് വിവിധ മേഖലകളിലായി 50ഓളം അവാർഡ് നൽകുന്നത്. ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒയുമായ അക്ബർ അൽ ബാകിർ, ചീഫ് ഓപറേറ്റിങ് ഓഫിസർ ബ്രെതോൽഡ് ട്രെങ്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ടൂറിസം മേഖലയുടെ വളർച്ചക്കും കാര്യക്ഷമതക്കും മികച്ച സേവനം നൽകുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും കണ്ടെത്തി അംഗീകാരം നൽകുകയാണ് അവാർഡിന്റെ ലക്ഷ്യമെന്ന് അക്ബർ അൽ ബാകിർ പറഞ്ഞു. ഇതാദ്യമായാണ് ഖത്തറിൽ ഇത്തരമൊരു അവാർഡ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു.
സർവിസ് എക്സലൻസ്, കൾചറൽ എക്സ്പീരിയൻസ്, സ്മാർട്ട് സൊലൂഷൻ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് അവാർഡ്. ഓരോന്നിലുമായി അനുബന്ധ വിഭാഗങ്ങൾ ഉൾപ്പെടെ 50 അവാർഡുകൾ പ്രഥമ ഖത്തർ ടൂറിസം അവാർഡായി പ്രഖ്യാപിക്കും. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഓൺലൈൻ വഴി മേയ് 12 മുതൽ തങ്ങളുടെ എൻട്രികൾ സമർപ്പിക്കാം. ജൂലൈ 31ന് മുമ്പായി എൻട്രി സമർപ്പിക്കണം. ലഭ്യമായ മുഴുവൻ അപേക്ഷകളിൽനിന്ന് തിരഞ്ഞെടുക്കുന്നവരെ അന്തിമ വിധിനിർണയത്തിനായി വിദഗ്ധർ അടങ്ങിയ ജഡ്ജിങ് പാനലിനു കൈമാറും. നവംബർ 10ന് നടക്കുന്ന അവാർഡ് നിശയിൽ പ്രമുഖരുടെ സാന്നിധ്യത്തിൽ വിജയികളെ പ്രഖ്യാപിക്കും.
രണ്ടു ഘട്ടങ്ങളായാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷകൾ ഖത്തർ ടൂറിസം വിലയിരുത്തിയശേഷം, ആവശ്യമെങ്കിൽ അഭിമുഖവും നടത്തിയാവും ഷോർട് ലിസ്റ്റ് ചെയ്യുക. തുടർന്ന് ചുരുക്കപ്പട്ടികയിലുള്ളവരിൽനിന്ന് ജഡ്ജിങ് പാനൽ വിജയികളെ കണ്ടെത്തും.
അവാർഡുകൾ
സർവിസ് എക്സലൻസ്
ടൂറിസം സേവന മേഖലയിലെ മികവിനാണ് ഈ വിഭാഗത്തിൽ പുരസ്കാരം നൽകുന്നത്. ചെറുതും വലുതുമായ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും സന്ദർശകർക്ക് മികച്ച യാത്രാനുഭവം നൽകിയതിന്റെ അടിസ്ഥാനത്തിൽ അവാർഡിന് അപേക്ഷിക്കാം. വീടുകളിൽ, ഖത്തറിലേക്കും ഇവിടെയുമുള്ള യാത്രകൾ എന്നീ ഘട്ടങ്ങളിലെ സേവനങ്ങൾ.
ഉദാഹരണം: ടൂറിസം മേഖലയിലെ സ്ഥാപനങ്ങളോടെ അല്ലെങ്കിൽ വ്യക്തികളോ സന്ദർശകർക്ക് ഉന്നത നിലവാരത്തിലുള്ളതും മികച്ചതും പ്രഫഷനലിസമുള്ളതുമായ സേവനം നൽകുകയും അവിസ്മരണീയ യാത്രാനുഭവം നൽകുന്നതിന്റെ അടിസ്ഥാനത്തിൽ അവാർഡിന് അപേക്ഷിക്കാം.
