ഖത്തർ ടൂറിസം സ്കിൽ ഫെസ്റ്റ് ആരംഭിച്ചു
text_fieldsദോഹ: പ്രാദേശിക കലകളും കരകൗശല വിദ്യകളും സംസ്കാരവും പ്രചരിപ്പിക്കാനും സഞ്ചാരികളെ ആകർഷിക്കാനുമായി ഖത്തർ ടൂറിസത്തിന്റെ ആഭിമുഖ്യത്തിൽ സ്കിൽ ഫെസ്റ്റ് ആരംഭിച്ചു. മിശൈരിബ് ഗലേറിയ, പ്ലേയ്സ് വെൻഡോം, മാൾ ഓഫ് ഖത്തർ, വെസ്റ്റ് വാക് എന്നിവിടങ്ങളിൽ നടക്കുന്ന മേള ആഗസ്റ്റ് 15നാണ് സമാപിക്കുക. അറബിക് കാലിഗ്രഫി, ജ്യോതിശാസ്ത്രം, ശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ, കൈയെഴുത്തുപ്രതികൾ, പ്രാദേശിക സമുദ്രജീവികളെക്കുറിച്ചുള്ള പവിലിയനുകൾ, ഖത്തരി ഫോട്ടോഗ്രാഫർമാരുടെ ഫോട്ടോ പ്രദർശനം, 24 കലാകാരന്മാരുടെ കരകൗശല ഉൽപന്നങ്ങൾ തുടങ്ങിയവ മേളയുടെ ആകർഷണമാണ്. ഇത്തരമൊരു പരിപാടി ഖത്തർ ടൂറിസം ആദ്യമായാണ് നടത്തുന്നത്.
രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയും വൈകീട്ട് നാലുമുതൽ രാത്രി പത്തുവരെയുമാണ് പ്രവേശനം. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളെ ഖത്തറിന്റെ പൈതൃകത്തിലൂടെ ആകൃഷ്ടരാക്കുകയാണ് അധികൃതർ ലക്ഷ്യമാക്കുന്നത്. പ്രവേശനം സൗജന്യമാണ്. അറിവ് പകരുന്നതും ഖത്തർ സംസ്കാരത്തിലേക്ക് വെളിച്ചം വീശുന്നതും വിനോദദായകവുമാണ് സ്കിൽ ഫെസ്റ്റ് എന്ന് ഖത്തർ ടൂറിസം ഇവന്റ്സ് ആൻഡ് ഫെസ്റ്റിവൽ ടെക്നിക്കൽ സപ്പോർട്ട് വിഭാഗം മേധാവി ഹമദ് അൽ ഖാജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.