വേനലിലെ ആഘോഷപ്പട്ടികയുമായി ഖത്തർ ടൂറിസം
text_fieldsദോഹ: ചുട്ടുപൊള്ളുന്ന വേനലിൽ വിനോദവും, ആഘോഷവും സമ്മാനിച്ച് മധുരമുള്ള ഓർമകളാക്കിമാറ്റുന്ന ഒരുഡസൻ പരിപാടികളുമായി ഖത്തർ ടൂറിസത്തിന്റെ ആഘോഷപ്പട്ടിക പുറത്തിറങ്ങി. വേനൽക്കാല മാസങ്ങളിൽ നടക്കുന്ന വിനോദ പരിപാടികളുടെയും ചെറുകിട മേഖലകളിലെ ആകർഷക ഓഫറുകളുടെയും മറ്റു പ്രവർത്തനങ്ങളുടെയും പട്ടികയാണ് ഖത്തർ ടൂറിസം വാർഷിക കലണ്ടറിൽ ഉൾപ്പെടുത്തിയിരക്കുന്നത്.
കലാ, സാംസ്‌കാരിക പ്രവർത്തനങ്ങൾ മുതൽ അഡ്രിനാലിൻ പമ്പിംഗ് സാഹസികതകൾ വരെയുള്ള ഇനങ്ങളും, മുതിർന്നവർ മുതൽ ചെറിയ കുട്ടികൾ വരെയുള്ളവരെ ആകർഷിക്കുന്ന പ്രവർത്തനങ്ങളും ഖത്തറിലെ താമസക്കാർക്കും സന്ദർശകർക്കും അവിസ്മരണീയ വേനൽക്കാലം ഉറപ്പുനൽകുന്നു.
സാഹസികത ഇഷ്ടപ്പെടുന്നവർക്കും സാംസ്‌കാരിക അനുഭവങ്ങൾ അല്ലെങ്കിൽ കുടുംബ വിനോദങ്ങളാണോ തേടുന്നവർക്കുമെല്ലാം ഈ വമ്പൻ പാക്കേജുകളിൽ ഇടമുണ്ട്. താമസക്കാർക്കും സന്ദർശകർക്കും അനുയോജ്യമായതെല്ലാം ആഘോഷപട്ടികയിലുണ്ടെന്ന് ഖത്തർ ടൂറിസം ഇവന്റ്‌സ് ആൻഡ് ഫെസ്റ്റിവൽ ഓർഗനൈസിംഗ് വിഭാഗം ആക്ടിംഗ് ഹെഡ് നൂർ അബ്ദുല്ല ആൽഥാനി പറഞ്ഞു.
കുട്ടികൾക്ക്
കുട്ടികൾക്ക് ഉല്ലസിക്കാനും ആസ്വദിക്കാനും പരിപാടികൾ നിരവധിയാണ്. ഇതിനകം സന്ദർശക ശ്രദ്ധ പിടിച്ചുപറ്റിയ ഖത്തർ ടോയ് ഫെസ്റ്റിവൽ ആഗസ്റ്റ് അഞ്ച് വരെ ഡി.ഇ.സി.സിയിൽ നടക്കും. ദേശീയ തലത്തിൽ ആദ്യത്തേതും മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയതുമായ ടോയ് ഫെസ്റ്റിവലാണിത്.
കായിക പ്രേമികൾക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതാണ് ആസ്പയർ സമ്മർ ക്യാമ്പ്. ആഗസ്റ്റ് 10 വരെ നടക്കുന്ന ക്യാമ്പിൽ സാഹസികത നിറഞ്ഞ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പി.എസ്.ജിയുടെ ഖത്തർ അക്കാദമി സമ്മർ പരിപാടികൾ ഫുട്‌ബോൾ ഇഷ്ടപ്പെടുന്നവർക്ക് കഴിവുകൾ വളർത്താനുമുള്ള സുവർണാവസരമാണ്. ആഗസ്റ്റ് 24 വരെയാണ് അക്കാദമി സമ്മർ പ്രോഗ്രാമുകൾ.ഖത്തർ നാഷണൽ ലൈബ്രറിക്ക് കീഴിലെ സമ്മർ ക്യാമ്പ് ആഗസ്റ്റ് 24 വരെ തുടരും.
സാംസ്‌കാരിക പരിപാടികൾ
വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികളാണ് താമസക്കാർക്കായി ഖത്തർ ഒരുക്കിയത്. സൂഖ് വാഖിഫിൽ കഴിഞ്ഞ ഒരാഴ്ച പിന്നിട്ട എട്ടാമത് പ്രാദേശിക ഈത്തപ്പഴ മേള ശനിയാഴ്ച സമാപിക്കും. രാജ്യത്ത് ഉൽപാദിപ്പിക്കുന്ന ഏറ്റവും മികച്ച ഈത്തപ്പഴങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നതും വിൽപന നടത്തുന്നതും. ഹാൻഡ്-ഓൺ അനുഭവങ്ങൾ തേടുന്നവർക്ക് ഹീനത് സൽമ ഫാമിൽ ഹാൻഡ് ബിൽഡിംഗ് ക്ലേ വർക്ക്‌ഷോപ്പ് ആഗസ്റ്റ് 31 വരെ നടക്കുന്നുണ്ട്. കതാറയിൽ അറബി കാലിഗ്രഫി, കല, ഡിസൈൻ തുടങ്ങിയ വിഷയങ്ങളിൽ വ്യത്യസ്ത സെഷനുകളും ശിൽപശാലകളുടെ പരമ്പരയും സംഘാടകർ തയ്യാറാക്കിയിട്ടുണ്ട്. സെപ്തംബർ രണ്ടു വരെയാണ് സമയം. ആഗസ്റ്റ് 10ന് ആഫ്രിക്കൻ നൈറ്റ് ഓഫ് ലോഫ്റ്ററിൽ ഖത്തറിലെ ഏറ്റവും വലിയ കോമിക് നൈറ്റിന് ഹോളിഡേ ഇൻ ദോഹ വേദിയാകുന്നുണ്ട്.
സാഹസിക പ്രിയർക്ക്
സാഹസിക പ്രിയർക്കുള്ള അവസരമാണ് സ്‌കൈ മാസ്റ്റേഴ്‌സ് സ്‌പോർട്‌സ് ക്ലബ് ഒരുക്കിയിരിക്കുന്നത്. പാരാ ഗ്ലൈഡിംഗിന്റെ ഒരു നിര തന്നെ സന്ദർശകർക്കായി വാഗ്ദാനം ചെയ്യുന്നു. ആകാശത്തിലൂടെ കുതിച്ചുയരാനും അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ കാണാനുമുള്ള അവസരം കൂടിയാണിത്. ഗ്ലൈഡിംഗ്, സ്പിന്നിംഗ്, ഗ്രൂവിംഗ് എന്നിവ ഇഷ്ടപ്പെടുന്നവർ ദി ക്വസ്റ്റിലെ റോളർ സ്‌കേറ്റിംഗ് റിങ്ക് നഷ്ടപ്പെടുത്തരുത്. തിമിംഗല സ്രാവുകൾക്കരികിലേക്കുള്ള യാത്രയും ഇപ്പോൾ തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.