ഇന്ത്യയിലെ ഖത്തർ വിസ സെൻററുകൾ ഡിസംബർ മൂന്നുമുതൽ പുനരാരംഭിക്കും
text_fieldsദോഹ: ഇന്ത്യക്കാർക്ക് സന്തോഷവാർത്ത. കോവിഡ് പശ്ചാത്തലത്തിൽ പ്രവർത്തനം നിർത്തിവെച്ചിരുന്ന ഇന്ത്യയിലെ ഖത്തർ വിസ സെൻററുകളുടെ (ക്യു.വി.സി) പ്രവർത്തനം ഡിസംബർ മൂന്നിന് വ്യാഴാഴ്ച മുതൽ പുനരാരംഭിക്കും. ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചതാണ് ഇക്കാര്യം. കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിൻെറ ഭാഗമായാണ് ഖത്തറിൻെറ പുതിയ നടപടികൾ. ക്യു.വി.സികൾ വഴി ഖത്തറിലേക്കുള്ള വിസനടപടികൾ നടത്താനുള്ള അപ്പോയിൻറ് മെൻറുകൾ സെൻററുകളുടെ വെബ്സൈറ്റ് വഴി ഇനി മുതൽ നേടാം.
ഇതോടെ പുതിയ തൊഴിൽ വിസകളിൽ ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് വരാനുള്ള വഴി കൂടിയാണ് തുറക്കുന്നത്. അതേസമയം നിർത്തിവെച്ച വിസിറ്റ് വിസകൾ സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
കോവിഡിൻെറ തുടക്കത്തിൽ തന്നെ ഖത്തർ പുതിയ വിസ നടപടികൾ നിർത്തിവെച്ചിരുന്നു. ഇതിനാൽ ഇന്ത്യക്കാർക്കടക്കം പുതിയ വിസകളിൽ ഖത്തറിലേക്ക് വരാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കമ്പനികൾക്ക് പുതിയ വിസകൾക്ക് അപേക്ഷിക്കാനുള്ള സൗകര്യം തൊഴിൽ മന്ത്രാലയം ഈയടുത്ത് ഏർപ്പെടുത്തിയിരുന്നു. എന്നാൽ കമ്പനികൾക്ക് വിസ ലഭിച്ചാലും വിസകൾ ഇന്ത്യക്കാരുടെ പേരിലും പാസ് പോർട്ടുകളിലും രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികൾ ഇന്ത്യയിലെ വിസ സെൻററുകൾ വഴി മാത്രമേ സാധ്യമാവുമായിരുന്നുള്ളു. ഇതിനാൽ പുതിയ വിസകൾ വഴി ഇന്ത്യക്കാരുടെ ഖത്തറിലേക്കുള്ള വരവും നീളുകയായിരുന്നു. എന്നാൽ ക്യു.വി.സികളുടെ പ്രവർത്തനം ഡിസംബർ മൂന്ന് മുതൽ പുനരാംരംഭിക്കുന്നതോടെ ഇന്ത്യക്കാർക്ക് മെഡിക്കൽ അടക്കമുള്ള വിസ നടപടികൾ ഇന്ത്യയിൽ വച്ച് പൂർത്തീകരിക്കാനും കഴിയും. ഇതോടെ പുതിയ വിസകളിൽ ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് വരാനുള്ള വഴി കൂടിയാണ് തുറക്കുന്നത്.നിലവിൽ വിസ ഉള്ളവർക്ക് നിബന്ധനകൾക്ക് വിധേയമായി ഖത്തറിലേക്ക് തിരിച്ചെത്താൻ കഴിയുന്നുണ്ട്. ഖത്തറും ഇന്ത്യയും തമ്മിലുള്ള എയർബബ്ൾ ധാരണപ്രകാരമുള്ള വിമാനസർവീസുകൾ വഴിയാണിത്.
പുതിയ തൊഴിൽ വിസകൾക്കുള്ള കമ്പനികളുടെ അപേക്ഷകൾ ഖത്തർ തൊഴിൽ മന്ത്രാലയം നവംബർ 15 മുതലാണ് വീണ്ടും സ്വീകരിച്ചുതുടങ്ങിയത്. ഇന്ത്യയടക്കമുള്ള രാജ്യക്കാരുടെ ഖത്തറിലേക്കുള്ള പുതിയവിസ നടപടികൾ പൂർണമായും അതത് രാജ്യങ്ങളിൽ നിന്നുള്ള ക്യു.വി.സികൾ വഴിയാണ് ചെയ്യുന്നത്. കൊച്ചിയിലടക്കം ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.കൊച്ചി ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷന് സമീപം നാഷണല്‍ പേള്‍ സ്റ്റാര്‍ ബില്‍ഡിങ്ങിൻെറ താഴത്തെ നില യിലാണ്(ഡോര്‍ നമ്പര്‍ 384111ഡി) കേരളത്തിലെ കേന്ദ്രമുള്ളത്. മലയാളത്തില്‍ തൊഴില്‍ കരാര്‍ വായിച്ചുമനസിലാക്കാനും ഇവിടെ സൗകര്യമുണ്ട്.
ഇടനിലക്കാരുടെ ചൂഷണവും വീസ തട്ടിപ്പുകളും പൂര്‍ണമായി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഉള്‍പ്പെടെ എട്ട്വിദേശ രാജ്യങ്ങളിലായി 20 വിസ സെൻററുകള്‍ തുറക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്.ഇതില്‍ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ന്യൂഡല്‍ഹി, മുബൈ, കൊല്‍ക്കത്ത, ലക്നൗ, ഹൈദ രാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് മറ്റു ക്യു.വി.സികള്‍.
