സ്വതന്ത്ര ഫലസ്തീനിനായി ഖത്തർ എന്നും നിലകൊള്ളും –വിദേശകാര്യ മന്ത്രി
text_fieldsദോഹ: ഫലസ്തീനുനേരെ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണം അവസാനിപ്പിക്കാൻ അടിയന്തര നടപടികൾ വേണമെന്ന് ഖത്തർ ഐക്യരാഷ്ട്ര സഭയിൽ ആവശ്യപ്പെട്ടു. മിഡിൽ ഇൗസ്റ്റിലെ പ്രത്യേക സാഹചര്യത്തിന്‍റെ പശ്ചാത്തലത്തിൽ ചേർന്ന യു.എൻ അടിയന്തര ജനറൽ അസംബ്ലിയിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇസ്രായേലിനെ അക്രമത്തിൽനിന്ന് പിന്തിരിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം എന്ത് നടപടിയെടുക്കുമെന്നത് സംബന്ധിച്ച് ഖത്തർ ഉറ്റുനോക്കുകയാണ്. ഫലസ്തീനിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് അധിനിവേശം വ്യാപിപ്പിക്കാനും ജൂതവത്കരണം നടത്താനുമുള്ള ശ്രമങ്ങളെ ഫലസ്തീനികൾക്ക് നേരെയുള്ള വംശഹത്യയായി മാത്രമേ കാണാനാകു.
താമസകേന്ദ്രങ്ങൾ, മാധ്യമങ്ങളുടെയും ആതുരാലയങ്ങളുെടയും കെട്ടിടങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ എന്നിവ അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരാണ്. ഇതിനാൽ ഫലസ്തീനികളെ സംരക്ഷിക്കാനുള്ള നടപടികൾ അന്താരാഷ്ട്ര സമൂഹം ഉടൻ സ്വീകരിക്കണം. 1967ലെ അതിർത്തി അടിസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രൂപവത്കരിക്കണമെന്ന ആവശ്യമാണ് ഖത്തർ എന്നും ഉയർത്തുന്നത്. ഇതിനായി തങ്ങൾ എക്കാലവും പ്രവർത്തിക്കുമെന്നും ഖത്തർ വിദേശകാര്യ മന്ത്രി പറഞ്ഞു.
ജറൂസലമിലെയും ഗസ്സയിലെയും അധിനിവേശം കൂട്ടുന്നത് തടയാനുള്ള എല്ലാ ആത്മാർഥ ശ്രമങ്ങളെയും ഖത്തർ പിന്തുണക്കും. ഇതിനായി ഈജിപ്തും ജോർദാനും നടത്തുന്ന ശ്രമങ്ങൾക്ക് ആ രാജ്യങ്ങളോട് നന്ദി അറിയിക്കുന്നതായും ശൈഖ് അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു. ഖത്തർ റെഡ്ക്രസൻറിന്റെ ആസ്ഥാനം പ്രവർത്തിക്കുന്ന ഗസ്സയിലെ കെട്ടിടത്തിന് നേരെയും ഇസ്രായേൽ ആക്രമണമുണ്ടായിരുന്നു. ഗസ്സയിൽ ഖത്തർ നിർമിച്ച ശൈഖ് ഹമദ് ആശുപത്രിക്കും ബോംബാക്രമണത്തിൽ വൻ കേടുപാട് പറ്റിയിരുന്നു.
ഗസ്സയിൽ പ്രവർത്തിക്കുന്ന അൽജസീറയുടേതടക്കമുള്ള മാധ്യമ സ്ഥാപനങ്ങളുെട ഓഫിസുകളും ഇസ്രായേൽ ബോംബാക്രമണത്തിൽ തകർത്തിരുന്നു. അൽജസീറ, അസോസിയേറ്റഡ് പ്രസ് (എ.പി), മിഡിൽ ഈസ്റ്റ് ഐ എന്നീ മാധ്യമ സ്ഥാപനങ്ങളുെട ഓഫിസുകൾ പ്രവർത്തിക്കുന്ന ഗസ്സയിലെ അൽജല കെട്ടിടമാണ് കഴിഞ്ഞ ശനിയാഴ്ച തകർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.