മികവിന്റെ കേന്ദ്രമായി ഖത്തർ സർവകലാശാല
text_fieldsദോഹ: ലോക സർവകലാശാലകളിൽ മികവിന്റെ കേന്ദ്രമായി രാജ്യത്തിന്റെ ഏറ്റവും വലിയ കലാലയമായ ഖത്തർ സർവകലാശാല. ലോകത്തെ സർവകലാശാലകളുടെ അക്കാദമിക് മികവിനെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിക്കുന്ന ക്യൂ.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ 200 പേരുടെ പട്ടികയിൽ ഇടംപിടിച്ചാണ് ഖത്തറിന്റെ കലാലയവും ശ്രദ്ധേയനേട്ടം കൊയ്തത്. 2024ലെ റാങ്കിങ്ങിൽ ഖത്തർ സർവകലാശാല 173ാം സ്ഥാനത്തെത്തി.
എല്ലാ മേഖലകളിലും ഖത്തർ സർവകലാശാലയുടെ പുരോഗതിയെ അടയാളപ്പെടുത്തുന്ന നേട്ടമാണ് റാങ്കിങ്ങിലെ ഉയർച്ച. മുൻവർഷത്തെ പട്ടികയിൽ 208 ആയിരുന്നു റാങ്കിങ്.
സുസ്ഥിരത, തൊഴിൽസാധ്യതകൾ, അന്താരാഷ്ട്ര ഗവേഷണ ശൃംഖല എന്നീ മൂന്ന് പുതിയ സൂചകങ്ങൾ ക്യു.എസ് ലോക റാങ്കിങ് ഈ വർഷം അവതരിപ്പിച്ചിരുന്നുവെന്നതും പ്രത്യേകം ശ്രദ്ധേയമാണ്.
ക്യു.എസ് റാങ്കിങ് പ്രകാരം, ഖത്തർ സർവകലാശാലക്കു കീഴിലെ സ്പോർട്സ് സയൻസ്, തിയോളജി, ഡിവിനിറ്റി, മതം എന്നീ വിഷയങ്ങളിൽ അറബ് മേഖലയിൽ ക്യു.യു ഒന്നാമതെത്തി. നിയമം-നിയമപഠനം, പരിസ്ഥിതി ശാസ്ത്രം, അക്കൗണ്ടിങ്-സാമ്പത്തികശാസ്ത്രം, സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് എന്നീ വിഷയങ്ങൾ അറബ് ലോകത്ത് മൂന്നാംസ്ഥാനത്തും ഖത്തർ സർവകലാശാല തങ്ങളുടേതായ ഇടം കണ്ടെത്തി. ചില ക്യു.യു വിഷയങ്ങൾക്ക് അറബ് ലോകത്ത് ആദ്യ പത്തിലും അന്താരാഷ്ട്ര തലത്തിൽ ആദ്യ 50, 200 റാങ്കിങ്ങിനുള്ളിലും ഇടം നേടി.
റാങ്കിങ് രീതിശാസ്ത്രത്തിൽ ഏറെ മാറ്റങ്ങൾ കൊണ്ടുവന്നിട്ടും ഈ വർഷം ക്യു.എസ് ലോക സർവകലാശാല റാങ്കിങ്ങിൽ ഖത്തർ സർവകലാശാലക്ക് 173ാം റാങ്കിലെത്താൻ സാധിച്ചത് മികവിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സർവകലാശാല പ്രസിഡന്റ് ഡോ. ഉമർ അൽ അൻസാരി പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ ക്യു.യു എല്ലാ മേഖലകളിലും മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്നതിന്റെ തെളിവാണ് ഈ നേട്ടമെന്നും അൽ അൻസാരി കൂട്ടിച്ചേർത്തു.
ക്യൂ.യുവിന്റെ പല സ്പെഷലൈസേഷനുകളും അതിന്റെ മേഖലയിൽ മുൻനിര സ്ഥാനത്താണുള്ളത്. ഇത് ക്യു.യു വാഗ്ദാനംചെയ്യുന്ന ലോകോത്തര വിദ്യാഭ്യാസത്തിന്റെ സാക്ഷ്യവും വിദ്യാർഥികൾക്കും ഫാക്കൽറ്റികൾക്കും ഒരുപോലെ പ്രചോദനം നൽകുന്നു -അദ്ദേഹം പറഞ്ഞു.
2023ൽ ടൈംസ് ഹയർ എജുക്കേഷൻ (ടി.എച്ച്.ഇ) ഏഷ്യ റാങ്കിങ്ങിൽ ഖത്തർ സർവകലാശാല 28ാം സ്ഥാനത്തെത്തിയിരുന്നു. നേരത്തേയുള്ള റാങ്കിങ്ങിൽനിന്ന് 18 സ്ഥാനങ്ങൾ മുന്നോട്ടു കുതിച്ചാണ് ഏഷ്യയിലെ ഏറ്റവും മികച്ച 30 സർവകലാശാലകളിൽ ഇടം നേടിയത്. കൂടാതെ അതേ റാങ്കിങ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ മികച്ച സർവകലാശാലകളുടെ പട്ടികയിൽ ലോകത്ത് 24ാമതെത്താനും മിന മേഖലയിൽ ഒന്നാമതെത്താനും ഖത്തർ സർവകലാശാലക്ക് കഴിഞ്ഞിരുന്നു.
നൂറ്റാണ്ടുകൾ പഴക്കമുള്ള നിരവധി സർവകലാശാലകളെ പിന്തള്ളി 1977ൽ സ്ഥാപിതമായ ഖത്തർ സർവകലാശാല ആഗോള ഗവേഷണ രംഗത്തെ പ്രമുഖ സർവകലാശാലകളുടെ നിരയിലേക്ക് വളർന്നതും ക്യു.യുവിന്റെ നേട്ടമാണ്. സമീപവർഷങ്ങളിൽ പ്രമുഖ ലോക സർവകലാശാല റാങ്കിങ്ങിൽ ഖത്തർ സ്ഥിരതയാർന്ന പുരോഗതിയാണ് കൈവരിക്കുന്നത്.
ഖത്തർ സർവകലാശാലയുടെ ഉയർച്ചക്ക് പ്രാഥമികമായി പ്രചോദനം നൽകുന്നത് അതിന്റെ ഗവേഷണ മികവാണെന്നും ഗവേഷണത്തിന്റെ ഉൽപാദനക്ഷമതയിലും ആഗോള പ്രശസ്തിയിലും യഥാർഥ ദേശീയ മുൻനിര സ്ഥാപനമാണിതെന്നും രാജ്യത്തിന്റെ മികവിന്റെ കേന്ദ്രമെന്ന നിലയിൽ ഖത്തറിന് ഇത് ഒരു ക്രെഡിറ്റാണെന്നും ഡോ. അൽ അൻസാരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.