ജോർഡൻ വഴി ഗസ്സയിലേക്ക് സഹായവുമായി ഖത്തർ
text_fieldsദോഹ: ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിലേക്ക് ജോർഡൻ വഴി ദുരിതാശ്വാസ സഹായമെത്തിച്ച് ഖത്തർ. താമസത്തിനുള്ള ടെന്റുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മരുന്ന് ഉൾപ്പെടെ 55 ടൺ സഹായ വസ്തുക്കൾ വഹിച്ചുള്ള ട്രക്കുകളാണ് ജോർഡനിൽനിന്ന് ഗസ്സയിലേക്ക് നീങ്ങിയത്.
ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് (ക്യൂ.എഫ്.എഫ്.ഡി) നേതൃത്വത്തിൽ ജോർഡൻ ചാരിറ്റി ഓർഗനൈസേഷൻ പിന്തുണയോടെയാണ് സഹായവസ്തുക്കൾ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്. ജോർഡനിലെ അമ്മാനിൽ നടന്ന ചടങ്ങിൽ ഖത്തർ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ വസ്തുക്കൾ സ്വീകരിച്ച് ലക്ഷ്യസ്ഥാനത്തേക്ക് യാത്രയാക്കി.
ജോർഡൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. സുഫ്യാൻ ഖുദ, ഖത്തർ അംബാസഡർ ശൈഖ് സൗദ് ബിൻ നാസർ ആൽഥാനി, ജോർഡൻ ചാരിറ്റി ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ ഡോ. ഹുസൈൻ അൽ ഷബ്ലി എന്നിവർ പങ്കെടുത്തു. ഗസ്സയിലേക്കുള്ള മാനുഷികസഹായ ദൗത്യത്തിൽ ജോർഡൻ ചാരിറ്റിയുടെ പങ്കാളിത്തത്തിന് മന്ത്രി ലുൽവ ബിൻത് റാഷിദ് നന്ദി അറിയിച്ചു.
2023 ഒക്ടോബറിൽ ഇസ്രായേലിന്റെ ഗസ്സ ആക്രമണം ആരംഭിച്ചത് മുതൽ വിവിധ മാർഗങ്ങളിലൂടെ ഖത്തർ തുടരുന്ന സഹായ ദൗത്യത്തിന്റെ തുടർച്ചയാണ് ജോർഡൻ വഴിയുള്ള ചരക്ക് നീക്കവും. നേരത്തേ ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളം വഴിയും ശേഷം ജോർഡൻ വഴിയും ടൺ കണക്കിന് ദുരിതാശ്വാസ വസ്തുക്കളാണ് ഖത്തർ എത്തിച്ചത്. ഖത്തർ ചാരിറ്റി, ഖത്തർ റെഡ്ക്രസന്റ് തുടങ്ങിയ സംഘടനകളും സജീവമായി പങ്കുചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.