ഖത്തർ ടൂറിസം അവാർഡ്: ഇൻഫ്ലുവൻസർക്ക് വോട്ടു ചെയ്യാം
text_fieldsദോഹ: ഖത്തറിന്റെ വിനോദ സഞ്ചാര മേഖലകളിലെ സംഭാവനകൾക്കുള്ള അംഗീകാരമായി ഖത്തർ ടൂറിസം ഏർപ്പെടുത്തുന്ന പുരസ്കാര നടപടികൾ അവസാന ഘട്ടത്തിലേക്ക്. ഈ വർഷം അവസാനം പ്രഖ്യാപിക്കുന്ന അവാർഡുകളിലെ ശ്രദ്ധേയമായ ‘ടൂറിസം ഇൻഫ്ലുവൻസർ’ പുരസ്കാരത്തിനായി അവസാന പട്ടികയിൽ ഇടം നേടിയവർക്കുള്ള വോട്ടിങ് ആരംഭിച്ചു. പത്തുപേരാണ് നിലവിൽ അവസാന പട്ടികയിൽ ഇടം പിടിച്ചത്. സെപ്റ്റംബർ ഒമ്പതുവരെ വോട്ടിങ്ങിന് പൊതു ജനങ്ങൾക്ക് അവസരമുണ്ട്.
qatartourism.com/en/qatar-tourism-awards എന്ന ലിങ്ക് വഴി പ്രവേശിച്ച് ഇൻഫ്ലുവൻസർ പുരസ്കാരത്തിന് അർഹരായവരെ തിരഞ്ഞെടുക്കാം. പൊതുജനങ്ങളുടെ വോട്ടും, ജഡ്ജിങ് പാനലിന്റെ സ്കോറും പരിഗണിച്ച് വിജയിയെ തെരഞ്ഞെടുക്കും.
ഖത്തറിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റികളാണ് പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിലുള്ളത്. ഖലീഫ അൽ ഹാറൂൺ (ഐ ലവ് ഖത്തർ), അബ്ദുല്ല അസീസ് അൽ ഗഫ്റി (ക്യൂ.ക്യൂ.ക്യൂ), അബ്ദുൽഹാദി സാലിഹ് സലിം അൽ വകീൻ (അബ്ദുൽഹാദി), ഫാതിമ ദായ് (ന്യൂ ഇൻ ദോഹ), അബ്ദുല്ല ദർബേഷ്, സൗദ് അൽ കുവാരി, ഉസാമ അൽ നസാൻ, ടൂറിസം ഇൻ ഖത്തർ പ്ലാറ്റ്ഫോം, നൂർ അഹ്മദ് അൽ മസ്റൂഇ എന്നിവരാണ് അവസാന പട്ടികയിലുള്ള 10 പേർ.
സമൂഹ മാധ്യമങ്ങളും, പൊതു പ്ലാറ്റ്ഫോമുകളും ഉൾപ്പെടെ സർഗാത്മകമായ സംഭവനകളിലൂടെ വിനോദ സഞ്ചാരത്തിന് കാര്യമായ സംഭാവന നൽകിയവരാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഇതാദ്യമായാണ് പൊതുജനങ്ങൾക്ക് ടൂറിസം ഇൻഫ്ലുവൻസർക്ക് വോട്ടു ചെയ്യാനും അവസരം നൽകിയത്.
ഇത്തവണ വേൾഡ് ടൂറിസം ഓർഗനൈസേഷനുമായി (യു.എൻ ടൂറിസം) സഹകരിച്ചാണ് രണ്ടാം ഖത്തർ ടൂറിസം അവാർഡുകൾ നൽകുന്നത്. കഴിഞ്ഞ ജൂണിൽ ഓൺലൈൻ വഴി അപേക്ഷകൾക്കായി ക്ഷണിച്ചിരുന്നു. ആഗസ്റ്റ് എട്ടിനായിരുന്നു അവസാന തീയതി. വിവിധ വിഭാഗങ്ങളിലെ ചുരുക്കപ്പട്ടിക സെപ്റ്റംബർ പത്തിന് പ്രഖ്യാപിക്കും.
അവാർഡുകൾ ഏഴ് വിഭാഗങ്ങളിൽ
ഏഴ് പ്രധാന കാറ്റഗറികളിലാണ് ഇത്തവണ അവാർഡുകളുള്ളത്. സർവിസ് എക്സലൻസ്, രുചിവൈവിധ്യവുമായി ബന്ധപ്പെട്ട ഗാസ്ട്രോണമിക് എക്സ്പീരിയൻസ്, ഐക്കണിക് അട്രാക്ഷൻസ് ആൻഡ് ആക്ടിവിറ്റീസ്, വേൾഡ് ക്ലാസ് ഇവന്റ്സ്, ഡിജിറ്റൽ ഫൂട്ട് പ്രിൻറ്, സ്മാർട്ട് ആൻഡ് സസ്റ്റയ്നബ്ൾ ടൂറിസം, കമ്യൂണിറ്റി ലീഡർഷിപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.