ഖത്തർ-അമേരിക്ക ബന്ധം ശക്തമായ നിലയിൽ - വിദേശകാര്യമന്ത്രി
text_fieldsദോഹ: ഖത്തറും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം എന്നത്തേക്കാളും ശക്തമായ നിലയിലാണുള്ളതെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി. 50 വർഷത്തിലേറെയായുള്ള ഖത്തർ-അമേരിക്കൻ ഉന്നതതല ബന്ധത്തിൽ ഏറെ അഭിമാനിക്കുന്നുവെന്നും ശൈഖ് മുഹമ്മദ് അബ്ദുറഹ്മാൻ ആൽഥാനി കൂട്ടിച്ചേർത്തു. ഖത്തർ-അമേരിക്കൻ നയതന്ത്രബന്ധത്തിന്റെ 50ാം വാർഷികത്തോടനുബന്ധിച്ചുള്ള വിഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ട് സൗഹൃദരാജ്യങ്ങളെ സംബന്ധിച്ചും ഇത് ഏറെ പ്രധാനപ്പെട്ട സമയമാണെന്നും എല്ലാ മേഖലകളിലുമുള്ള അടുത്ത ബന്ധങ്ങൾക്ക് ഖത്തർ-അമേരിക്ക ബന്ധം മികച്ച മാതൃകയാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാനാണ് ലക്ഷ്യമെന്നും വ്യത്യസ്ത സമയങ്ങളിലായി നിരവധി വെല്ലുവിളികൾ മറികടന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഈ നിലയിലെത്തിയതെന്നും എന്നത്തേക്കാളും ശക്തമായ നിലയിലാണ് ഇന്ന് എത്തിനിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന ചർച്ചകൾ ആരംഭിച്ചത് ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണെന്നും ശക്തമായ പങ്കാളിത്ത ബന്ധത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നതെന്നും മേഖല, അന്തർദേശീയ പ്രശ്നങ്ങളിൽ സംയുക്ത സഹകരണം ഇത് ഉറപ്പുവരുത്തുന്നുവെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
ആരോഗ്യ, മാനുഷിക സഹായ, അന്താരാഷ്ട്ര വികസന രംഗങ്ങളിലെല്ലാം ഖത്തർ-യു.എസ് ബന്ധം ശക്തമായിട്ടുണ്ട്. കൂടാതെ മനുഷ്യാവകാശം, മേഖല സഹകരണം, കാലാവസ്ഥ വ്യതിയാനം, വാണിജ്യം, നിക്ഷേപം, സാംസ്കാരിക, വിദ്യാഭ്യാസരംഗങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സുശക്തമായി തുടരുന്നുണ്ടെന്നും വിദേശകാര്യമന്ത്രി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.