കുടുംബ സഞ്ചാരികളെ സ്വാഗതം ചെയ്ത് ഖത്തർ
text_fieldsദോഹ: അതിമനോഹര തീരപ്രദേശവും, ചരിത്ര പാരമ്പര്യവും, പ്രകൃതി സൗന്ദര്യവും ഒരുക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകാൻ ഖത്തർ ഒരുങ്ങുന്നു. മറ്റു രാജ്യങ്ങളുടെ വിനോദ സഞ്ചാര മാതൃകകൾ പിന്തുടരുന്നതിനു പകരം, സ്വന്തംപാതയിലൂടെ കുടുംബ സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമായി രാജ്യത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഖത്തർ എയർവേയ്സ് ഗ്രൂപ് സി.ഇ.ഒയും ഖത്തർ ടൂറിസം ചെയർമാനുമായ അക്ബർ അൽ ബാകിർ പറഞ്ഞു.
‘ഖത്തറിന് സ്വന്തം കാഴ്ചപ്പാടുകളും പദ്ധതികളും സ്വത്തുക്കളും ഉണ്ട്. മറ്റു രാജ്യങ്ങളുടെ ടൂറിസം സമീപനം ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. 25ഉം 40ഉം ദശലക്ഷം സഞ്ചാരികൾ വരുന്ന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാൻ ഞങ്ങൾ താൽപര്യപ്പെടുന്നില്ല. ചുരുങ്ങിയ നമ്പറുകളിൽ ഞങ്ങൾ സംതൃപ്തരാവും.
എന്നാൽ, രാജ്യത്തെ കുടുംബ വിനോദ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുടുംബങ്ങൾക്ക് സുഖവും സുരക്ഷിതത്വവും വിശ്രമവും ഉറപ്പു നൽകുകയും ഹൃദ്യമായ അറബ് ആതിഥ്യമര്യാദയിൽ സ്വീകരിക്കുകയുമാണ് ലക്ഷ്യം’- റെന്റ് റെജിസ് ദോഹയിൽ സമാപിച്ച ഒമ്പതാമത് ഡെസ്റ്റിനേഷൻ വെഡിങ് പ്ലാനേഴ്സ് കോൺഗ്രസിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.
സന്ദർശകന് അതിഥി അനുഭവം നൽകുന്നതാണ് ഖത്തറിന്റെ സവിശേഷത. ലോകത്ത് മറ്റൊരിടത്തും ഇത് സംഭവിക്കില്ല -അദ്ദേഹം വിശദീകരിച്ചു. രാജ്യത്തിന്റെ വാതിലുകൾ തുറന്നിടാൻ പോകുകയാണ്. സഞ്ചാരികൾക്ക് ഇവിടെയെത്താൻ വലിയ പ്രോത്സാഹനം നൽകും. ആളുകൾക്ക് ഇനിയും എത്തിപ്പെടാനാകാത്ത സമൃദ്ധമായ പ്രകൃതിവിഭവങ്ങളാണ് ഖത്തറിലുള്ളത്.
തിമിംഗല, സ്രാവുകളുടെ ലോകത്തിലെ വലിയ ശേഖരങ്ങളിലൊന്ന് പുറംകടലിലുണ്ട്. കടലാമകളെ വിരിയിക്കുന്ന ബീച്ചുകളും മികച്ച റിസോർട്ടുകളും സ്വന്തമായുണ്ട്. കൈറ്റ് സർഫിംഗിന് അനുയോജ്യ സാഹചര്യമുള്ള ബീച്ചുകളുണ്ട്. 10 മാസം തുടർച്ചയായി സ്ഥിരമായി ഇവിടെ കാറ്റ് വീശുന്നു.
അതോടൊപ്പം മികച്ച ആരോഗ്യ റിസോർട്ടുകളിലൊന്നായ സുലൽ വെൽനസ് റിസോർട്ടും ഖത്തറിനുണ്ട് -ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അതിഥികൾക്കു മുമ്പാകെ ഖത്തറിന്റെ ടൂറിസം സാധ്യതകൾ അദ്ദേഹം വിശദീകരിച്ചു.
വിനോദസഞ്ചാരികളെ വിദൂര റിസോർട്ടുകളിലെത്തിക്കുന്ന ജലവിമാനങ്ങൾ ദേശീയ വിമാനക്കമ്പനി ഏറ്റെടുത്തിട്ടുണ്ടെന്നും ഇപ്പോൾ ഒന്ന് പ്രവർത്തനക്ഷമമായിട്ടുണ്ടെന്നും മൂന്ന് മാസത്തിനകം രണ്ടാമത്തേത് പ്രവർത്തനമാരംഭിക്കുമെന്നും അക്ബർ അൽ ബാകിർ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.