സെൻട്രൽ മുനിസിപ്പൽ കൗൺസിൽ വോട്ട് ചെയ്ത് ഖത്തർ
text_fieldsദോഹ: ഏഴാമത് സെൻട്രൽ മുനിസിപ്പൽ കൗൺസിലിലേക്കുള്ള വോട്ടെടുപ്പിൽ സമ്മതിദാനവകാശം വിനിയോഗിച്ച് ഖത്തറിലെ സ്വദേശി സമൂഹം. വ്യാഴാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ നീണ്ട വോട്ടെടുപ്പിൽ വിവിധ മണ്ഡലങ്ങളിലെ പോളിങ് സ്റ്റേഷനിലെത്തിയാണ് വോട്ടർമാർ തങ്ങളുടെ പ്രതിനിധികൾക്കായി വോട്ടു ചെയ്തത്. 29 മണ്ഡലങ്ങളിൽ 27 ഇടങ്ങളിലാണ് രാവിലെ മുതൽ വോട്ടെടുപ്പ് നടന്നത്.
രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് അഞ്ചു മണിയോടെ പൂർത്തിയായി. തുടർന്ന് വോട്ടെണ്ണലും ആരംഭിച്ചു. നാല് വനിതകൾ ഉൾപ്പെടെ 102 സ്ഥാനാർഥികളാണ് 29 മണ്ഡലങ്ങളിലേക്ക് മത്സര രംഗത്തുണ്ടായിരുന്നത്. ഇവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവരാവും അടുത്ത നാലു വർഷം സെൻട്രൽ മുനിസിപ്പൽ കൗൺസിലിലെ അംഗങ്ങൾ.
വോട്ടെടുപ്പ് നടപടികൾ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി യോഗം വിലയിരുത്തി. വോട്ടെടുപ്പിൽ ജനങ്ങളുടെ സജീവമായ പങ്കാളിത്തത്തെ ആഭ്യന്തര സഹമന്ത്രി ശൈഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ആൽഥാനി അഭിനന്ദിച്ചു.
നിയോജക മണ്ഡലം സന്ദർശിച്ച മന്ത്രി വോട്ടെടുപ്പ് നടപടി ക്രമങ്ങളും വിലയിരുത്തി. ഏറ്റവും ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ സി.എം.സി ഇലക്ഷൻ സൂപ്പർവൈസറി കമ്മിറ്റി അംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകിയായിരുന്നു സുതാര്യവും, സുരക്ഷിതവുമായ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്. മുഴുവൻ മണ്ഡലങ്ങളിലേയും വിജയികളെ രാത്രി ഒമ്പത് മണിയോടെ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.