ഖത്തർ ടോയ് ഫെസ്റ്റിവൽ ജൂലൈ 15 മുതൽ
text_fieldsദോഹ: ഖത്തർ ടോയ് ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷൻ ജൂലൈ15 മുതൽ ആഗസ്റ്റ് 14 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കും. പുതിയ ലൈവ് ഷോകളും എക്സ്ക്ലൂസിവ് ആക്ടിവേഷനുകളും ഉൾപ്പെടുത്തി മുൻ വർഷത്തേക്കാൾ ഗംഭീരമായാണ് ഇത്തവണ ഫെസ്റ്റിവൽ നടത്തുന്നത്. ‘നിങ്ങളുടെ വേനൽ ഇവിടെ തുടങ്ങുന്നു’ കാമ്പയിനിന്റെ ഭാഗമായാണ് വിസിറ്റ് ഖത്തർ ‘ഖത്തർ ടോയ് ഫെസ്റ്റിവൽ’ സംഘടിപ്പിക്കുന്നത്.
പ്രീ സ്കൂൾ, പെൺകുട്ടികൾ, ആൺകുട്ടികൾ, അനിമേഷൻ, ഫാമിലി, മൂവി ലാൻഡ്, സ്റ്റേജ്, എഫ് ആൻഡ് ബി, തീമിങ് ഏരിയ, റീട്ടെയിൽ എന്നിങ്ങനെ 10 സോണുകളാണ് ഫെസ്റ്റിവലിൽ ഉൾപ്പെടുന്നത്. ഇതിൽ മൂന്നെണ്ണം പുതുതായി ഉൾപ്പെടുത്തിയതാണ്. 17,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ ഒരുക്കുന്ന മേളയിൽ കളിപ്പാട്ടങ്ങളുടെയും കാർട്ടൂൺ കഥാപാത്രങ്ങളുടെയും പ്രദർശനം, സംഗീത പരിപാടികൾ, സയൻസ് ഷോ, നൃത്തപരിപാടികൾ, മത്സരങ്ങൾ, ഇൻഫ്ലുവൻസർമാരുടെ പ്രകടങ്ങൾ തുടങ്ങിയവയുണ്ടാകും. പരേഡുകളും 19ലധികം സ്റ്റേജ് ഷോകളും ആസൂത്രണം ചെയ്തിട്ടുണ്ട്. ബാർബി, മാർവൽ, എൽ.ഒ.എൽ, ആൻഗ്രി ബേർഡ്സ്, നരൂട്ടോ എന്നിവയുൾപ്പെടെ 50ലധികം അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൽപന്നങ്ങളുമായി അണിനിരക്കും. കേവല വിനോദത്തിനപ്പുറം കുട്ടികൾക്കും കുടുംബങ്ങൾക്കും അറിവ് നൽകുന്ന വിവിധ പ്രദർശനങ്ങളും സെഷനുകളും ഫെസ്റ്റിവലിന്റെ ഭാഗമാണ്. കഴിഞ്ഞ വർഷം വൻ വിജയമായതിന്റെ ആത്മവിശ്വാസത്തിലാണ് കൂടുതൽ വിപുലീകരിച്ച് ഇത്തവണയും നടത്തുന്നത്.
എല്ലാ പ്രായക്കാർക്കും ഏതുതരം അഭിരുചിയുള്ളവർക്കും യോജിച്ച വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഖത്തർ ടോയ് ഫെസ്റ്റിവൽ നടത്തുന്നതെന്ന് ഖത്തർ ടൂറിസം ഇവന്റ്സ് ആൻഡ് ഫെസ്റ്റിവൽ ആക്ടിങ് മേധാവി ഹമദ് അൽ ഖാജ പറഞ്ഞു. ഇൻഡോർ വിനോദം ആഗ്രഹിക്കുന്ന ഖത്തറിലെ കുടുംബങ്ങൾക്ക് മികച്ച അവസരമാണ് ഫെസ്റ്റിവൽ എന്നും ആക്ടിവേഷനുകൾ എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും മികച്ച അനുഭവമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടിക്കറ്റുകൾ വിർജിൻ മെഗാ സ്റ്റോർ, ക്യൂ ടിക്കറ്റ്സ് എന്നിവയിൽ ഓൺലൈനായി ലഭിക്കും. വിദേശികൾ ഉൾപ്പെടെ സഞ്ചാരികളെ ആകർഷിക്കാൻ വിവിധ പരിപാടികളും പ്രമോഷൻ കാമ്പയിനുകളുമാണ് ഖത്തർ ടൂറിസവും വിസിറ്റ് ഖത്തറും നടത്തിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.