ഇറാനിൽ ഓഫിസ് തുറന്ന് ഖത്തർ ടൂറിസം
text_fieldsദോഹ: വിവിധ ദേശങ്ങളിൽനിന്നുള്ള സഞ്ചാരികളെ ആകർഷിക്കുന്നതിന്‍റെ ഭാഗമായി ഇറാനിലും പുതിയ കേന്ദ്രം പ്രവർത്തനമാരംഭിച്ച് ഖത്തർ ടൂറിസം. ലോകകപ്പിനും തുടർന്ന് ഖത്തർ ദേശീയ വിഷൻ 2030ഉം മുന്നിൽ കണ്ടാണ് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിന്‍റെ ഭാഗമായി രാജ്യാന്തര പ്രതിനിധി ഓഫിസ് ഇറാന്‍റെ തലസ്ഥാനമായ തെഹ്റാനിൽ തുറന്നത്.
ഖത്തർ ടൂറിസത്തിന്‍റെ 13ാമത് ഗ്ലോബൽ പ്രതിനിധി ഓഫിസ് കൂടിയാണിത്. ഖത്തറിന്‍റെ വിനോദസഞ്ചാര പ്രോത്സാഹനം, പ്രചാരണ പരിപാടികൾ, ട്രാവൽ ഏജന്‍റുമാർക്കുള്ള പരിശീലനങ്ങൾ, പരസ്യങ്ങൾ, തദ്ദേശീയർക്കിടയിലെ പ്രചാരണം എന്നിവയാണ് പ്രതിനിധി ഓഫിസിന്‍റെ ദൗത്യങ്ങൾ.
സാംസ്കാരികമായും വാണിജ്യപരമായും ഖത്തറിനും ഇറാനുമിടയിൽ പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന്‍റെ ഭാഗമായി ഖത്തർ ടൂറിസം ലക്ഷ്യംവെച്ച 15 മേഖലകളിൽ ഒന്നാണ് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇറാൻ. പുതിയ കേന്ദ്രം ഇരുരാജ്യങ്ങൾക്കുമിടയിൽ സഞ്ചാരികളുടെ ഒഴുക്കിന് പ്രധാന ഘടകമായി മാറും -ഖത്തർ ടൂറിസം സി.ഒ.ഒ ബെർതോൾഡ് ട്രെങ്കൽ പറഞ്ഞു.
നിലവിൽ ദോഹയിൽനിന്ന് വിവിധ ഇറാൻ നഗരങ്ങളായ തെഹ്റാൻ, ഷിറാസ്, മഷ്ഹദ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലേക്ക് വിമാന സർവിസുകൾ സജീവമാണ്. ഇറാൻ പൗരന്മാർക്ക് ഖത്തറിലേക്ക് ഓൺ അറൈവൽ യാത്ര ലഭ്യമാണ്. 30 ദിവസ കാലാവധിയുള്ള ഓൺഅറൈവൽ വിസ, പിന്നീട് 30 ദിവസത്തേക്കുകൂടി ദീർഘിപ്പിക്കാനും അവസരമുണ്ട്. ഇതിനുപുറമെ, ലോകകപ്പിനെത്തുന്ന കാണികൾക്ക് മികച്ച ടൂറിസം അവസരങ്ങളും ഇറാൻ ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.