മറൈൻ ടൂറിസം ഗതാഗത നിയന്ത്രണങ്ങൾ പുതുക്കി ഖത്തർ ടൂറിസം
text_fieldsദോഹ: മറൈൻ ടൂറിസം ഓഫിസുകൾക്കും സമുദ്ര ഗതാഗത കപ്പലുകളുടെ എല്ലാ വിഭാഗങ്ങൾക്കും (എ, ബി, സി) ലൈസൻസ് നൽകുന്നതുൾപ്പെടെ മറൈൻ ടൂറിസം ഗതാഗത മാർഗനിർദേശങ്ങൾ പുതുക്കി ഖത്തർ ടൂറിസം.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിധേയമായി മറൈൻ ടൂറിസം വാഹന ഉടമകൾക്കും ഓപറേറ്റർമാർക്കും ഖത്തർ ടൂറിസത്തിന്റെ പുതിയ ഗൈഡും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. കപ്പലുകൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ സാങ്കേതിക ആവശ്യകതകളും സവിശേഷതകളും ഇതിലടങ്ങിയിട്ടുണ്ട്. 2018ലെ ടൂറിസം റെഗുലേഷൻ നിയമം അനുസരിച്ചാണ് ഇവ പുതുക്കിയിരിക്കുന്നത്.
2024 ക്ലാസിഫിക്കേഷൻ ഗൈഡ് 1.1 പ്രകാരം മാനദണ്ഡങ്ങളും ആവശ്യകതകളും പാലിക്കാത്ത എ വിഭാഗത്തിൽ ഉൾപ്പെടുന്ന കപ്പലുകൾ നിർദിഷ്ട ആവശ്യകതകൾ നിറവേറ്റുന്നതു വരെ ദോഹ കോർണിഷ് ഏരിയയിൽ പ്രവർത്തിക്കാനോ ഹാജരാകാനോ ഡോക്ക് ചെയ്യാനോ അനുവദിക്കില്ല. ചെറുയാത്രകൾക്ക് മാത്രം ഉപയോഗിക്കുന്ന ബോട്ടുകളാണ് എ വിഭാഗത്തിലുൾപ്പെടുന്നത്.
കോർണിഷ് ഭാഗത്ത് മാത്രമായിരിക്കും ഇവയുടെ പ്രവർത്തന മേഖല. ദീർഘദൂര യാത്രകൾക്കായി ഉപയോഗിക്കുകയും കോർണിഷിനപ്പുറം പ്രവർത്തിക്കുകയും ചെയ്യുന്നവയാണ് ബി വിഭാഗത്തിലുൾപ്പെടുന്ന ബോട്ടുകൾ. താമസവും ഭക്ഷണവും വാഗ്ദാനം ചെയ്യുന്നതും ദീർഘദൂര യാത്രകൾക്കുപയോഗിക്കുന്നതുമായ പ്രീമിയം, ആഡംബര ബോട്ടുകളാണ് സി വിഭാഗത്തിലുൾപ്പെടുന്നത്.
വ്യക്തികൾക്ക് എ വിഭാഗത്തിലുള്ള ബോട്ടുകൾ മാത്രമേ പ്രവർത്തിപ്പിക്കാൻ കഴിയു. എന്നാൽ ബി, സി വിഭാഗത്തിലുള്ള ബോട്ടുകൾ ലൈസൻസുള്ള ടൂറിസം കമ്പനികളാണ് പ്രവർത്തിപ്പിക്കേണ്ടത്.
മറൈൻ ടൂറിസം ഗതാഗത ഓഫിസുകളുടെ ഉടമകളും മാനേജർമാരും കപ്പൽ ഉടമകളും ഓപറേറ്റർമാരും അനുവദിക്കപ്പെട്ട സമയപരിധിക്കുള്ളിൽ (ആഗസ്റ്റ് 25, 2024) പുതിയ നിയന്ത്രണങ്ങൾ പാലിക്കണമെന്നും, മൂന്ന് മാസത്തെ ഇളവ് ഇതിലുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.