വിനോദസഞ്ചാര പിന്തുണക്ക് ഖത്തർ ടൂറിസം അവാർഡുകൾ
text_fieldsദോഹ: ഖത്തറിന്റെ വിനോദസഞ്ചാര വികസന മേഖലകളിൽ സംഭാവന നൽകിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി ഖത്തർ ടൂറിസം ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരങ്ങൾ സമ്മാനിച്ചു. കഴിഞ്ഞ മേയ് മാസത്തിലായിരുന്നു വിനോദസഞ്ചാര വികസന പ്രവർത്തനങ്ങളുടെ ഭാഗമായി യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷനുമായി (യു.എൻ.ഡബ്ല്യൂ.ടി.ഒ) സഹകരിച്ച് ഖത്തർ ടൂറിസം അവാർഡുകൾ പ്രഖ്യാപിച്ചത്.
നാമനിർദേശം മുതൽ വിവിധ നടപടിക്രമങ്ങൾക്കൊടുവിലാണ് വിജയികളെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം റാഫ്ൾസ് ദോഹയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ടൂറിസം വളർച്ചയിൽ വ്യത്യസ്ത വിഭാഗങ്ങളിലായി സംഭാവന നൽകിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള അംഗീകാരമായാണ് പ്രഥമ പുരസ്കാര പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ ദശകങ്ങളിലായി ഖത്തറിന്റെ വിനോദസഞ്ചാര മേഖല അതിവേഗത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ട് വളരുകയും ലോകത്തെ മുൻനിര ടൂറിസ്റ്റ് കേന്ദ്രമായി മാറുകയും ചെയ്തതായി ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി പറഞ്ഞു. ഈ നേട്ടങ്ങൾ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സർവിസ് എക്സലൻസ്, കൾചറൽ എക്സ്പീരിയൻസ്, സ്മാർട് സൊലൂഷൻ എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. കമ്യൂണിറ്റി കോൺട്രിബ്യൂഷൻ വിഭാഗത്തിൽ നോർത്ത് സെദ്ര ഫാം, ഐൻ മുഹമ്മദ് വില്ലേജ്, അൽ കുബൈസി എജുക്കേഷനൽ റിസർവ്, ഇ.എൻ.കെ ഫാം ആൻഡ് മ്യൂസിയം, ഖാലിദ് ജമാൽ അൽ അജ്മി, ഖാലിദ് ബിൻ അബ്ദുല്ല അൽ ബിനാലി എന്നിവർ അർഹരായി. സർവിസ് വിഭാഗത്തിൽ 15 ഉപവിഭാഗങ്ങളിലായും കൾചറൽ എക്സ്പീരിയൻസിൽ മൂന്ന് വിഭാഗങ്ങളിലായും സ്മാർട് സൊലൂഷൻ കാറ്റഗറിയിൽ മൂന്ന് വിഭാഗങ്ങളിലായുമാണ് പുരസ്കാരങ്ങൾ സമ്മാനിച്ചു. ഖത്തർ റെയിൽ ഡിജിറ്റൽ ഇന്നൊവേഷനും ദോഹ ഫെസ്റ്റിവൽ സിറ്റി, മുവാസലാത് കർവ എന്നിവരും ന്യൂ സൊലൂഷൻസ് ഇൻ സസ്റ്റയ്നബിലിറ്റിയിൽ പുരസ്കാരം നേടി. കൾച്ചർ വിഭാഗത്തിൽ പേൾ ഐലൻഡ്, മിഷൈരിബ് പ്രോപ്പർട്ടീസ് എന്നിവയും ടൂറിസം സപ്പോർട്ട് ഓർഗനൈസേഷനിൽ കതാറ ഹോസ്പിറ്റാലിറ്റി, ഖത്തർ നാഷനൽ കൺവെൻഷൻ സെന്റർ, ഖത്തർ റെയിൽ, ഡിസ്കവർ ഖത്തർ എന്നിവരും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.