ഹോട്ടൽ, റസ്റ്റാറന്റ്, റീട്ടെയിൽ, ഷോപ്പിങ് മാൾ എന്നിവിടങ്ങളിലെ കസ്റ്റമർ സർവിസ്. പൊതു, സ്വകാര്യ ടൂറിസം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ. ഉപഭോക്തൃസേവനങ്ങൾ മെച്ചപ്പെടുത്തുന്ന വ്യക്തികളും മുൻനിര പ്രവർത്തകരും തുടങ്ങിവരുടെയെല്ലാം സേവനങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടും.
അവാർഡ് ഉപ വിഭാഗങ്ങൾ: ടൂർ ഓപറേറ്റർ, ഫൈവ് സ്റ്റാർ, ഫോർ സ്റ്റാർ, ത്രീ സ്റ്റാർ ഹോട്ടലുകൾ, റീട്ടെയിൽ ആൻഡ് ലോക്കൽ ഷോപ്, ഷോപ്പിങ് മാൾ, എന്റർടെയിൻമെന്റ്-റിക്രിയേഷൻ, റസ്റ്റാറന്റ് (കാഷ്വൽ ഡൈനിങ്), റസ്റ്റാറന്റ് (മൊബൈൽ ഔട്ലറ്റ്/ഫുഡ് ട്രക്ക്/കഫേ), റസ്റ്റാറന്റ്, സ്പാ, ടൂറിസ്റ്റ് സപ്പോർട്ട് ഓർഗനൈസേഷൻ. എല്ലാം ഉൾപ്പെടെ 40 അവാർഡുകളാണ് ഈ വിഭാഗങ്ങളിൽ.
കൾചറൽ എക്സ്പീരിയൻസ്
സന്ദർശകർക്ക് ഖത്തരി സംസ്കാരം, മൂല്യങ്ങൾ, പൈതൃകം, പാരമ്പര്യം തുടങ്ങിയവ നൽകുന്ന ചെറുതും വലുതുമായ സ്ഥാപനങ്ങൾക്കാണ് അവാർഡ്.
അവാർഡുകൾ: കൾചറൽ ആൻഡ് ടൂറിസ്റ്റ് അട്രാക്ഷൻ, കൾചറൽ എക്സ്പീരിയൻസ്, കൾചറൽ ഹെറിറ്റേജ് സൈറ്റ്. വിവിധ വിഭാഗങ്ങളിലായി എട്ട് അവാർഡുകൾ നൽകും.
സ്മാർട്ട് സൊലൂഷൻസ് ആൻഡ് ഇന്നവേഷൻസ്
വിനോദസഞ്ചാര മേഖലയിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ, ഉൽപന്നങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ മികവാണ് ഈ വിഭാഗത്തിൽ ആദരിക്കുന്നത്.
ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് ഖത്തറിന്റെ വിനോദസഞ്ചാര മേഖലയെ പരിചയപ്പെടുത്തുകയും സഞ്ചാരികളെ ആകർഷിക്കുകയും ചെയ്യുന്ന ട്രാവൽ സംവിധാനങ്ങൾ, ഖത്തറിൽ സന്ദർശകരുടെ യാത്ര, വിനോദകേന്ദ്രങ്ങളുടെ സ്ഥിതിവിവരങ്ങൾ തുടങ്ങിയവ ഒരുക്കുന്ന പ്രാദേശിക സ്ഥാപനങ്ങൾ എന്നിവയെല്ലാം ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്നു.
അവാർഡുകൾ. ഡിജിറ്റൽ ആൻഡ് ഇന്നവേഷൻ എക്സ്പീരിയൻസ്, വിസിറ്റർ മൊബിലിറ്റി ആൻഡ് ആക്സസബിലിറ്റി, ന്യൂ സൊലൂഷൻസ് ഇൻ സസ്റ്റയ്നബിലിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.