വിദേശനിക്ഷേപത്തെ ഇരുകൈയോടെ സ്വീകരിച്ച് ഖത്തർ
text_fieldsദോഹ: 2019 മുതൽ 2022 വരെയുള്ള കാലയളവിൽ പ്രത്യക്ഷ വിദേശനിക്ഷേപത്തിൽ (എഫ്.ഡി.ഐ) 70 ശതമാനം വളർച്ച രേഖപ്പെടുത്തി ഖത്തർ. 2022ൽ മാത്രം 29.78 ബില്യൻ ഡോളറിന്റെ വിദേശനിക്ഷേപമാണ് ഖത്തർ സ്വീകരിച്ചത്.
ഇതിന്റെ ഫലമായി ബിസിനസ് സേവനങ്ങൾ, സാങ്കേതികവിദ്യ, ധനകാര്യസേവനങ്ങൾ തുടങ്ങി വിവിധ മേഖലകളിലായി 13,972 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്ന് ഇൻവെസ്റ്റിങ് പ്രമോട്ടിങ് ഏജൻസി (ഐ.പി.എ ഖത്തർ) അറിയിച്ചു.
വിദേശ നിക്ഷേപരംഗത്തെ നേട്ടങ്ങൾ എഫ്.ഡി.ഐ സ്റ്റാൻഡ് ഔട്ട് വാച്ച്ലിസ്റ്റിൽ ഖത്തറിനെ ഒന്നാമതെത്തിക്കുകയും ആകർഷകമായ നിക്ഷേപകേന്ദ്രമെന്ന പദവി നേടിക്കൊടുക്കുകയും ചെയ്തു.
രാജ്യത്തേക്ക് വിദേശനിക്ഷേപം ആകർഷിക്കാനും ലോകോത്തര നിലവാരത്തിൽ ബിസിനസ് അന്തരീക്ഷം കെട്ടിപ്പടുക്കാനും ഖത്തറിന് സാധിച്ചതായും ഐ.പി.എ ഖത്തർ വ്യക്തമാക്കി. നിക്ഷേപകർക്കും ആഗോളതലത്തിലെ പ്രതിഭകൾക്കും ആകർഷകമായ ലക്ഷ്യസ്ഥാനമായി ഖത്തർ മാറുകയാണെന്നും ആഗോള നിക്ഷേപ പ്രോത്സാഹന ഏജൻസികളെ മുതലെടുക്കാനും വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ആകർഷിക്കുന്നതിനും ആധുനിക, നൂതന സാങ്കേതികവിദ്യകളാണ് പിന്തുടരുന്നതെന്നും ഏജൻസി ചൂണ്ടിക്കാട്ടി. ആകർഷകമായ നിക്ഷേപ കേന്ദ്രമെന്നനിലയിൽ രാജ്യത്തിന്റെ പദവി ശക്തിപ്പെടുത്തുമെന്നും ഐ.പി.എ ഖത്തർ സൂചിപ്പിച്ചു.വെറും നാല് വർഷത്തിനുള്ളിൽ ഐ.പി.എ ഖത്തർ സാധ്യതയുള്ള ആയിരത്തോളം നിക്ഷേപകരുമായി ഇടപഴകുകയും 150ലധികം ഇവന്റുകളിൽ പങ്കെടുക്കുകയും ആമസോൺ, മൈക്രോസോഫ്റ്റ്, സീമെൻസ് തുടങ്ങിയ ആഗോള കമ്പനികളുമായി പങ്കാളിത്തം സ്ഥാപിക്കുകയും ചെയ്തതായും ഐ.പി.എ ഖത്തർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഇപ്സോസ് സർവേ പ്രകാരം, ജി.സി.സിക്ക് പുറത്തുള്ള വിദേശ നിക്ഷേപകരുമൊത്തുള്ള ബ്രാൻഡിങ്ങിൽ ഇൻവെസ്റ്റ് ഖത്തർ ജി.സി.സി എഫ്.ഡി.ഐ ബ്രാൻഡുകളിൽ ഒന്നാമതെത്തിയതായും ഐ.പി.എ എടുത്തുപറഞ്ഞു.രാജ്യത്തേക്ക് വിദേശനിക്ഷേപം ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതോടൊപ്പം നയ ഉപദേശങ്ങളിലും ഐ.പി.എ സജീവ പങ്കാളിത്തം വഹിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.