ഖത്തറിന്റെ അഞ്ചടി; ഉത്തരമില്ലാതെ കൊറിയ
text_fieldsലോകകപ്പ് യോഗ്യത റൗണ്ടിൽ ഉത്തര കൊറിയക്കെതിരായ മത്സരത്തിൽ ഖത്തറിന്റെ ആദ്യഗോൾ നേടിയ അക്രം അഫീഫിന്റെ ആഹ്ലാദം
ദോഹ: ലോകകപ്പ് സ്വപ്നങ്ങൾക്ക് നിറം പകരാൻ ജയം അനിവാര്യമായ മത്സരത്തിൽ പഞ്ചനക്ഷത്ര തിളക്കമുള്ള വിജയവുമായി ഖത്തർ തിരികെയെത്തി.
ലോകകപ്പ്-ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ നിർണായക അങ്കത്തിൽ സ്വന്തം കാണികളെ സാക്ഷിയാക്കി ഉജ്ജ്വല പോരാട്ടം കാഴ്ചവെച്ച് ഖത്തർ 5-1ന് ഉത്തര കൊറിയയെ തരിപ്പണമാക്കി. വ്യാഴാഴ്ച രാത്രി വൈകി ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ കിക്കോഫ് കുറിച്ച മത്സരത്തിൽ നായകൻ അക്രം അഫീഫ് ഗോളടിച്ചും സഹതാരങ്ങളെകൊണ്ട് അടിപ്പിച്ചും ടീമിനെ മുന്നിൽനിന്നും നയിച്ചു.
ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലെത്തിയ ആരാധകർ
കളിയുടെ 17ാം മിനിറ്റിൽ മുസ്തഫ മഷാലിൽ നിന്നുമെത്തിയ കോർണർ കിക്കിനെ ഉജ്ജ്വലമായി വലയിലേക്ക് അടിച്ചുകയറ്റിക്കൊണ്ടായിരുന്നു അക്രം അഫീഫ് കൊറിയക്കാർക്കെതിരായ വേട്ടക്ക് തുടക്കം കുറിച്ചത്. ആദ്യ മിനിറ്റുകളിൽതന്നെ ലീഡ് പിടിച്ച മികവിൽ ഖത്തർ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു.
ആദ്യ പകുതിപിരിയുമ്പോൾ അഹ്മദ് അൽ ഗാനേഹിയും (23ാം മിനിറ്റ്), കിം യു സോങ്ങും (34, സെൽഫ് ഗോൾ) ഖത്തറിനായി ലീഡുയർത്തി. ഗനേഹിയുടെ ഗോളിലേക്ക് പന്തെത്തിച്ചുകൊണ്ടായിരുന്നു അഫീഫ് അസിസ്റ്റിന് തുടക്കം കുറിച്ചത്. ആദ്യ പകുതിയിൽ 3-0ത്തിന് ലീഡ് നേടിയ ഖത്തർ രണ്ടാം പകുതിയും തങ്ങളുടേതാക്കി. 56ാം മിനിറ്റിൽ അഹ്മദ് അൽ റാവിയും, 66ാം മിനിറ്റിൽ അഹ്മദ് അലഉദ്ദീനും നേടിയ ത്രസിപ്പിക്കുന്ന ഗോളിലേക്ക് മാധ്യനിരയിൽനിന്നും ചരടു വലിച്ചതും അക്രം അഫീഫ് തന്നെയായിരുന്നു.
സ്വന്തം പേരിൽ നേടിയ ഒരു ഗോളിനൊപ്പം, മറ്റു മൂന്ന് ഗോളിന്റെ അസിസ്റ്റുമായി ഏഷ്യയുടെ മികച്ച താരം ടീമിന്റെ തിരിച്ചുവരവിൽ ടീമിന്റെ കപ്പിത്താനായി. കളിയുടെ 86ാം മിനിറ്റിലായിരുന്നു കൊറിയക്കാരുടെ ആശ്വാസ ഗോൾ പിറന്നത്.
പുതിയ പരിശീലകൻ ലൂയി ഗാർഷ്യയുടെ തന്ത്രങ്ങളുമായി മികച്ച ഒത്തിണക്കത്തോടെ നടത്തിയ മുന്നേറ്റങ്ങൾ കളിയെ ഖത്തറിന് അനുകൂലമാക്കി മാറ്റി. അഫീഫ് മധ്യനിര നയിച്ചപ്പോൾ ഗനേഹിയും അൽ റാവിയും മുന്നേറ്റത്തിൽ നായകരായി. സ്റ്റാർ സ്ട്രൈക്കർ അൽ മുഈസ് അലിയില്ലാതെയാണ് ഖത്തർ പന്തു തട്ടിയത്.
ഗ്രൂപ്പിലെ മറ്റു മത്സരങ്ങളിൽ ഇറാനും, ഉസ്ബകിസ്താനും കഴിഞ്ഞ ദിവസങ്ങളിൽ വിജയം നേടിയ പോയന്റ് പട്ടികയിൽ ലീഡ് തുടുരകയാണ്. യു.എ.ഇ 2-0ത്തിന് ഇറാനോട് തോറ്റതോടെ, പോയന്റ് പട്ടികയിൽ ഖത്തറിനൊപ്പമായി. ചൊവ്വാഴ്ച കിർഗിസ്താനെതിരെയാണ് ഖത്തറിന്റെ അടുത്ത മത്സരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.