പ്രവാസി തൊഴിലാളികള്‍ക്ക് ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റ്(ആര്‍പി) അഥവാ വിസയുടെ നടപടിക്രമങ്ങള്‍ മാതൃരാജ്യത്തുവെച്ചുതന്നെ പൂര്‍ത്തീകരിക്കാന്‍ സൗകര്യമൊരുക്കുകയാണ് ക്യു.വി.സികളിലൂടെ ചെയ്യുന്നത്. തൊഴില്‍ വിസയില്‍ ഖത്തറിലേക്കു വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോ മെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവെക്കല്‍ എന്നിവ സ്വകാര്യ ഏജന്‍സിയുടെ സഹകരണത്തോടെ അതത് രാജ്യങ്ങളിൽ തന്നെ ഇതിലൂടെ പൂര്‍ത്തീകരിക്കാനാകും. വിസ കേന്ദ്രങ്ങള്‍ മുഖേന പ്രവാസികളുടെ വിസ സംബന്ധമായ വിരലടയാളം, ആരോഗ്യ പരിശോധന ഉള്‍പ്പടെയുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിക്കാനാകും.
രാജ്യം വിടുന്നതോടെ എക്സപ്ഷനൽ എൻട്രി പെർമിറ്റ് തനിയെ ലഭിക്കും
ദോഹ: നിലവിൽ ഖത്തർ ഐഡിയുള്ള ഖത്തറിലുള്ളവർ വിദേശത്തേക്ക് പോകുകയാണെങ്കിൽ മടങ്ങിവരവിനുള്ള എക് സപ്ഷൻ റീ എൻട്രി പെർമിറ്റ് യാത്ര പുറപ്പെട്ട്കഴിഞ്ഞാൽ തനിയെ കിട്ടുന്ന സംവിധാനവും വരുന്നു. നവംബർ 29 മുതലാണ് ഈ സൗകര്യം വരുന്നത്. രാജ്യത്തിന് പുറത്തുപോയി വീണ്ടും തിരിച്ചെത്തണമെങ്കിൽ നിലവിൽ എക്സപ്ഷനൽ റീ എൻട്രി പെർമിറ്റ് നിർബന്ധമാണ്. പുതിയ ക്രമീകരണപ്രകാരം രാജ്യത്തുള്ളവർ എക്സിറ്റ് ആകുന്നതോടെ തന്നെ മടങ്ങിയെത്താനുള്ള പെർമിറ്റ് കൂടി ഇനി മുതൽ ലഭിക്കും. ഇതിനായി ഖത്തർ പോർട്ടൽ മുഖേന അപേക്ഷിക്കേണ്ടതില്ല. രാജ്യം വിട്ടുകഴിഞ്ഞയുടൻ തന്നെ ആഭ്യന്തരമന്ത്രാലയത്തിൻെറ വെബ്സൈറ്റിൽ നിന്ന് ഐ.ഡി ഉടമക്കോ തൊഴിൽഉടമക്കോ എക്സപ്ഷൻ റീ എൻട്രി പെർമിറ്റിൻെറ പ്രിൻറൗട്ട് എടുക്കാൻ സാധിക്കും. എന്നാൽ നിലവിൽ ഖത്തറിന് പുറത്തുള്ളവർ തിരിച്ചുവരാൻ ഖത്തർ പോർട്ടൽ മുഖേനതന്നെ എൻട്രി പെർമിറ്റിന് അപേക്ഷിച്ച് സാധാരണപോലെ തന്നെ നടപടികൾ പൂർത്തീകരിക്കണം. നിലവിൽ ഈ പെർമിറ്റ് ലഭിക്കാൻ കാലതാമസം എടുക്കുന്നതിനാൽ പലരും നാട്ടിൽ അവധിക്കും മറ്റും പോകാൻ വൈമനസ്യം കാണിക്കുന്നുണ്ട്. പുതിയക്രമീകരണം വരുന്നത് പ്രവാസികൾക്ക് ഏറെ ആശ്വാസകരമാവും. കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിൻെറ ഭാഗമായാണ് ഖത്തറിൻെറ പുതിയ നടപടികളെന്ന് ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ ഓഫിസ് (ജി.സി.ഒ) അറിയിച്ചു.
രാജ്യത്ത് എത്തുന്നവർക്ക് ക്വാറൻറീൻ ഒരാഴ്ചയാണ്. കോവിഡ് ഭീഷണി കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഹോം ക്വാറൻറീൻ മതി. അല്ലാത്തവർക്ക് ഹോട്ടൽ ക്വാറൻറീൻ നിർബന്ധം. പങ്കിട്ടെടുക്കുന്ന ക്വാറൻറീൻ സൗകര്യമാണെങ്കിൽ രണ്ടാഴ്ച വേണം. ഇന്ത്യക്കാർക്ക് ഖത്തർ എയർവേയ്സിൽ വരികയാണെങ്കിൽ 48 മണിക്കൂർ മുമ്പ് അംഗീകൃത പരിശോധന സെൻററുകളിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മറ്റ് വിമാനങ്ങളിൽ വരുന്നവർക്ക് മുൻകൂർ പരിശോധന വേണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.