അഫ്ഗാൻ വിമാനത്താവളങ്ങൾ ഏറ്റെടുത്തുനടത്താൻ ഖത്തറും തുർക്കിയും
text_fieldsദോഹ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ രാജ്യാന്തര വിമാനത്താവളം ഏറ്റെടുത്തുനടത്താൻ ഖത്തറും തുർക്കിയും ശ്രമങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. വിമാനത്താവള നടത്തിപ്പ് സംബന്ധിച്ച് നയതന്ത്രവൃത്തങ്ങൾ വ്യക്തമാക്കിയതായി തുർക്കി വാർത്താ ഏജൻസിയായ അനാദുൽ ഏജൻസിയാണ് വാർത്ത പുറത്തുവിട്ടത്. ഡിസംബർ ഏഴിന് തുർക്കി വിദേശകാര്യമന്ത്രി മെവ്ലുത് കാവുസോഗ്ലുവിെൻറ ഖത്തർ സന്ദർശനത്തിനിടെ തുല്യ പങ്കാളിത്തത്തിൽ വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട് ഖത്തറും തുർക്കിയും പൊതു ധാരണപത്രം ഒപ്പുവെച്ചതായി വാർത്താ ഏജൻസി വെളിപ്പെടുത്തി.
കാബൂളിലെ വിമാനത്താവളത്തിന് പുറമേ മറ്റു നാല് വിമാനത്താവളങ്ങളും ഇതോടൊപ്പം ഏറ്റെടുത്തേക്കും. ഖത്തറും തുർക്കിയും തമ്മിലുള്ള ചർച്ചകൾ കാര്യക്ഷമമായി മുന്നോട്ടുപോകുകയാണ്. വിമാനത്താവള പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ചർച്ച ചെയ്യുന്നതിനായി സംയുക്ത സാങ്കേതിക സമിതി ഉടൻ രൂപവത്കരിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരുമെന്നും നയതന്ത്രവൃത്തങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസി വ്യക്തമാക്കി.
അഫ്ഗാനിസ്താനിൽ ഇടക്കാല ഭരണമേറ്റെടുത്ത താലിബാനുമായി ഖത്തർ-തുർക്കി സംയുക്ത സമിതി വരും ആഴ്ചകളിൽ സാങ്കേതിക ചർച്ചകൾ നടത്തുമെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, അഫ്ഗാനിസ്താനിലെ വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ, തുർക്കി പക്ഷങ്ങളിൽനിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. നേരത്തെ അമേരിക്കൻ സൈന്യത്തിെൻറ പിൻവാങ്ങലിനും താലിബാെൻറ അധികാരമേറ്റെടുക്കലിനും പിന്നാലെ കേടുപാടുകൾ സംഭവിച്ച കാബൂൾ വിമാനത്താവളം ഖത്തർ, തുർക്കി സാങ്കേതിക സംഘമാണ് അറ്റകുറ്റപ്പണി നടത്തി പൂർവസ്ഥിതിയിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.