പ്രതിരോധ ശേഷി കുറഞ്ഞവർക്ക് ഖത്തറിൽ മൂന്നാം ഡോസിന് അനുമതി
text_fieldsദോഹ: ഗുരുതര രോഗങ്ങൾ കാരണം രോഗ പ്രതിരോധ ശേഷി കുറഞ്ഞ വിഭാഗങ്ങൾക്ക് കോവിഡ് വാക്സിൻ മൂന്നാം ഡോസ് നൽകാൻ ഖത്തർ ആരോഗ്യ മന്ത്രാലയം അനുമതി. ഫൈസർ, മോഡേണ വാക്സിനുകൾ സ്വീകരിച്ചവരിലാണ് മൂന്നാം ഡോസിന് അംഗീകാരം നൽകിയത്. എന്നാൽ, ഇത് ബുസ്റ്റർ ഡോസായി പരിഗണിക്കില്ല. മാറാരോഗങ്ങൾ കാരണം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കാണ് രണ്ടാം ഡോസ് കഴിഞ്ഞ് നിശ്ചിത ദിവസത്തിനു ശേഷം മൂന്നാം ഡോസ് നൽകാൻ തീരുമാനിച്ചത്.
അർബുദ ചികിത്സക്ക് വിധേയരായവർ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് മരുന്നുകൾ കഴിക്കുന്നത് മൂലം രോഗ പ്രതിരോധ ശേഷി കുറഞ്ഞവർ, രണ്ടു വർഷത്തിനുള്ളിൽ മൂലകോശ മാറ്റ ശസ്ത്രക്രിയക്ക് വിധേയരാവുകയും, രോഗ പ്രതിരോധ ശേഷി കുറക്കുന്ന മരുന്നുകൾ ഉപയോഗിക്കുകയും ചെയ്യുന്നവർ, ഡിജോർജ് സിൻഡ്രോം ഉൾപ്പെടെ ജന്മന വൈകല്യങ്ങൾ കൊണ്ട് രോഗപ്രതിരേധ ശേഷി കുറയുന്നവർ, എയ്ഡ്സ് ഉൾപ്പെടെയുള്ള മാറാ രോഗങ്ങൾക്ക് ചികിത്സ തേടുന്നവർ, ഗുരുതരമായ കിഡ്നി രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർ തുടങ്ങിയ വിഭാഗങ്ങളാണ് മൂന്നാം ഡോസിന് അർഹരാവുന്നത്. ഇത്തരം വിഭാഗങ്ങളിൽ പെടുന്നുവർക്ക് രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നോ, ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ സ്പെഷ്യലൈസ്ഡ് കെയർ ടീമിനെയോ സമീപിച്ച് വാക്സിൻ സ്വീകരിക്കാവുന്നതാണ്.
രോഗ പ്രതിരോധ ശേഷം കുറഞ്ഞവർ മൂന്നാം ഡോസ് സ്വീകരിക്കുന്നതിലൂടെ കോവിഡിൽ നിന്നും സുരക്ഷ നേടാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.രോഗപ്രതിരോധ ശേഷം കുറഞ്ഞത് മൂലം ആരോഗ്യപ്രശ്നം നേരിടുന്നവർക്ക് മൂന്നാം ഡോസ് നൽകാൻ കഴിഞ്ഞയാഴ്ച അമേരിക്ക തീരുമാനിച്ചിരുന്നു. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡിമിനിസ്ട്രേഷനാണ് ഫൈസർ ബയോഎൻടെക്, മൊഡേണ വാക്സിനുകൾ അത്യവശ്യ ഘട്ടത്തിൽ നൽകാൻ നൽകിയത്. രണ്ടാം ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞ ശേഷം മാത്രം മൂന്നാം ഡോസ് സ്വീകരിക്കാൻ പാടുള്ളൂ എന്നാണ് എഫ്.ഡി.എ അറിയിച്ചത്.
അവയവദാന പ്രക്രിയയിലൂടെ കടന്ന് പോകുന്ന രോഗികള്‍ക്ക് മൊഡേണയുടെ മൂന്നാം ഡോസ് വാക്‌സിന്‍ സംരക്ഷണം നൽകുമെന്ന് അടുത്തിടെ വന്ന പഠനങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഡെൽറ്റ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഖത്തർ ആരോഗ്യ മന്ത്രാലയത്തിൻെറ നീക്കം രാജ്യത്തെ ദുർബല ആരോഗ്യ വിഭാഗങ്ങൾക്ക് സംരക്ഷണം നൽകുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.