യെമന്‍ ഹൃദയപൂർവം ഖത്തർ
text_fieldsദോഹ: ആഭ്യന്തര യുദ്ധത്തിൽ ദുരിതത്തിലായ യെമനിലെ ജനങ്ങൾക്ക് ചികിത്സയും ആരോഗ്യ പരിചരണവും ഉറപ്പാക്കി ഖത്തർ ചാരിറ്റിയും ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റിയും. യെമനിലെ തൈസിലെ ഹൃദ്രോഗാശുപത്രിയായ കാർഡിയോ വാസ്കുലർ സെന്ററുമായി സഹകരിച്ച് 404പേർക്ക് ഹൃദയ ചികിത്സ സൗജന്യമായി നൽകിയാണ് ഖത്തർ കരുതലൊരുക്കിയത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, ആഭ്യന്തര സംഘർഷത്തെതുടർന്ന് അഭയാർഥികളായവർ, ഭിന്നഷേിക്കാർ, പ്രായമുള്ളവർ തുടങ്ങിയ വിഭാഗങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് ശസ്ത്രക്രിയ ഉൾപ്പെടെ സങ്കീർണമായ ചികിത്സകൾ പൂർണമായും സൗജന്യമായി ലഭ്യമാക്കിയത്.
ഖത്തർ റെഡ്ക്രസന്റിന്റെയും ഖത്തർ ചാരിറ്റിയുടെയും സഹകരണത്തോടെ തയാറാക്കിയ കാർഡിയാക് കതീറ്ററൈസേഷൻ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിലാണ് ചികിത്സ നൽകിയതെന്ന് ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ. ഉസാമ മുഹമ്മദ് അൽ ഹിലാലി പറഞ്ഞു.
യെമനിലെ വലിയ ഗവർണറേറ്റുകളായ ഇബ്ബ്, അൽ ഹുദൈദ് എന്നിവടങ്ങളിൽനിന്നുള്ള രോഗികൾക്ക് ആശ്രയിക്കാവുന്ന ഏക സർക്കാർ ഹൃദ്രോഗ ആശുപത്രിയാണ് തൈസിലെ കേന്ദ്രം. ഹൃദ്രോഗം കണ്ടെത്താനും, വിദഗ്ധ ചികിത്സ നൽകാനുമുള്ള അത്യാധുനിക സൗകര്യങ്ങളുള്ള സെന്റർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള രോഗികളുടെയും ആശ്രയമാണെന്ന് ഡോ. അൽ ഹിലൈലി പറഞ്ഞു.
ഈ വർഷം ഏപ്രിലിലാണ് ഖത്തർ ചാരിറ്റി, ക്യൂ.ആർ.സി.എസ് എന്നിവയുടെ നേതൃത്വത്തിൽ ചികിത്സ പരിപാടി ആരംഭിച്ചത്. രോഗ നിർണയം മുതൽ വിദഗ്ധ ചികിത്സവരെ ഉറപ്പാക്കി. 41.60 ലക്ഷം റിയാൽ ചിലവിലാണ് ഖത്തറിന്റെ നേതൃത്വത്തിൽ ദൗത്യം പൂർത്തിയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.