ഇന്നു മുതൽ കളിപ്പാട്ടമേളം
text_fieldsദോഹ: മേഖലയിലെ കുട്ടികളുടെ ഏറ്റവും വലിയ കളിക്കോപ്പുത്സവത്തിന് വ്യാഴാഴ്ച കൊടിയേറ്റം. ആഗസ്റ്റ് അഞ്ചു വരെ 25 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ലോകോത്തര കളിപ്പാട്ട ബ്രാൻഡുകളും വൈവിധ്യമാർന്ന കളിപ്പാട്ടശേഖരങ്ങളുമായി കുട്ടികളുടെ കണ്ണഞ്ചിപ്പിക്കുന്ന ലോകമാണ് അവതരിപ്പിക്കുന്നത്.
ലോകത്തിലെ വമ്പൻ കളിപ്പാട്ടനിർമാതാക്കളായ കമ്പനികളെയെല്ലാം ഒരു കുടക്കീഴിൽ ഒരുമിപ്പിച്ച്, ഖത്തർ ടോയ് ഫെസ്റ്റിവൽ ജൂലൈ 13 മുതൽ ആഗസ്റ്റ് അഞ്ചുവരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ അരങ്ങേറും.
കുട്ടികളെ മാത്രമല്ല, മുതിര്‍ന്നവരെക്കൂടി കളിപ്പാട്ടങ്ങളുടെയും കുട്ടിക്കളിയുടെയും മാന്ത്രിക ലോകത്തേക്ക് കൊണ്ടുപോകുമെന്ന വാഗ്ദാനവുമായാണ് ഫെസ്റ്റിവല്‍ വരുന്നത്. സാധാരണ ദിവസങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ രാത്രി 10 വരെയും വാരാന്ത്യ ദിനങ്ങളിൽ രണ്ടു മുതല്‍ രാത്രി 11 വരെയുമാണ് സന്ദര്‍ശന സമയം. ബാര്‍ബീ, ഡിസ്നി പ്രിന്‍സസ്, ബ്ലിപ്പി, ഹോട്ട് വീല്‍സ്, മോണോപൊളി തുടങ്ങി 25ഓളം അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ സാന്നിധ്യമാണ് ശ്രദ്ധേയം.
വിവിധ വിനോദപരിപാടികളും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. ടിക്കറ്റ് മുഖേനയാവും സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്. കുട്ടികൾക്കും കുടുംബങ്ങൾക്കും അപൂർവമായൊരു വിനോദമാണ് ഒരുക്കിയിരിക്കുന്നതെന്ന് ഖത്തർ ടൂറിസം മാർക്കറ്റിങ്-പ്ലാനിങ് മേധാവി ശൈഖ ഹെസ്സ ആൽഥാനി പറഞ്ഞു. ഖത്തർ ടൂറിസത്തിന്റെ ഫീൽ സമ്മർ ഇൻ ഖത്തർ കാമ്പയിനിന്റെ ഭാഗമായാണ് മേഖലയിലെതന്നെ ശ്രദ്ധേയമായ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വിവിധ പ്രായവിഭാഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് നാലു മേഖലകളായാണ് ഡി.ഇ.സി.സിയിൽ ഫെസ്റ്റ് നടക്കുന്നത്. നാലു മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് ഫാൻസി ലാൻഡ്, അഞ്ചു മുതൽ 15 വരെ പ്രായക്കാർക്ക് ചാമ്പ്യൻസ് ലാൻഡ് എന്നിവയാണ് പ്രധാനം.
ലോകത്തെ ഏറ്റവും നൂതനമായ മാറ്റങ്ങൾ ഉൾക്കൊണ്ടും പുതുമയാർന്ന ആശയങ്ങളും കളികളും അവതരിപ്പിച്ചും കുഞ്ഞുമനസ്സുകളെ കീഴടക്കുന്ന കളിപ്പാട്ടങ്ങളുടെ ലോകമാകും ടോയ് ഫെസ്റ്റ് ആസ്വാദകർക്ക് സമ്മാനിക്കുന്നത്. 50 റിയാലാണ് പൊതു പ്രവേശന നിരക്ക്. 100 റിയാലിന് ഫാസ്റ്റ് ട്രാക് എൻട്രൻസും മുഴുവൻ ഷോകളിലേക്കുള്ള പ്രവേശനവും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.