ക്രൂസ് വിനോദസഞ്ചാരം ഹിറ്റാവുന്നതായി ഖത്തർ ടൂറിസം സി.ഒ.ഒ
text_fieldsദോഹ: ഖത്തറിന്റെ വിനോദസഞ്ചാര മേഖലയിൽ കൂടുതൽ ശക്തമായി ക്രൂസ് ടൂറിസം. കര, വ്യോമ പാതകൾ വഴിയുള്ള സന്ദർശകർക്കൊപ്പം ക്രൂസ് കപ്പൽ യാത്രക്കാരുടെയും എണ്ണം വർധിച്ചതായി ഖത്തർ ടൂറിസം സി.ഒ.ഒ ബെർതോൾഡ് ട്രെങ്കൽ പറഞ്ഞു. വിവിധ രാജ്യങ്ങളിൽനിന്ന് കപ്പൽ കയറി വരുന്ന സഞ്ചാരികൾക്കൊപ്പം, പുതിയ സഞ്ചാരികളെ ആകർഷിക്കാൻ കഴിഞ്ഞതും ക്രൂസ് മേഖലയുടെ വിജയത്തിൽ പ്രധാന ഘടകമായി.
ഖത്തറിലെ ക്രൂസ് ടൂറിസം എല്ലാ അർഥത്തിലും വൻ വിജയകരമായിരുന്നുവെന്ന് ബെർതോൾഡ് ട്രെങ്കൽ പറഞ്ഞു. ഖത്തർ എയർവേസ്, ഹമദ് വിമാനത്താവളം വഴി ഖത്തറിലെത്തി ഇവിടെ താമസിക്കുന്നവർ, പിന്നീട് കപ്പലിൽ കയറി ചുറ്റി ഇവിടെത്തന്നെ വന്നിറങ്ങുന്നത് വലിയ മാറ്റമാണെന്നും ട്രെങ്കൽ കൂട്ടിച്ചേർത്തു.
ഏപ്രിൽ ആദ്യവാരം അവസാനിച്ച ക്രൂസ് സീസൺ 2022 -23ൽ 2,73,666 യാത്രക്കാരും ജോലിക്കാരുമാണുണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ക്രൂസ് സീസണിൽ 55 കപ്പലുകളായിരുന്നു ഷെഡ്യൂൾ ചെയ്തിരുന്നത്.
ലെ ബോഗൺവില്ലെ, എം.എസ്.സി വേൾഡ് യൂറോപ്പ, അർട്ടാനിയ, കോസ്റ്റ ടോസ്കാന, എയ്ഡകോസ്മ, എമറാൾഡ് അസൂറ, മെയ്ൻ ഷിഫ് സിക്സ് എന്നിവയുൾപ്പെടുന്ന കപ്പലുകളാണ് ദോഹ തുറമുഖത്ത് എത്തിയത്. 2021-22 സീസണുമായി താരതമ്യം ചെയ്യുമ്പോൾ ഈ സീസണിൽ ക്രൂസ് ഗതാഗതത്തിൽ 166 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും മികച്ച റെക്കോഡാണിതെന്നും മവാനി ഖത്തർ പറഞ്ഞു.
അതേസമയം, ഈ വർഷം ആദ്യ മാസങ്ങളിൽ മാത്രം രാജ്യത്തെത്തിയ സന്ദർശകരുടെ എണ്ണം 1.5 ദശലക്ഷം കവിഞ്ഞതായി ട്രെങ്കൽ വ്യക്തമാക്കി. കരമാർഗം ഖത്തറിലെത്തുന്നവരുടെ എണ്ണത്തിലും വലിയ വർധനയുണ്ടായതായും അദ്ദേഹം സൂചിപ്പിച്ചു.
കര അതിർത്തി വഴി നിരവധി സന്ദർശകരാണ് ഖത്തറിൽ എത്തിയത്. ഈ വേനലവധിയിൽ കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നു. അതോടൊപ്പം വർഷാവസാനത്തിൽ ഗണ്യമായ തോതിൽ സന്ദർശകരുടെ എണ്ണം വർധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം വിശദീകരിച്ചു. ക്രൂസ് സഞ്ചാരികൾക്ക് പുതു അനുഭവം പകരുന്ന ദോഹ തുറമുഖ ടെർമിനലും ശ്രദ്ധേയമായി മാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.