ടൂറിസത്തിന് ഇനി നല്ലകാലം; വിനോദസഞ്ചാരം കുതിപ്പിന്റെ പാതയിൽ
text_fieldsസന്ദർശകരുടെ പ്രധാന കേന്ദ്രമായ സൂഖ് വാഖിഫ്
ദോഹ: വിനോദസഞ്ചാര മേഖലയിൽ മിഡിൽ ഈസ്റ്റിലെ മുൻനിര കേന്ദ്രമായി മാറാൻ ഒരുങ്ങി ഖത്തർ. ഓരോ വർഷവും സന്ദർശകരുടെ എണ്ണത്തിൽ ശക്തമായ കുതിപ്പ് റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ ഈ വർഷം പ്രതീക്ഷിക്കുന്നത് റെക്കോഡ് സഞ്ചാരികളെയെന്ന് റിപ്പോർട്ട്.
ഡേറ്റ റിസർച്ച് സ്ഥാപനമായ ഫിച്ച് സൊലൂഷൻ റിപ്പോർട്ട് പ്രകാരം ഖത്തറിന്റെ സന്ദർശക മേഖല കുതിപ്പിന്റെ പാതയിലാണെന്ന് വിലയിരുത്തുന്നു. 2025-2029 കാലയളവിൽ രാജ്യത്തേക്കുള്ള സന്ദർശകരുടെ എണ്ണം ക്രമാനുഗതമായി വർധിക്കുമെന്ന് വിലയിരുത്തുന്ന ഫിച്ച് വിശകലനം പ്രകാരം, ഈ വർഷം യാത്രക്കാരുടെ എണ്ണം 53 ലക്ഷത്തിലേക്ക് ഉയരും.
കഴിഞ്ഞ പത്തുവർഷത്തിനിടയിലും രാജ്യത്തേക്കുള്ള സന്ദർശക പ്രവാഹം ശക്തമായ വർധിച്ചു. 2015ൽ 29.4 ലക്ഷം പേരായിരുന്നു എത്തിയതെങ്കിൽ, ലോകകപ്പ് ഫുട്ബാളിനു പിന്നാലെ ടൂറിസം മേഖല കൂടുതൽ കരുത്താർജിക്കുകയായിരുന്നു. സൗദി അറേബ്യ, ഇന്ത്യ, ജർമനി, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സന്ദർശക പ്രവാസം വർധിച്ചത് ഖത്തറിന്റെ ടൂറിസം സാധ്യതകൾക്കും ഊർജമായി. സർക്കാർ, സ്വകാര്യമേഖലയുടെ പിന്തുണയും നിർണായകമായി.
2029ഓടെ പ്രതിവർഷ സന്ദർശകരുടെ എണ്ണം 57 ലക്ഷത്തിലെത്തും. 2025-2029 കാലയളവിൽ 2.4 ശതമാനമാണ് ഓരോ വർഷവും കണക്കാക്കുന്നത്. വിവിധ ജി.സി.സി രാജ്യങ്ങൾ, ഏഷ്യൻ പസഫിക്, യൂറോപ്യൻ, വടക്കൻ അമേരിക്കൻ രാജ്യങ്ങൾ എന്നിവടങ്ങളിൽനിന്നും ഖത്തറിലേക്ക് സന്ദർശകരുടെ വരവ് കാര്യമായി വർധിക്കുന്നുണ്ട്. ഖത്തർ ടൂറിസം കണക്കുകൾപ്രകാരം 2024 കലണ്ടർ വർഷത്തിൽ 50 ലക്ഷമായിരുന്നു രാജ്യത്തെത്തിയ സന്ദർശകർ. ചരിത്രത്തിലെ ഏറ്റവും വലിയ സന്ദർശക പ്രവാഹമായി വിലയിരുത്തിയ ഈ കണക്കുകൾ, വരുംവർഷങ്ങളിലെ വർധനയുടെ സൂചനയാണ്.
വിവിധ രാജ്യങ്ങൾ കേന്ദ്രീകരിച്ച് സർക്കാർ, സ്വകാര്യ ഏജൻസികളുടെ നേതൃത്വത്തിൽ നടക്കുന്ന ടൂറിസം പ്രമോഷൻ പരിപാടികൾ രാജ്യത്തേക്കുള്ള ഹ്രസ്വ-മധ്യ കാല സന്ദർശകരുടെ എണ്ണവും വർധിപ്പിക്കുന്നു. സാങ്കേതികമായും ടൂറിസം പ്രമോഷൻ പരിപാടികൾക്ക് വിസിറ്റ് ഖത്തർ നേതൃത്വം നൽകുന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ ഫെബ്രുവരിയിൽ മൈക്രോസോഫ്റ്റുമായുണ്ടാക്കി കരാർ ഈ മേഖലയുടെ ഡിജിറ്റലൈസേഷന്റെ ഉദാഹരണമാണ്. അഡ്വഞ്ചർ പാർക്കുകൾ, നിർമാണങ്ങൾ, പൈതൃക സ്ഥലങ്ങൾ ഉൾപ്പെടെ പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വരവും ടൂറിസത്തെ ശക്തിപ്പെടുത്തും. ഇതിനു പിന്നാലെ വിവിധ രാജ്യങ്ങളിലെ ടൂറിസം റോഡ് ഷോകൾ, പ്രദർശനങ്ങൾ എന്നിവയും വിനോദ സഞ്ചാരത്തെ ഊർജിതമാക്കാനായുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.