സമുദ്രാന്തർ പഠനത്തിന് അണ്ടർവാട്ടർ ഉപകരണം
text_fieldsദോഹ: സമുദ്രാന്തർ ഭാഗത്തെ രഹസ്യങ്ങൾ തേടി ഖത്തർ പരിസ്ഥിതി മന്ത്രാലയത്തിന്റെ അണ്ടർ വാട്ടർ വെഹിക്കിളിന്റെ യാത്ര തുടങ്ങി.
രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ ജലാശയങ്ങളിലുള്ള സമുദ്ര ആവാസവ്യവസ്ഥകളുടെ ചിത്രങ്ങൾ പകർത്താനും നിരീക്ഷിക്കാനുമായാണ് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വികസിപ്പിച്ച ആളില്ലാ അണ്ടർവാട്ടർ വാഹനം ഉപയോഗിക്കുന്നത്. ഡ്രോണിന്റെ വലുപ്പം മാത്രമുള്ള കൊച്ച് ഉപകരണത്തിന്റെ ആദ്യ ഫീൽഡ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി.
നൂതന ആർ.ഒ.വി സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണത്തെ റിമോട്ട് വഴി ബോട്ടുകളിലും കരിയിലുംനിന്ന് നിയന്ത്രിക്കാം. പുതിയ ഉപകരണം ഉപയോഗിച്ച് പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വന്യജീവി വികസന വകുപ്പിലെ മറൈൻ സയൻസ് സംഘം സമുദ്രത്തിനടിയിലെ ആവാസവ്യവസ്ഥ, പവിഴപ്പുറ്റുകൾ, കടൽപുല്ലുകൾ എന്നിവയുടെ ചിത്രങ്ങൾ പകർത്തിയതായും പഠനങ്ങൾ നടത്തിയതായും പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തു.
കടലിനടിയിൽനിന്ന് പകർത്തിയ മനോഹര ചിത്രങ്ങളുൾപ്പെടുന്ന വിഡിയോയും മന്ത്രാലയം ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.